'ആത്മഹത്യ, ഹൃദയാഘാതം എന്നിവയാണ് ഈ ചെറുപ്പക്കാരുടെ മരണങ്ങൾക്ക് കാരണം. എത്രയെത്ര ചെറുപ്പങ്ങളാണ് അടുത്തിടെ വിട പറഞ്ഞു പോയത്. ചിലർ മരണത്തെ സ്വയം സ്വീകരിക്കുമ്പോൾ മറ്റു ചിലർ ഹൃദയം പൊട്ടി മരിക്കുന്നു. പരിഹാരം എത്തിപ്പിടിക്കാൻ കഴിയാതെ പോകുന്ന ജീവിത പ്രശ്നങ്ങളാണ് ഈ മരണങ്ങളിൽ അധികത്തിന്റെയും കാരണം...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

പ്രവാസലോകത്ത് മരണപ്പെട്ടവരെ സ്വന്തം നാടുകളിലേയ്ക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നയാളാണ് സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി. അദ്ദേഹം പങ്കുവയ്ക്കുന്ന അനുഭവങ്ങൾ നിറകണ്ണുകളോടെയാണ് ഏവരും വായിക്കുന്നത്. പ്രവാസികളുടെ ദുരിതകഥയും അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു അനുഭവം അദ്ദേഹം ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കഴിഞ്ഞ ദിവസം മരണപ്പെട്ടവരിൽ അധികവും ചെറുപ്പക്കാരായിരുന്നു. ആത്മഹത്യ, ഹൃദയാഘാതം എന്നിവയാണ് ഈ ചെറുപ്പക്കാരുടെ മരണങ്ങൾക്ക് കാരണം. എത്രയെത്ര ചെറുപ്പങ്ങളാണ് അടുത്തിടെ വിട പറഞ്ഞു പോയത്. ചിലർ മരണത്തെ സ്വയം സ്വീകരിക്കുമ്പോൾ മറ്റു ചിലർ ഹൃദയം പൊട്ടി മരിക്കുന്നു. പരിഹാരം എത്തിപ്പിടിക്കാൻ കഴിയാതെ പോകുന്ന ജീവിത പ്രശ്നങ്ങളാണ് ഈ മരണങ്ങളിൽ അധികത്തിന്റെയും കാരണം.
ജീവിത വഴിയിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ വിവേക പൂർവ്വം കൈകാര്യം ചെയ്യാൻ കഴിയാതെ പോകുന്നതാണ് പലരേയും ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ പ്രേരിപ്പിക്കുന്നത്. പ്രിയപ്പെട്ടവരോട് ഉള്ള് തുറന്ന് സംസാരിച്ചാൽ, വേദനകൾ പങ്ക് വെച്ചാൽ ഒരു പക്ഷേ പരിഹരിക്കാൻ കഴിയുന്ന വിഷയങ്ങളായിരിക്കും.
ജീവിത ഭാരങ്ങൾ ഇറക്കിവെക്കാൻ കഴിയുമാറ് നല്ല സൗഹൃദങ്ങൾ സൃഷ്ടിക്കാൻ പരമാവധി ശ്രമിക്കണം. അതിന് വേണ്ടി ത്യാഗങ്ങൾ സഹിക്കേണ്ടി വന്നാലും. ഓരോ മനുഷ്യനും ഈ ഭൂമിയിൽ വ്യത്യസ്തങ്ങളായ ദൗത്യങ്ങൾ നിർവ്വഹിക്കേണ്ടതുണ്ട്. അത്തരം ദൗത്യങ്ങളെ തിരിച്ചറിയാതെ മറ്റു വിഷയങ്ങളുടെ പിറകേ കൂടി അനാവശ്യമായ വിഷമതകൾ സ്വയം ഏറ്റെടുക്കുകയാണ് പലരും.
പിന്നീട് ഇത്തരം വിഷയങ്ങളിൽ പരിഹാരമില്ലെന്ന് സ്വയം തീരുമാനിച്ച് മരണത്തെ ഏക പരിഹാരമായി വിലയിരുത്തുന്നവരാണ് ആത്മഹത്യ ചെയ്യുന്നവരിൽ അധികവും. ഇത്തരം വികലമായ പ്രവണതകളെ കുറിച്ച് നിരവധി തവണ പറഞ്ഞു പോയിട്ടുണ്ടെങ്കിലും മുന്നിൽ കാണുന്ന യാഥാർഥ്യങ്ങൾ പിന്നെയും പറയിക്കുകയാണ്.
ഇതേ കുറിച്ച് ഇനിയും ഇനിയും പറഞ്ഞു കൊണ്ടേയിരിക്കും. അതുവഴി ഒരു മനുഷ്യ ജീവനെങ്കിലും രക്ഷിക്കാനായെങ്കിൽ അത്രയും നല്ലത്. അത് വഴി ഒരു കുടുംബമായിരിക്കും രക്ഷപ്പെടുക. നന്മകൾക്കായി നമ്മുടെ എളിയ ശ്രമങ്ങൾ തുടർന്ന് കൊണ്ടേയിരിക്കുക.....സർവ്വേശ്വരൻ പ്രതിഫലം തരാതിരിക്കില്ല.... നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരന്മാർക്ക് ദൈവം നല്ലത് വരുത്തട്ടെ.....
Ashraf Thamarasery
https://www.facebook.com/Malayalivartha

























