ബഹ്‌റൈനില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതി കടുത്ത പരിശോധന; മണിക്കൂര്‍ അടിസ്ഥാനത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ നല്‍കുകയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്ത എട്ട സ്ഥാപനങ്ങളെ പിടികൂടി

ബഹ്റൈനില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ)യുടെ പരിശോധനകള്‍ തുടരുന്നു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ്, നാഷണാലിറ്റി, പാസ്‌പോര്‍ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ് എന്നിവയുമായി സഹകരിച്ച് എല്‍എംആര്‍എ നടത്തിയ പരിശോധനകളില്‍ നിയമലംഘനങ്ങള്‍ നടത്തിയ എട്ട് ഏജന്‍സികളെ കണ്ടെത്തി.
മണിക്കൂര്‍ അടിസ്ഥാനത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ നല്‍കുകയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്ത എട്ട സ്ഥാപനങ്ങളെയാണ് പരിശോധനയില്‍ പിടികൂടിയതെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഇവയെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ലേബര്‍ മാര്‍ക്കറ്റ് ആന്‍ഡ് റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച 16 പ്രവാസി തൊഴിലാളികളെയും പിടികൂടി. തൊഴില്‍ പെര്‍മിറ്റ് ലംഘിച്ച പ്രവാസി ഗാര്‍ഹിക തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടും.
അതിനിടെ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്‍ത് തൊഴില്‍ തട്ടിപ്പ് നടത്തിയ രണ്ട് പ്രവാസികള്‍ക്ക് ബഹ്റൈനില്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു . ലൈസന്‍സില്ലാതെ എംപ്ലോയ്‍മെന്റ് ഏജന്‍സി നടത്തിയതിന് ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ലോവര്‍ ക്രിമനല്‍ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.
രണ്ട് പ്രവാസികള്‍ക്കും 3000 ദിനാര്‍ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ ബഹ്റൈനില്‍ നിന്ന് നാടുകടത്തും. മെച്ചപ്പെട്ട ശമ്പളത്തോടെയുള്ള നല്ല തൊഴിലവസരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യം ചെയ്‍താണ് ഇവര്‍ ആളുകളെ കെണിയില്‍ വീഴ്ത്തിയിരുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. തുടര്‍ന്ന് പണം വാങ്ങിയ ശേഷം തൊഴില്‍ രഹിതരെ ബഹ്റൈനിലേക്ക് കൊണ്ടുവരികയും ചെയ്‍തു. ആവശ്യമായ അനുമതികളോ ലൈസന്‍സോ ഇല്ലാതെയാണ് ഇവര്‍ ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചത്. അന്വേഷണത്തില്‍ രണ്ട് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തി. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വ്യാജ വാഗ്ദാനങ്ങളില്‍ കുടുങ്ങി ബഹ്റൈനില്‍ എത്തുന്ന നിരവധിപ്പേര്‍ ഇങ്ങനെ ചൂഷണങ്ങള്‍ക്ക് ഇരയാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളാണ് ഇപ്പോള്‍ അധികൃതര്‍ സ്വീകരിക്കുന്നത്.
തുടര്‍ച്ചയായ പരിശോധനകളിലൂടെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. രാജ്യത്തെ തൊഴില്‍ വിപണിയിലെ നിയമവിരുദ്ധ പ്രവണതകള്‍ തടയാനുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നിയമലംഘനങ്ങള്‍ 17506055 എന്ന നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കണമെന്നാണ് നിര്‍ദേശം.
കുവൈത്തിലും നിയമലംഘകരായ പ്രവാസികളെ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം സുലൈബിയയിലെ ഫാം ഏരിയകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 142 പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ മൂന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷനാണ് പരിശോധന നടത്തിയത്. മറ്റ് വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരെയും താമസ നിയമങ്ങള്‍ പാലിക്കാത്തവരെയും ഉള്‍പ്പെടെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന നടന്നുവരികയാണ്.
സൗദി അറേബ്യയില്‍ അനധികൃതമായി ടാക്സി സര്‍വീസ് നടത്തിയ നാല്‍പതിലധികം പ്രവാസികളെ കഴിഞ്ഞ ആഴ്ച നാടുകടത്തിയെന്ന് റിപ്പോര്‍ട്ട് ഉണ്ട് . തുറൈഫില്‍ നിന്ന് പിടിക്കപ്പെട്ടവരെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി പ്രവാസികളെ തുറൈഫില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും ഇത്തരത്തില്‍ അധികൃതര്‍ പിടികൂടിയിരുന്നു
https://www.facebook.com/Malayalivartha

























