ഒട്ടും വിട്ടുവീഴ്ചയില്ല... 3 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ടു പുതിയ പോര്‍മുഖം തുറന്ന് ഗവര്‍ണര്‍; വിസി നിയമനത്തിന് സേര്‍ച് കമ്മിറ്റി രൂപീകരിക്കാനായി യുജിസി പ്രതിനിധിയെ അനുവദിക്കാന്‍ ഗവര്‍ണറുടെ നീക്കം; നയപ്രഖ്യാപനത്തോടെ സഭാ സമ്മേളനം ഇന്ന് തുടങ്ങും; വിഷയങ്ങളേറെ

നിയമസഭയില്‍ ഭരണ പ്രതിപക്ഷവും ഗവര്‍ണറും ഒത്തുകൂടുകയാണ്. നയപ്രഖ്യാപനത്തിനായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നു നിയമസഭയിലെത്തുന്നത്. അതേസമയം അതു മഞ്ഞുരുകല്‍ ആവില്ലെന്ന് വ്യക്തം. 3 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ടു പുതിയ പോര്‍മുഖം തുറന്നതിനു പിന്നാലെയാണ് അദ്ദേഹം ഇന്നു സര്‍ക്കാരിനെയും സാമാജികരെയും അഭിസംബോധന ചെയ്യാനെത്തുന്നത്.
സര്‍വകലാശാള നിയമനങ്ങളില്‍ തര്‍ക്കം നടക്കുകയാണ്. മലയാളം, കുസാറ്റ്, എംജി സര്‍വകലാശാലകളില്‍ വിസി നിയമനത്തിന് സേര്‍ച് കമ്മിറ്റി രൂപീകരിക്കാനായി യുജിസി പ്രതിനിധിയെ അനുവദിക്കാന്‍ ഗവര്‍ണര്‍ നടത്തിയ നീക്കമാണ് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. കര്‍ണാടക സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിസി പ്രഫ. ബട്ടു സത്യനാരായണ (മലയാളം), മിസോറം സര്‍വകലാശാല മുന്‍ വിസി പ്രഫ. കെ.ആര്‍.എസ്. സാംബശിവ റാവു (എംജി), ഹൈദരാബാദ് ഇംഗ്ലിഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി വിസി പ്രഫ. ഇ.സുരേഷ്‌കുമാര്‍ (കുസാറ്റ്) എന്നിവരാണ് യുജിസി പ്രതിനിധികള്‍.
മൂന്നിടങ്ങളില്‍ യുജിസി പ്രതിനിധികളായതോടെ ചാന്‍സലര്‍ എന്ന നിലയില്‍ തന്റെ പ്രതിനിധിയെയും ഉള്‍പ്പെടുത്തി ഗവര്‍ണര്‍ക്ക് സേര്‍ച് കമ്മിറ്റി രൂപീകരണവുമായി മുന്നോട്ടുപോകാം. അഞ്ചംഗ സേര്‍ച് കമ്മിറ്റി രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിലവിലില്ലാത്ത നിയമപ്രകാരമാണെന്നും നിയമനത്തിനുള്ള മൂന്നംഗ സേര്‍ച് കമ്മിറ്റി രൂപീകരിക്കേണ്ടതു തന്റെ ചുമതലയാണെന്നുമാണ് ഗവര്‍ണറുടെ നിലപാട്.
താന്‍ ഇതുവരെ ഒപ്പു വയ്ക്കാത്ത സര്‍വകലാശാലാ നിയമഭേദഗതി പ്രകാരം വിസി നിയമനത്തിനു സേര്‍ച് കമ്മിറ്റിയുണ്ടാക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് തിടുക്കത്തില്‍ യുജിസി പ്രതിനിധികളെ അനുവദിപ്പിച്ച ഗവര്‍ണറുടെ നടപടിക്കു പിന്നിലെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടുത്ത നീക്കം വരാനിരിക്കുന്നതേയുള്ളൂ. മലയാള വാഴ്‌സിറ്റി വിസിക്കായുള്ള സേര്‍ച് കമ്മിറ്റി രൂപീകരണത്തില്‍ തനിക്കാണ് അധികാരമെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു. 2018ലെ യുജിസി ചട്ടങ്ങളാണ് ഇതിനു ബാധകമായി ചൂണ്ടിക്കാട്ടുന്നത്. ചാന്‍സലറായ തന്റെ അധികാരങ്ങള്‍ നഷ്ടപ്പെടുത്തുന്ന നടപടികള്‍ക്കെതിരെ ഗവര്‍ണര്‍ നല്‍കിയ കേസ് സുപ്രീം കോടതി വരുംദിവസങ്ങളില്‍ പരിഗണിക്കും.
അതേസമയം പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ഇന്ന് തുടക്കമാകും. ബജറ്റ് അവതരണമാണ് പ്രധാന അജണ്ട. ഫെബ്രുവരി 3 നാണ് സംസ്ഥാന ബജറ്റ്. നിയമസഭാ കലണ്ടറിലെ ദൈര്‍ഘ്യമേറിയ സമ്മേളനമാണ് ഇത്. ഇന്ന് തുടങ്ങി മാര്‍ച്ച് 30 വരെയാണ് നിയമസഭ ചേരുക. സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപനത്തില്‍ വലിയ മാറ്റങ്ങളൊന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നാണ് വിവരം.
സാമ്പത്തിക ഞെരുക്കത്തില്‍ കേന്ദ്രത്തെ പഴിചാരുന്ന പരാമര്‍ശങ്ങളടക്കം നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും. ഗവര്‍ണറോടുള്ള എതിര്‍പ്പുകാരണം നയപ്രഖ്യാപനം ഒഴിവാക്കുന്നത് പോലും സര്‍ക്കാര്‍ ചിന്തിച്ചിരുന്നെങ്കിലും, അനുനയ അന്തരീക്ഷം തെളിഞ്ഞതോടെയാണ് നയപ്രഖ്യാപന പ്രസംഗം നടക്കുന്നത്. അതേസമയം സാമ്പത്തിക ഞെരുക്കം, ധൂര്‍ത്ത് പൊലീസ്- ഗുണ്ടാ ബന്ധം തുടങ്ങിയ വിഷയങ്ങള്‍ സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം.
സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യസുരക്ഷ, ബഫര്‍ സോണ്‍ പ്രതിസന്ധി എന്നിവയ്ക്ക് ഈ സഭാ കാലയളവില്‍ ഊന്നല്‍ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൊതു വിഷയങ്ങളില്‍ കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത നീക്കത്തിന് പ്രതിപക്ഷം സന്നദ്ധമാണ് പക്ഷെ സാമ്പത്തിക പ്രതിസന്ധി പ്രധാനമായും സംസ്ഥാനത്തിന്റെ ഭാഗത്തുള്ള വീഴ്ചയാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണറും സര്‍ക്കാറും തമ്മിലെ തര്‍ക്കങ്ങളും അനുനയവും, പൊലീസ്-ഗുണ്ടാ ബന്ധവുമെല്ലാം ഇനി സഭയില്‍ വലിയ ചര്‍ച്ചയാകും. ഗവര്‍ണറോടുള്ള യുദ്ധ പ്രഖ്യാപനമായി നയപ്രഖ്യാപന പ്രസംഗം നീട്ടിവെക്കാന്‍ വരെ ആലോചിച്ച സര്‍ക്കാര്‍. മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ സര്‍ക്കാറിനെ വെള്ളം കുടിപ്പിച്ച ഗവര്‍ണര്‍. എന്തും സംഭവിക്കാവുന്ന സ്ഥിതിയില്‍ നിന്ന് പെട്ടെന്നുള്ള അനുനയമാണ് സഭാ സമ്മേളനത്തിലെത്തി നില്‍ക്കുന്നത്. സജിയുടെ സത്യപ്രതിജ്ഞക്ക് ഗവര്‍ണറുടെ പച്ചക്കൊടി ലഭിച്ചതോടെ വിവാദം അലിഞ്ഞുതുടങ്ങിയതാണ് നയപ്രഖ്യാപന പ്രസംഗത്തോടെ പുതിയ വര്‍ഷത്തിലെ സമ്മളനം തുടങ്ങാന്‍ സാഹചര്യമായത്.
https://www.facebook.com/Malayalivartha