യുഎഇയിൽ കനത്ത മൂടൽമഞ്ഞ്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, വാഹനമോടിക്കുന്നവർ പ്രധാന റോഡുകളിലെ വേഗപരിധി മാറ്റുന്നത് ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

യുഎഇയിൽ രാവിലെ കനത്ത മൂടൽമഞ്ഞാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. മൂടൽമഞ്ഞ് ശക്തമാകുന്നതിനാൽ അബുദാബിയുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞിനെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ 9.15 വരെയാണ് ജാഗ്രതാ നിർദേശം ഉണ്ടായിരുന്നത്.യുഎഇയിലെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോറോളജി ദൂരക്കാഴ്ച കുറയുന്നത് സംബന്ധിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മൂടൽമഞ്ഞ് വാഹനമോടിക്കുന്നവർക്ക് തടസം സൃഷ്ടിക്കുന്നു.
അതിനാൽ വേഗത കുറച്ച് യാത്ര ചെയ്തില്ലെങ്കിൽ അപകടം സംഭവിക്കാം. പ്രധാന റോഡുകളിലെ വേഗപരിധി മാറ്റുന്നത് ശ്രദ്ധിക്കണമെന്ന് അബുദാബി പൊലിസ് വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു. ഇലക്ട്രോണിക് സൈൻ ബോർഡുകളിൽ ഇവ പ്രദർശിപ്പിക്കും.മഞ്ഞ് ഇല്ലാത്ത സമയത്ത് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയാകും ഇന്ന് അനുഭവപ്പെടുക.
അബുദാബിയിൽ 16 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 18 ഡിഗ്രി സെൽഷ്യസിലേക്കും പകൽ മുഴുവൻ താപനില താഴും.രണ്ട് എമിറേറ്റുകളിലെയും കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ചില ഉൾപ്രദേശങ്ങളിൽ രാത്രിയും ബുധനാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. വീണ്ടും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.
അതേസമയം, അടുത്ത ഞായറാഴ്ച മുതൽ കുവൈത്തിൽ തണുപ്പ് കൂടും. ശബാത്ത് സീസൺ 26 ദിവസം വരെ നീണ്ടു നിൽക്കുമെന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റർ വ്യക്തമാക്കി. ഈ ദിവസങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് വളരെ കുറയുകയും തണുപ്പ് കനക്കുകയും ചെയ്യും.അൽ മുറബ്ബനിയ സീസൺ ജനുവരി 13ന് അവസാനിച്ചതായും അൽ ഉജൈരി സയന്‍റിഫിക് സെന്‍റർ വ്യക്തമാക്കി.
ഞായറാഴ്ച ആരംഭിക്കുന്ന സീസണിനെ അൽ-നയിം, അൽ-ബലാദ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. ഓരോന്നും 13 ദിവസം നീണ്ടുനിൽക്കും. കനത്ത മഞ്ഞും ശക്തമായ കാറ്റും ഈ സീസണിലുണ്ടാകും.മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കാഴ്ചാപരിധി കുറയുമെന്നും യാത്രക്കാർ ശ്രദ്ധിക്കണമെന്നും കുവൈറ്റ് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി മുന്നറിയിപ്പ് നൽകി. കാറ്റ് തെക്ക് കിഴക്കൻ ഭാഗത്ത് നിന്ന് വടക്ക് പടിഞ്ഞാറോട്ട് മാറുന്നതിനാൽ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് വീണ്ടും ഉയരുമെന്ന് അൽ-ഖറാവി പറഞ്ഞു.
https://www.facebook.com/Malayalivartha