പ്രവാസി തൊഴിലാളികൾക്ക് തിരിച്ചടി, ബഹ്റൈനിൽ വർക്ക് പെർമിറ്റ് ഫീസ് 10 ശതമാനമോ അതിൽ കൂടുതലോ വർദ്ധിപ്പിക്കാൻ സാധ്യത

യുഎഇ, സൗദി, കുവൈത്ത് തുടങ്ങിയ ഗൾഫ് രാഷ്ട്രങ്ങൾ എല്ലാം ഈ വർഷവും സ്വദേശിവത്ക്കരണം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. യുഎഇയില്‍ ഈ വർഷം രണ്ടാംഘട്ട സ്വദേശിവത്ക്കരണം തുടങ്ങി കഴിഞ്ഞു. ഇപ്പോൾ പ്രവാസികളെ ആശങ്കയിലാക്കി വർക്ക് പെർമിറ്റ് ഫീസ് വർധിപ്പിക്കാൻ തിരക്കിട്ട ആലോചനയിലാണ് ഗൾഫ് രാഷ്ട്രം. സ്വദേശിവത്കരണത്തിന് ആക്കം കൂട്ടുന്നതിന്റെ ഭാഗമായി ബഹ്‌റൈനാണ് ഇത്തരമൊരു നീക്കം ആലോചിക്കുന്നത്.
പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസ് 10 ശതമാനമോ അതിൽ കൂടുതലോ വർധിപ്പിക്കാനാണ് സാധ്യത. ധനകാര്യമന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയുടെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ പ്രതിനിധി സംഘമാണ് ഇതുസംബന്ധിച്ച നിർദേശം പാർലമെന്റ്, ശൂറ അംഗങ്ങൾക്ക് മുന്നിൽവച്ചത്. 2025 ജനുവരി ഒന്നിന് ഈ മാറ്റം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ആലോചിക്കുന്നത്.
മൂന്ന് ഒപ്ഷനുകളാണ് സമിതി അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ, ഒരു പ്രവാസി തൊഴിലാളിയുടെ പെർമിറ്റ് നൽകുന്നതിനും പുതുക്കുന്നതിനും 100 ദിനാറാണ് ഈടാക്കുന്നത്. ആരോഗ്യ പരിരക്ഷാ ചെലവിനത്തിൽ 72 ദിനാറും അഞ്ചുവരെ തൊഴിലാളികളുള്ള ബിസിനസുകൾക്ക് പ്രതിമാസ ഫീസായി അഞ്ച് ദീനാർ വീതവും ഈടാക്കുന്നു. അഞ്ചിലധികം തൊഴിലാളികളുള്ള ബിസിനസുകൾക്ക് 10 ദിനാർ വീതമാണ് ഓരോ തൊഴിലാളിക്കും അടക്കേണ്ടത്.
പുതിയ ശുപാർശയിലെ ആദ്യ ഒപ്ഷനനുസരിച്ച് തൊഴിലാളിയുടെ പെർമിറ്റ് നൽകുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് നൂറിൽനിന്ന് 200 ആയി വർധിപ്പിക്കും. ആരോഗ്യ സംരക്ഷണത്തിന് 144 ദിനാറാക്കും. അഞ്ചുവരെ തൊഴിലാളികളുള്ള ബിസിനസിന് പ്രതിമാസ ഫീസ് 10 ആക്കും.അഞ്ചിലധികം തൊഴിലാളികളുള്ള ബിസിനസുകൾക്ക് 10 ദീനാർ വീതമെന്നത് 20 ആയും വർധിപ്പിക്കും.
രണ്ടാമത്തെ ഒപ്ഷനിൽ തൊഴിലാളിയുടെ പെർമിറ്റ് നൽകുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് 10 ശതമാനം വർധിപ്പിച്ച് 110 ദിനാർ ആക്കും. ആരോഗ്യ സംരക്ഷണ ഫീസ് 10 ശതമാനം മുതൽ 80 ദീനാർ വരെ വർധിപ്പിക്കും. അഞ്ചുവരെ തൊഴിലാളികളുള്ള ബിസിനസിന് 10 ദീനാറായും അഞ്ചിലധികം തൊഴിലാളികളുണ്ടെങ്കിൽ 20 ദീനാർ ആയും പ്രതിമാസ ഫീസ് വർധിപ്പിക്കും.
മൂന്നാമത്തെ ഒപ്ഷനിൽ പെർമിറ്റ് നൽകുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് 970 ദീനാറാക്കും. ആരോഗ്യ പരിരക്ഷ 144 ദിനാറായും അഞ്ചുവരെ തൊഴിലാളികളുള്ള ബിസിനസിന് പ്രതിമാസ ഫീസ് 50 ദിനാറായും അഞ്ചിലധികം തൊഴിലാളികളുണ്ടെങ്കിൽ 80 ആയും വർധിപ്പിക്കാനാണ് ശുപാർശ.
https://www.facebook.com/Malayalivartha