രാജകാരുണ്യത്താല്‍ മലയാളികള്‍ക്ക് വധ ശിക്ഷയില്‍ നിന്ന് മോചനം

സൗദിയില്‍ കോളിളക്കം സൃഷ്ടിച്ച സെന്‍മോന്‍ വധക്കേസ് പ്രതികള്‍ ഒടുവില്‍ രാജകാരുണ്യത്താല്‍ മോചിതരായി. സഹപ്രവര്‍ത്തകനെ കഴുത്ത് മുറുക്കി കത്തികൊണ്ട് കുത്തിക്കൊന്ന കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലപ്പുറം വഴിക്കടവ് സ്വദേശി സജിത്ത് സേതുമാധവനും കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി അബ്ദുല്‍ റസാഖിനുമാണ് സല്‍മാന്‍ രാജാവിന്റെ ദയാവായ്പില്‍ മോചനം ലഭിച്ചത്. പ്രതികള്‍ക്ക് സെന്‍മോന്റെ കുടുംബം നേരത്തെ മാപ്പ് നല്‍കിയിരുന്നെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ച് കോടതി പ്രതികള്‍ക്ക് വധശിക്ഷയും തടവും വിധിച്ചതായിരുന്നു.
ഇവര്‍ക്ക് സെന്‍മോന്റെ കുടുംബം മാപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഖമീസ് മുശൈത്തിലെ പ്രവാസി സമുഹത്തിനിടയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. നീതിന്യായ വകുപ്പ് മുഖേന നല്‍കിയ ദയാ ഹര്‍ജിയില്‍ എട്ടു വര്‍ഷത്തോളം തടവ് അനുഭവിച്ച പ്രതികള്‍ക്ക് മോചനം നല്‍കാന്‍ രാജാവ് അനുമതി നല്‍കിയിരിക്കയാണിപ്പോള്‍. രണ്ടു പേരെയും നാട്ടിലേക്ക് കയറ്റി അയക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
2008 മാര്‍ച്ച് ഏഴിനാണ് പ്രവാസി സമൂഹത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. 'സൗദി സീഫുഡില്‍ ഡ്രൈവറായിരുന്നു കൊല്ലപ്പെട്ട പത്തനംതിട്ട മൈലപ്രം സ്വദേശി സെന്‍മോന്‍. ഖമീസില്‍ നിന്ന് വന്‍തുകയുമായി ജീസാനിലേക്ക് പോവുകയായിരുന്ന സെന്‍മോന്റെ വാഹനത്തില്‍ സുഹൃത്തുക്കളും മുന്‍ സഹപ്രവര്‍ത്തകരുമായിരുന്ന സജിത്തും റസാഖും തന്ത്രപൂര്‍വം കയറി.
അബഹ ഖമീസ് റോഡിലെ സൗദി ജര്‍മന്‍ ഹോസ്പിറ്റലിന്റെ പിറകുവശത്ത് എത്തിയപ്പോള്‍ മുണ്ട് കഴുത്തില്‍ മുറുക്കിയശേഷം കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം വാഹനത്തിലുപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. പതിനായിരം റിയാല്‍ കവരുകയും ചെയ്തു. മാര്‍ച്ച് 11നാണ് മൃതദേഹം കണ്ടെത്തിയത്.
തന്നെ കുത്തിയ കത്തി പിടിച്ചു വാങ്ങി സെന്‍മോന്‍ പ്രതി അബ്ദുല്‍ റസാഖിനെ തിരിച്ചു കുത്തിയിരുന്നു.
പരിക്കേറ്റ റസാഖ് അബഹയിലെ അസീര്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടി. മഹായില്‍ നിന്ന് അബഹക്ക് വരുമ്പോള്‍ താന്‍ കവര്‍ച്ചക്കിരയായെന്നും അക്രമികള്‍ കുത്തിയെന്നുമായിരുന്നു റസാഖ് പറഞ്ഞ നുണക്കഥ. സെന്‍മോന്‍ കൊല്ലപ്പെട്ട ദിവസം തന്നെ അദ്ദേഹത്തിന്റെ സുഹൃത്തായ റസാഖിനും കുത്തേറ്റുവെന്ന കഥയില്‍ സംശയം തോന്നിയ അബഹയിലെ മലയാളികളായ സാമൂഹിക പ്രവര്‍ത്തകര്‍ പൊലീസിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്.
പോലിസിന്റെ ചോദ്യം ചെയ്യലില്‍ സത്യം വെളിപ്പെടുത്തിയ റസാഖ് കൂട്ടുപ്രതി സജിത്ത് നാട്ടിലേക്ക് രക്ഷപ്പെടാന്‍ ജിദ്ദയിലേക്ക് തിരിച്ചതായും മൊഴി നല്‍കി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ എയര്‍പോര്‍ട്ടിലേക്ക് പോവാന്‍ ബസ്് കാത്തു നില്‍ക്കുന്നതിനിടെ ജിദ്ദയില്‍ വെച്ച് പൊലീസ് സജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതി കൊല നടത്തിയ സജിത്തിന് വധശിക്ഷയും സഹായിച്ച റസാഖിന് 17 വര്‍ഷത്തെ കഠിന തടവും വിധിച്ചു. വിധിക്കുശേഷം 2009ല്‍ മക്കയിലെ സുപ്രീം കോടതിയില്‍ പ്രതികള്‍ ശിക്ഷ ഇളവു ചെയ്തു കിട്ടാന്‍ നല്‍കിയ അപ്പീല്‍ തള്ളി.
അതേസമയം സെന്‍മോന്റെ കുടുംബം 2010 ഏപ്രില്‍ മാസം വധശിക്ഷക്ക് വിധിക്കപ്പെട്ട ഷാജിയെന്ന സജിത് സേതുമാധവന് ദിയാധനം കൈപ്പറ്റി മാപ്പ് കൊടുക്കാന്‍ തയാറായി. അബ്ദുല്‍റസാഖിന് പിന്നേയും നാളുകള്‍ കഴിഞ്ഞാണ് കുടുംബം മാപ്പ് നല്‍കിയത്. എന്നാല്‍ പൊലീസ് സ്വമേധയാ ചാര്‍ജ് ചെയ്തകേസില്‍ 2015ല്‍ റിയാദിലെ ക്രിമിനല്‍ കോടതി സജിത്തിനും അബ്ദുല്‍ റസാഖിനും വധശിക്ഷ വിധിക്കുകയായിരുന്നു. ആ വിധിക്കെതിരെ രാജാവിന് നല്‍കിയ ദയാഹര്‍ജിയാണ് പരിഗണിക്കപ്പെട്ടത്.
സെന്‍മോന്റെ കുടുംബം ഇരുവര്‍ക്കും മാപ്പ് നല്‍കിയതാണെന്നും രാജാവില്‍ നിന്നും ദയാവായ്പുണ്ടാകണമെന്നുമായിരുന്നു അപേക്ഷ. ഇത് പരിഗണിച്ചാണ് രാജ കാരുണ്യത്തില്‍ മലയാളികള്‍ മോചിതരായിരിക്കുന്നത്.
https://www.facebook.com/Malayalivartha