കുവൈത്തില്‍ വിദേശികള്‍ക്കായി റസിഡന്‍സി കാര്‍ഡ് ഏര്‍പ്പെടുത്തുന്ന പദ്ധതി ഉടന്‍ പ്രാബല്യത്തില്‍

കുവൈത്തില്‍ വിദേശികള്‍ക്കായി റസിഡന്‍സി കാര്‍ഡ് ഏര്‍പ്പെടുത്തുന്ന പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം.ഇഖാമ സ്റ്റിക്കറിന് പകരം പാസ്‌പോര്‍ട്ട്, സിവില്‍ ഐഡി ഡാറ്റകളും സ്‌പോണ്‍സറെ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തിയ സ്മാര്‍ട്ട് കാര്‍ഡ് നടപ്പാക്കാനാണ് പദ്ധതി. താമസകാര്യ വകുപ്പ് മേധാവി മേജര്‍ ജനറല്‍ തലാല്‍ മഅ്‌റഫിയാണ് പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.റെസിഡന്‍സി കാര്‍ഡ് വരുന്നതോടെ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ പിടിച്ചു വെക്കുന്ന സാഹചര്യം ഇല്ലാതാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. റെസിഡന്‍സി സ്മാര്‍ട്ട് കാര്‍ഡ് പദ്ധതിയുടെ രൂപരേഖ നിയമപരമായ അംഗീകാരത്തിനായി വിട്ടിരിക്കുകയാണ്. ലെജിസ്ലേറ്റിവ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിനുശേഷം പാസ്‌പോര്‍ട്ട് പൗരത്വകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയുടെ അംഗീകാരത്തോടെ പദ്ധതി നടപ്പാക്കും.
റെസിഡന്‍സ് പെര്‍മിറ്റ് അഥവാ ഇക്കാമ പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ രൂപത്തില്‍ പതിച്ചുനല്‍കുന്ന നിലവിലെ രീതിക്കു പകരമായാണ് റെസിഡന്‍സി കാര്‍ഡുകള്‍ നല്‍കുക.സിവില്‍ ഐഡി കാര്‍ഡ് പോലെ പുതുക്കാന്‍ കഴിയുന്നതായിരിക്കും ഇത്.സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി നടപ്പാക്കിത്തുടങ്ങിയാല്‍ ഇഖാമ പാസ്‌പോര്‍ട്ടില്‍ പതിക്കുന്ന രീതി അവസാനിപ്പിക്കും. രാജ്യത്തുനിന്ന് പുറത്തുപോവുന്നതിനും തിരിച്ചുവരുന്നതിനും വിമാനത്താവളങ്ങളിലും മറ്റു അതിര്‍ത്തികളിലും പാസ്‌പോര്‍ട്ടിനൊപ്പം റെസിഡന്‍സി കാര്‍ഡും ഹാജരാക്കേണ്ടിവരുമെങ്കിലും സിവില്‍ ഐഡിയിലും പാസ്‌പോര്‍ട്ടിലുമുള്ള വിവരങ്ങള്‍ ഒറ്റകാര്‍ഡില്‍ ഉള്‍ക്കൊള്ളിക്കുന്നത് വിദേശികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha