ഗള്‍ഫ് വിനിമയ നിരക്കില്‍ വന്‍വര്‍ധന, മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

രൂപയുടെ മൂല്യം കൂടുതല്‍ ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സിയുമായുള്ള വിനിമയ നിരക്കില്‍ വന്‍വര്‍ധന. ഖത്തര്‍ റിയാലിന് 18.79 രൂപ വരെയായി. മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. യുഎഇ ദിര്‍ഹത്തിന് എട്ടുമാസത്തെ ഉയര്‍ന്ന നിരക്കായ 18.73 രൂപയിലെത്തി. കുവൈത്ത് ദിനാറിന് 224.25 രൂപയാണ് ഇന്നലെ മണി എക്‌സ്‌ചേഞ്ചുകള്‍ നല്‍കിയത്. ആറുമാസത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണിത്. മൂല്യം ഉയര്‍ന്നെങ്കിലും നാട്ടിലേക്ക് പണമയയ്ക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടില്ലെന്ന് വിവിധ രാജ്യങ്ങളിലെ മണി എക്‌സ്‌ചേഞ്ച് അധികൃതര്‍ പറഞ്ഞു. നാട്ടിലെ ബാങ്കിങ് അനശ്ചിതത്വം മൂലം പത്തു ശതമാനത്തില്‍ താഴെ മാത്രമാണു നാട്ടിലേക്കുള്ള പണമയ്ക്കലെന്നു ഖത്തറിലെ പണമിടപാട് സ്ഥാപനങ്ങള്‍ പറയുന്നു.
നിരക്ക് ഉയര്‍ന്നു നില്‍ക്കുമ്‌ബോള്‍ സാധാരണ ഗതിയില്‍ നാട്ടിലേക്ക് ഉണ്ടാകാറുള്ള പണമൊഴുക്ക് ഇത്തവണയുണ്ടായിട്ടില്ല. ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ വഴി എത്രയും പെട്ടെന്ന് പണം നാട്ടിലെത്തിക്കുന്ന കാഷ് പേഔട്ട് സംവിധാനം വഴിയുള്ള ഇടപാടും ഗണ്യമായി കുറഞ്ഞു. നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്കു പണമയയ്ക്കുന്ന രീതിയാണ് ഇപ്പോള്‍ കൂടുതല്‍.
2013 ഓഗസ്റ്റിലാണ് രൂപയുടെ മൂല്യം ഏറ്റവും ഇടിഞ്ഞത്. അന്നു വിനിമയ നിരക്ക് 18.80 രൂപയില്‍ എത്തി. മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്ന കോടിക്കണക്കിനു രൂപയുടെ 1000, 500 അസാധു നോട്ടുകള്‍ എന്തു ചെയ്യണമെന്നത് സംബന്ധിച്ച് ഇന്ത്യന്‍ റിസര്‍വ് ബാങ്കില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഇതു കണക്കിലെടുത്തു ചില സ്ഥാപനങ്ങള്‍ ഇവ കുറഞ്ഞനിരക്കില്‍ പ്രവാസികള്‍ക്കു കൈമാറ്റം ചെയ്യുന്നതായി സൂചനയുണ്ട്. ഖത്തറില്‍ 3000 റിയാലിന് വരെ ഒരു ലക്ഷം രൂപ നല്‍കിയ സ്ഥാപനങ്ങളുണ്ട്. ബാങ്ക് നിരക്ക് 56,000 രൂപ വരെ മാത്രമാണ്.
https://www.facebook.com/Malayalivartha