പാക്കിസ്ഥാന്‍ ഭരണകൂടത്തെ വിറപ്പിച്ച മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്കു യുഎസില്‍ അഭയം

പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ പാക്ക് പട്ടാളം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ പ്രതികരിച്ച പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക 32-കാരിയായ ഗുലാലായ് ഇസ്മയില്‍ യുഎസിലേക്കു പലായനം ചെയ്തു. പതിനാറാമത്തെ വയസ്സില്‍ 'അവെയര്‍ ഗേള്‍സ്' എന്ന പേരില്‍ ഒരു എന്‍ജിഒ സ്ഥാപിച്ച് അനീതിക്കെതിരെ പോരാടിയ ഗുലാലായ് എന്നും പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്നു. രാജ്യത്തിന്റെ ഓരോ കോണിലും പാക്കിസ്ഥാന്‍ സൈന്യം ഗുലാലായ് ഇസ്മയിലിനായി തിരച്ചില്‍ നടത്തുമ്പോഴാണ് ഈച്ച പോലും അറിയാതെ അവര്‍ രാജ്യം വിട്ടത്.
നൂറുകണക്കിനു പഷ്തൂണ്‍ സ്ത്രീകളെ പാക്കിസ്ഥാന്‍ സൈനികര്‍ ലൈംഗിക അടിമകളാക്കുകയും വില്‍ക്കുകയും ചെയ്യുന്നതായി ആരോപണം ഉയര്‍ത്തിയ ഗുലാലായുടെ സാന്നിധ്യം പോലും പാക്ക് ഭരണകൂടത്തെ അസ്വസ്ഥമാക്കിയിരുന്നു. രാജ്യാന്തര തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഗുലാലായിയെ എക്‌സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റില്‍പെടുത്തി രാജ്യം വിടുന്നത് പാക്കിസ്ഥാന്‍ വിലക്കിയിരുന്നു.
വിമാനമാര്‍ഗമല്ല യുഎസില്‍ എത്തിയതെന്നും ഒളിവില്‍ കഴിയാനും രാജ്യം വിടാനും തന്നെ സഹായിച്ചവരുടെ ജീവന്‍ അപകടത്തില്‍പെട്ടേക്കാം എന്നുള്ളതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയുന്നില്ലെന്നും രാജ്യാന്തര മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ ഗുലാലായ് പറഞ്ഞു.
ശ്രീലങ്ക വഴിയാണ് ഇവര്‍ യുഎസില്‍ എത്തിയതെന്നാണ് നിഗമനം. പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് ആ വഴി പാസ്‌പോര്‍ട്ട് ഇല്ലാതെ യാത്ര ചെയ്യാം. മാസങ്ങളായി ഒളിവിലായിരുന്നുവെന്നും ഭീകരമായ ദിനങ്ങളാണു കഴിഞ്ഞു പോയതെന്നും ഗുലാലായ് ഇസ്മയില്‍ പ്രതികരിച്ചു. ഗുലാലായ് ഇപ്പോള്‍ സഹോദരിക്കൊപ്പം ന്യൂയോര്‍ക്കിലാണെന്നും രാഷ്ട്രീയ അഭയം നല്‍കണമെന്ന് യുഎസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭരണകൂട വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയെന്നായിരുന്നു ഗുലാലായ്‌ക്കെതിരെ പാക്ക് ഭരണകൂടം ഉയര്‍ത്തിയ പ്രധാന ആരോപണം. ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യാന്‍ പൗരന്‍മാരെ പ്രേരിപ്പിക്കുന്നതാണു ഗുലാലായിയുടെ പ്രസംഗങ്ങള്‍ എന്നും ഭരണകൂടം വിധിയെഴുതി. ഭീകരര്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നുവെന്നാണ് ഗുലാലായിയുടെ കുടുംബത്തിനു മേല്‍ പാക്ക് ഭരണകൂടം ഉന്നയിക്കുന്ന മറ്റൊരു ആരോപണം.
ഗുലാലായ് രാജ്യം വിട്ടതായി സംശയിക്കുന്നതായും പാക്ക് സുരക്ഷാസേന നിഴല്‍ പോലെ പുറകെയുണ്ടെന്നും പാക്കിസ്ഥാന്‍ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. എന്നാല്‍ വിമാനത്താവളങ്ങളില്‍ അടക്കം വലവിരിച്ചിട്ടും രാജ്യത്തെ എല്ലാ സുരക്ഷാസംവിധാനങ്ങളെയും മറിക്കടന്നു ഗുലാലായ് യുഎസിലെത്തിയത് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി.
പാക്കിസ്ഥാന്‍ കോടതിയില്‍ ആറുകേസുകളോളം ഗുലാലായിയുടെ പേരിലുണ്ട്. ജീവന്‍ അപകടത്തിലാണെന്നു തിരിച്ചറിഞ്ഞതോടെയാണ് മകള്‍ രാജ്യം വിടാന്‍ തീരുമാനിച്ചതെന്നു പിതാവ് മുഹമ്മദ് ഇസ്മയില്‍ പറഞ്ഞു. തന്റെ മാതാപിതാക്കള്‍ പാക്ക് പട്ടാളത്തിന്റെ നിരീക്ഷണ വലയത്തിലാണെന്നും ഇസ്‌ലാമാബാദിലുള്ള മാതാപിതാക്കളെ ഓര്‍ത്താണ് താന്‍ ഇപ്പോള്‍ വിഷമിക്കുന്നതെന്നും ഗുലാലായ് പറഞ്ഞു.
പഷ്തൂണ്‍ സംരക്ഷണ മുന്നേറ്റം എന്ന ഗുലാലായിയുടെ പ്രതിഷേധ സ്വരത്തിനു വന്‍ പ്രചാരമാണ് പാക്കിസ്ഥാനില്‍ ലഭിച്ചത്. പതിനായിരങ്ങള്‍ അവരുടെ റാലിക്കു തടിച്ചു കൂടിയതോടെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വിരണ്ടു. അനുനയത്തിന്റെ സ്വരം ഭീഷണിയുടെതായി. പാക്കിസ്ഥാനിലെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ഗുലാലായുടെ സ്വരം ഉയര്‍ന്നു മുഴങ്ങിയതോടെ അടിച്ചമര്‍ത്താനോ തുടച്ചുനീക്കാനോ പാക്ക് ഭരണകൂടവും പട്ടാളവും തീരുമാനമെടുത്തു.
പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ഗോത്രവിഭാഗമാണ് പഷ്തൂണ്‍. ഇരുരാജ്യങ്ങളിലുമായി ഒട്ടേറെ പഷ്തൂണ്‍ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പീഡനങ്ങളെ ഭയന്ന് പാക്കിസ്ഥാനിലെ പഷ്തൂണ്‍ കുടുംബങ്ങള്‍ അഫ്ഗാനിസ്ഥാനിലേക്കു പലായനം ചെയ്യുകയാണെന്നും ഗുലലായി പറയുന്നു. പഷ്തൂണുകളുടെ വീടുകള്‍ ആക്രമിക്കുന്ന പാക്ക് സൈന്യം, സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയ ശേഷം പട്ടാള ക്യാംപുകളില്‍ ലൈംഗിക അടിമകളാക്കുകയാണ്. ഈ സ്ത്രീകളെ സൈന്യം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കുന്നുണ്ടെന്നും ഗുലാലായി പറയുന്നു.
നൂറുകണക്കിനു സ്ത്രീകളാണ് ദിനംപ്രതി ലൈംഗിക പീഡനങ്ങള്‍ക്കു ഇരയായി ഞങ്ങള്‍ക്കു മുന്‍പില്‍ വന്നിട്ടുള്ളത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, ഭയപ്പെടുത്തിയും മുറിപ്പെടുത്തിയും പഷ്തൂണ്‍ വിഭാഗത്തില്‍പെട്ടവരെ പാക്കിസ്ഥാനില്‍ നിന്നു തുടച്ചു നീക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് ഗുലാലായ് പറഞ്ഞു.
2018 ഒക്ടോബറില്‍ ലണ്ടനില്‍ നിന്നു മടങ്ങും വഴി ഇസ്‌ലാമാബാദ് വിമാനത്താവളത്തില്‍ വച്ചാണ് ആദ്യത്തെ അറസ്റ്റ് നടന്നത്. കൂടെയുണ്ടായിരുന്ന 19 സാമൂഹ്യപ്രവര്‍ത്തകരെയും രാജ്യദ്രോഹികളെന്നായിരുന്നു ഭരണകൂടം വിളിച്ചത്. ഓഗസ്റ്റില്‍ നടന്ന മഹാസമ്മേളനത്തിന്റെ പേരിലായിരുന്നു രണ്ടാമത്തെ അറസ്റ്റ്. കസ്റ്റഡിയില്‍ പൊലീസ് മര്‍ദ്ദിച്ചു കൊന്ന സാമൂഹ്യപ്രവര്‍ത്തകന്‍ അര്‍മാന്‍ ലൂനിക്കു വേണ്ടി തെരുവില്‍ ഇറങ്ങിയതിനു 2019 ഫെബ്രുവരിയിലും ഇവരെ അറസ്റ്റ് ചെയ്തു.
തണുത്തു മരവിച്ച പീഡന മുറിയില്‍ വെള്ളമോ ഭക്ഷണമോ നല്‍കാതെ രണ്ടു ദിവസത്തോളം അടച്ചിട്ടത് രാജ്യാന്തര തലത്തില്‍ പ്രതിഷേധം ഉയരാന്‍ കാരണമായി. പഷ്തൂണ്‍ സമുദായക്കാരിയായ പത്തുവയസുകാരി പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിനു ഇരയായി മരിച്ചതിനു പിന്നാലെ ഗുലാലായി നേതൃത്വം നല്‍കിയ പ്രക്ഷോഭം ആഞ്ഞടിച്ചതോടെയാണ് മേയില്‍ വീണ്ടും ഇവരെ തടവിലാക്കാന്‍ ഭരണകൂടം തീരുമാനിച്ചത്.
കഴിഞ്ഞ കുറെ മാസങ്ങളായി അസാധാരണമായ നിരവധി സംഭവങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. നിരവധി മാനസിക പീഡനങ്ങള്‍ക്കും ഭീഷണികള്‍ക്കും ഞാന്‍ വിധേയായി, ജീവിച്ചിരിക്കുന്നത് തന്നെ മഹാഭാഗ്യമായാണ് കരുതുന്നതെന്ന് ഗുലാലായ് യു എസ്സില്‍ പറഞ്ഞു. ജയിലില്‍ അടച്ചു തന്നെയും തനിക്കൊപ്പം നിലകൊള്ളുന്ന സമൂഹത്തെയും നിശബ്ദമാക്കാനാണ് ഇമ്രാന്‍ഖാന്‍ ഭരണകൂടം ശ്രമിക്കുന്നതെന്നും ഗുലാലായ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha