ലോകത്തെ വിറപ്പിച്ച ഐ എസ്സ് തലവന് പേടിച്ചു കരഞ്ഞ് മരണം

ലോകത്തെ വിറപ്പിച്ചുവെന്ന് അവകാശപ്പെടുന്ന ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ വകവരുത്തിയ ശേഷം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇങ്ങനെ പറഞ്ഞു;
'ഭീകരതയില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ളയാളെ ശനിയാഴ്ച രാത്രി യുഎസ് ഇല്ലാതാക്കിയിരിക്കുന്നു. ഇരച്ചെത്തിയ യുഎസ് സൈന്യത്തെ കണ്ട് അയാള്‍ പേടിച്ചു വിറച്ച് ഓടുകയായിരുന്നു'. ലോകത്തെ ഏറ്റവും ക്രൂരമായ ഭീകര സംഘടനയായ ഐഎസിന്റെ സ്ഥാപക തലവനു വേണ്ടി യുഎസ് വര്‍ഷങ്ങളായി തിരച്ചില്‍ നടത്തുകയായിരുന്നു. ഇയാളെ പിടികൂടുകയോ കൊല്ലുകയോ ചെയ്യുകയെന്നതായിരുന്നു ഭരണകൂടത്തിന്റെ പരമമായ ലക്ഷ്യം. - പറഞ്ഞു.
ബഗ്ദാദിയുടെ രണ്ടു ഭാര്യമാരുടെ ദേഹത്തും സ്‌ഫോടകവസ്തുക്കളുണ്ടായിരുന്നെങ്കിലും അവ പൊട്ടിത്തെറിക്കും മുന്‍പ് ഇരുവരും കൊല്ലപ്പെടുകയായിരുന്നു. താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് അവസാനമിറങ്ങിയതും ബഗ്ദാദിയായിരുന്നു. കൊല്ലപ്പെട്ട ശേഷം അവിടെവച്ചു തന്നെയായിരുന്നു ഡിഎന്‍എ പരിശോധന. 15 മിനിറ്റിനകം ഫലം ലഭിച്ചെന്നും ട്രംപ് വ്യക്തമാക്കി. രണ്ടാഴ്ചയോളം പദ്ധതിയിട്ടതിനു ശേഷമായിരുന്നു ലോകം കണ്ട ഏറ്റവും ഭീകരന്മാരിലൊരാളായ ബഗ്ദാദിയെ യുഎസ് ഇല്ലാതാക്കിയത്.
ശനിയാഴ്ച രാത്രിയായിരുന്നു സിറിയതുര്‍ക്കി അതിര്‍ത്തി ഇദ്ലിബില്‍ ആക്രമണം. സിറിയക്കു വിട്ടുകൊടുക്കാതെ ഐഎസ് കയ്യടക്കി വച്ചിരുന്ന അപൂര്‍വം പ്രദേശങ്ങളിലൊന്നായിരുന്നു ഇദ്ലിബ്. ഇവിടത്തെ കെട്ടിടങ്ങളിലൊന്നില്‍ കുടുംബത്തോടെയായിരുന്നു ബഗ്ദാദിയുടെ ജീവിതം. പ്രദേശത്ത് യുഎസിന്റെ ഡെല്‍റ്റ ഫോഴ്‌സ് സംഘം ഹെലികോപ്ടറുകളിലെത്തി താഴേക്ക് ഇറങ്ങുകയായിരുന്നു. ആദ്യം കെട്ടിടത്തിനു നേരെ തുടര്‍ച്ചയായി വെടിയുതിര്‍ത്തു. ഹെലികോപ്ടറുകള്‍ അടുത്തെത്തിയതോടെ താഴെ നിന്നും നാടന്‍ തോക്കു കൊണ്ട് വെടിവയ്പുണ്ടായിരുന്നു.
തുടര്‍ന്ന് പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കള്‍ക്കൊപ്പം ബഗ്ദാദിയുടെ താവളം ലക്ഷ്യമാക്കി കമാന്‍ഡോസ് കുതിച്ചു. ഇതിനിടയില്‍ ഒരു തുരങ്കത്തിലേക്ക് മൂന്നു കുട്ടികളുമായി കടക്കുകയായിരുന്നു ബാഗ്ദാദി. കെ9 എന്നറിയപ്പെടുന്ന നായ്ക്കള്‍ ഇയാളുടെ പിന്നാലെയോടി. ഓടുന്നതിനിടെ വഴിനീളെ ബഗ്ദാദി ഉറക്കെ കരയുകയായിരുന്നു. തുരങ്കത്തിന്റെ അങ്ങേയറ്റത്ത് എത്തുമ്പോഴേക്കും നായ്ക്കള്‍ പിടികൂടിയിരുന്നു. അതിനിടെ ദേഹത്തു കെട്ടിവച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചു.
കെട്ടിടത്തില്‍ നിന്ന് ഇറങ്ങിയോടിയവരുടെ കൂട്ടത്തില്‍ ബഗ്ദാദി മാത്രമാണ് തുരങ്കത്തിലേക്ക് കടന്നത്. വെടിയേല്‍ക്കാതിരിക്കാനുള്ള 'മറയായാണ്' കുട്ടികളെയും വലിച്ച് ഒപ്പം കൂട്ടിയത്. പിടിക്കപ്പെടുമെന്നുറപ്പായതോടെ സ്വയം പൊട്ടിത്തെറിച്ചു. മൂന്നു കുഞ്ഞുങ്ങളെയും ചേര്‍ത്തു നിര്‍ത്തിയായിരുന്നു ഇയാള്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ മൃതദേഹങ്ങള്‍ ചിതറിത്തെറിച്ചു. തുരങ്കം ഇടിഞ്ഞു ദേഹത്തേക്കു വീഴുകയും ചെയ്തു. കെട്ടിടത്തിലുണ്ടായിരുന്ന 11 കുട്ടികളെ ആദ്യമേ തന്നെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു. പോരാട്ടത്തിനൊടുവില്‍ അവിടെ നിന്നു പോകുമ്പോള്‍ ഒട്ടേറെ വിലപ്പെട്ട വിവരങ്ങളും ലഭ്യമായതായി ട്രംപ് പറഞ്ഞു.
https://www.facebook.com/Malayalivartha