ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരന്‍ ബഗ്ദാദിയെ വധിക്കാന്‍ ഇദ്‌ലിബില്‍ വല വിരിച്ച് സിഐഎ കാത്തിരുന്നത് 5 മാസം

അടുത്ത സഹായിയില്‍നിന്നു ലഭിച്ച നിര്‍ണായക വിവരങ്ങളാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ വധിക്കാന്‍ യുഎസിന് സഹായമായതെന്ന് റിപ്പോര്‍ട്ട്. ഇറാഖി ഇന്റലിജന്‍സ് സംഘമാണ് ലോകത്തെ വിറപ്പിച്ച ഭീകരന്റെ നീക്കങ്ങള്‍ ബഗ്ദാദിയുടെ അടുത്ത അനുയായിയായ ഇസ്മായില്‍ അല്‍ എതാവിയില്‍നിന്ന് ചോര്‍ത്തിയെടുത്തത്. വര്‍ഷങ്ങളായി എവിടെയാണെന്നു പോലും അറിയാതിരുന്ന ബഗ്ദാദിയുടെ രക്ഷപ്പെടല്‍ രീതികളടക്കമുള്ള വിവരങ്ങള്‍ ഇന്റലിജന്‍സിന് ഇങ്ങനെ ലഭിച്ചു.
പല അവസരങ്ങളിലും നിര്‍ണായക ചര്‍ച്ചകള്‍ അടുത്ത സഹായികളുമായി ഭീകരതലവന്‍ നടത്താറുണ്ടായിരുന്നു. പച്ചക്കറികള്‍ നിറച്ച ബസുകളില്‍ സഞ്ചരിച്ചുകൊണ്ടായിരുന്നു ഈ ചര്‍ച്ചകള്‍ നടന്നിരുന്നത്. മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിട്ടു കടന്നു കളയുന്നതിനായിരുന്നു ഇത്തരം യാത്രകള്‍. തുര്‍ക്കിയുടെ പിടിയിലായ ശേഷം ഇറാഖിന് കൈമാറിയ ഇസ്മായില്‍ അല്‍ എതാവിയാണ് ബഗ്ദാദിയുടെ രഹസ്യ നീക്കങ്ങള്‍ എങ്ങനെയാണെന്നു വെളിപ്പെടുത്തിയത്. അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ നീക്കങ്ങളില്‍ വിട്ടുപോയ പല ഭാഗങ്ങളും ഞങ്ങള്‍ക്കു കൂട്ടിച്ചേര്‍ക്കാനുണ്ടായിരുന്നു. ഇസ്മായില്‍ അല്‍ എതാവിയുടെ മൊഴികളില്‍നിന്നാണു ഇതിനായുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്- ഒരു ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥന്‍ രാജ്യാന്തര മാധ്യമങ്ങളോടു പറഞ്ഞു.
എതാവി കൈമാറിയത് താനുള്‍പ്പെടെ അഞ്ചു പേരുടെ വിവരങ്ങളാണ്. സിറിയ ഉള്‍പ്പെടെ ഭീകര തലവനുമായി കൂടിക്കാഴ്ച നടത്തുന്ന ഇടങ്ങളുടെ വിവരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയത്. സിറിയയിലെ ഇദ്‌ലിബ് മേഖലയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഐഎസ് ഭീകര തലവന്‍ മരിച്ചതെന്നാണ്. ആക്രമണത്തില്‍നിന്നു രക്ഷപ്പെടുന്നതിനായി തുരങ്കത്തില്‍ കയറിയ ബഗ്ദാദി മൂന്ന് കുട്ടികളോടൊപ്പം സ്വയം പൊട്ടിത്തെറിച്ചാണ് ജീവനൊടുക്കിയത്.
കൊടുംഭീകരനെ വധിക്കാന്‍ വിവരങ്ങള്‍ നല്‍കിയതില്‍ അറബ്, പാശ്ചാത്യ രാജ്യങ്ങളിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും ഒരുപോലെ പങ്കുണ്ട്. ബഗ്ദാദിയെ എങ്ങനെ കണ്ടെത്തുമെന്നു തല പുകച്ചുകൊണ്ടിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച നിര്‍ണായക സഹായമായിരുന്നു എതാവി. ഇസ്‌ലാമിക് സയന്‍സില്‍ പിഎച്ച്ഡി ഉള്ള എതാവി ഐഎസ് മേധാവിയുടെ അഞ്ചു പ്രധാന സഹായികളില്‍ ഒരാളാണ്. 2006-ല്‍ അല്‍ ഖായ്ദയില്‍ ചേര്‍ന്ന ഇയാളെ 2008-ല്‍ യുഎസ് സൈന്യം പിടികൂടി. തുടര്‍ന്ന് നാലു വര്‍ഷത്തോളം ഇയാള്‍ ജയില്‍ വാസത്തിലായിരുന്നെന്നും ഇറാഖി ഉദ്യോഗസ്ഥര്‍ പറയുന്നു. മതപരമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും കമാന്‍ഡര്‍മാരെ തിരഞ്ഞെടുക്കുന്നതിനുമാണ് ഇസ്മായില്‍ എതാവിയെ, ബഗ്ദാദി ഉപയോഗിച്ചിരുന്നത്. 2017-ല്‍ ഐഎസിനു വന്‍ തിരിച്ചടിയേറ്റപ്പോള്‍ ഭാര്യയോടൊപ്പം എതാവി സിറിയയിലേക്കു കടന്നു.
യുഎസ്, തുര്‍ക്കി, ഇറാഖ് ഇന്റലിജന്‍സ് ഏജന്‍സികള്‍ സംയുക്തമായി നടത്തിയ നീക്കത്തില്‍ 2019-ല്‍ നാല് ഇറാഖികളെയും ഒരു സിറിയക്കാരനെയും പിടികൂടി. ഭീകര സംഘടനയുടെ മുതിര്‍ന്ന നേതാക്കളായിരുന്നു പിടിയിലായവരെല്ലാം. ഇവരില്‍നിന്നു സിറിയയില്‍ ബഗ്ദാദി എത്തുന്ന സ്ഥലങ്ങളെക്കുറിച്ചെല്ലാം കൃത്യമായ വിവരങ്ങള്‍ ലഭ്യമായി. ഈ പ്രദേശങ്ങളില്‍ ആള്‍ക്കാരെയും നിയോഗിച്ചു. തുടര്‍ന്ന് 2019-ന്റെ പകുതിയോടെ ഇദ്‌ലിബാണ് ബഗ്ദാദിയുടെ ഒളിസങ്കേതമെന്നു വ്യക്തമായി. കുടുംബവും മൂന്ന് സഹായികളുമൊത്ത് ഇവിടെ ബഗ്ദാദി ഗ്രാമങ്ങള്‍ തോറും സഞ്ചരിക്കുകയാണെന്ന വിവരം ലഭിച്ചു.
ഇദ്‌ലിബിലെ മാര്‍ക്കറ്റില്‍ ഇസ്മായില്‍ എതാവി എത്തിയ ചിത്രം വച്ചു അയാളെ തിരിച്ചറിഞ്ഞു. ഇയാളെ പിന്തുടര്‍ന്നതോടെ ബഗ്ദാദിയുടെ താമസ സ്ഥലവും കണ്ടെത്തി. ഈ വിവരങ്ങള്‍ യുഎസ് ഏജന്‍സിയായ സിഐഎയ്ക്കു കൈമാറി. തുടര്‍ന്നു കഴിഞ്ഞ 5 മാസമായി ഉപഗ്രഹങ്ങളും ഡ്രോണുകളും ഉപയോഗിച്ച് അവര്‍ പ്രദേശം നിരീക്ഷിച്ചു വരികയായിരുന്നു. രണ്ടു ദിവസം മുന്‍പ് ബഗ്ദാദി കുടുംബത്തോടൊപ്പം പുറത്തിറങ്ങി. മിനിബസില്‍ അടുത്തുള്ള ഗ്രാമത്തിലേക്കു പോകുകയായിരുന്നു ലക്ഷ്യം. അയാള്‍ ജീവിച്ച അവസാനത്തെ നിമിഷമായിരുന്നു അത്'- ഇറാഖി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സിറിയയിലും ഭീകരതലവന് ശത്രുക്കളുടെ കാര്യത്തില്‍ കുറവുണ്ടായിരുന്നില്ല. ഇവരില്‍ നിന്നും ബഗ്ദാദിക്കു രക്ഷപ്പെടണമായിരുന്നു. നേരത്തേ നുസ്രാ ഫ്രണ്ട് എന്നറിയപ്പെട്ടിരുന്ന ഹയാത് തഹ്‌രീര്‍ അല്‍ ഷാം എന്ന സംഘത്തിനായിരുന്നു ഇദ്‌ലിബില്‍ മേധാവിത്വം. ഇവരും ബഗ്ദാദിയെ തിരയുകയായിരുന്നു. സിറിയന്‍ യുദ്ധത്തില്‍ പരസ്പരം പോരടിച്ചവരാണ് ഐഎസും നുസ്ര ഫ്രണ്ടും. ഹയാത് തഹ്‌രീര്‍ അല്‍ ഷാം ബഗ്ദാദിയുടെ ബംഗ്ലദേശില്‍നിന്നുള്ള സഹായിയായ അബു സുലൈമാന്‍ അല്‍ ഖാലിദിയെ അടുത്തിടെ പിടികൂടിയിരുന്നു. ഇതാണു ബഗ്ദാദിയെ വലയിലാക്കാന്‍ സഹായിച്ചതെന്ന് ഹയാത് തഹ്‌രീര്‍ അല്‍ ഷാമിന്റെ ഇദ്‌ലിബ് കമാന്‍ഡര്‍ വ്യക്തമാക്കി.
ആറു മാസത്തോളമായി ഇദ്‌ലിബില്‍ ബഗ്ദാദി താമസിക്കുന്നുണ്ടെന്നാണു കമാന്‍ഡര്‍ പറയുന്നത്. ഒളിവുജീവിതം ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാല്‍ ബഗ്ദാദിയുടെ സാന്നിധ്യം ഇദ്‌ലിബിനു ഭീഷണിയാണ്. കാരണം ഐഎസിന്റെ സ്‌ലീപ്പര്‍ സെല്ലുകള്‍ ഇവിടെ എത്താനുള്ള സാധ്യതയുണ്ടായിരുന്നു. രണ്ടു മാസം മുന്‍പ് ഹയാത് തഹ്‌രീര്‍ അല്‍ ഷാമിന്റെ ഭീകരര്‍ ഇദ്‌ലിബില്‍ പരിശോധന നടത്തിയെങ്കിലും ബഗ്ദാദിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്നും കമാന്‍ഡര്‍ പറയുന്നു.
https://www.facebook.com/Malayalivartha