കണ്ണികള്‍ കൂട്ടിച്ചേര്‍ത്തതിങ്ങനെ... അബൂബക്കര്‍ അല്‍ ബഗ്ദാദിയിയെ വകവരുത്താന്‍ അമേരിക്കയും ഇറാഖും കാത്തിരുന്നത് വര്‍ഷങ്ങളോളം; ഇറാഖില്‍ നിന്ന് 8 ഹെലികോപ്റ്ററുകളിലും വിമാനങ്ങളിലും യുഎസ് സേന സിറിയ ലക്ഷ്യമായി പറന്നെത്തി; തിരിച്ചുള്ള മിസൈല്‍ വര്‍ഷത്തില്‍ 2 വീടുകളിലൊന്നു തരിപ്പണമായി; രക്ഷപ്പെടാനുള്ള അവസാന ശ്രമവും വിഫലം

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി ലോകത്തിന് തന്നെ പേടിസ്വപ്നമായിരുന്നു. എങ്ങനേയും ഈ കൊടും ഭീകരനെ വകവരുത്തുക എന്നതായിരുന്നു അമേരിക്കയുടെ ലക്ഷ്യം. ഇതിന് ഇറാന്‍ എല്ലാ പിന്തുണയും നല്‍കിയതോടെ ബഗ്ദാദി പൊട്ടിത്തെറിച്ചു. ബഗ്ദാദിയെ പിടികൂടാനുള്ള പല ശ്രമങ്ങള്‍ നടത്തിയിട്ടും വിജയിച്ചില്ല. അവസാനം ബഗ്ദാദിയുടെ തന്നെ ഏറ്റവുമടുത്ത 5 കൂട്ടാളികളിലൊരാളില്‍ നിന്നാണ് ഇതിനുള്ള വഴി തുറന്നുകിട്ടിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ തുര്‍ക്കിയുടെ പിടിയിലായ ഇസ്മായില്‍ അല്‍ ഇതാവിയെ ഇറാഖിനു കൈമാറിയിരുന്നു. ബഗ്ദാദിക്കായുള്ള അന്വേഷണത്തില്‍ വിട്ടുകിടന്ന ഒട്ടേറെ കണ്ണികള്‍ കൂട്ടിച്ചേര്‍ത്ത ഇറാഖ് വിവരങ്ങള്‍ യുഎസിനു കൈമാറി. ഇതാണ് നിര്‍ണായകമായത്.
ഇതാവിവിയെ മതശാസനങ്ങള്‍ നല്‍കാനും ഐഎസ് കമാന്‍ഡര്‍മാരെ തിരഞ്ഞെടുക്കാനും ബഗ്ദാദി ചുമതലപ്പെടുത്തിയിരുന്നു. താന്‍ ഉള്‍പ്പെടെ ഏറ്റവുമടുത്ത 5 പേരുമായുള്ള ബഗ്ദാദിയുടെ രഹസ്യ കൂടിക്കാഴ്ചകള്‍ പച്ചക്കറി കൊണ്ടുപോകുന്ന മിനി വാനുകളിലായിരുന്നുവെന്ന് ഇതാവി അറിയിച്ചത് ഒളിവുജീവിതത്തെക്കുറിച്ചുള്ള നിര്‍ണായകസൂചനയായി. ഈ വര്‍ഷമാദ്യം, യുഎസ്, തുര്‍ക്കി, ഇറാഖ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ പിടിയിലായ മറ്റ് അഞ്ച് ഐഎസ് ഉന്നതരില്‍ നിന്ന് സിറിയയില്‍ ബഗ്ദാദി അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്ന സ്ഥലങ്ങളുടെ വിവരം ലഭിച്ചു. ഈ വര്‍ഷം പകുതിയോടെ അന്വേഷണം ഇദ്‌ലിബ് പ്രവിശ്യയിലേക്കു കേന്ദ്രീകരിച്ചു. അത് ഫലം കാണുകയും ചെയ്തു.
ഐഎസുമായി ശത്രുതയിലുള്ള ഭീകരസംഘടന നുസ്‌റ ഫ്രണ്ടിന്റെ ശക്തികേന്ദ്രമാണ് ഇദ്‌ലിബ്. ബഗ്ദാദി ഇവിടെയാണ് ഒളിവില്‍ കഴിയുന്നതെന്നതു തന്നെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അദ്ഭുദമായിരുന്നു. ബഗ്ദാദിയുടെ മറ്റൊരു ഉറ്റ അനുയായി അബു സുലൈമാന്‍ അല്‍ ഖലീദിയെ ഈയിടെ നുസ്‌റ ഫ്രണ്ട് പിടികൂടിയിരുന്നു. അവസാന വിഡിയോ സന്ദേശത്തില്‍ ബഗ്ദാദിക്കൊപ്പമുള്ള രണ്ടുപേരിലൊരാളാണിത്. ഇയാളില്‍ നിന്നുള്ള വിവരങ്ങള്‍ നുസ്‌റ ഫ്രണ്ടില്‍നിന്നു തുര്‍ക്കി വഴി യുഎസിനു ലഭിച്ചെന്നാണു സൂചന.
ബഗ്ദാദിയുടെ ഭാര്യയെയും സന്ദേശവാഹകനെയും
ഏതാനും മാസം മുന്‍പു പിടികൂടിയപ്പോള്‍ ലഭിച്ച വിവരങ്ങളും നിര്‍ണായകമായി. ഐഎസ് വിട്ട ഒരാളില്‍ നിന്നുള്ള വിവരങ്ങള്‍ കുര്‍ദുകള്‍ വഴിയും ലഭിച്ചു. ചന്തയില്‍ ഇറാഖി ശൈലിയില്‍ ശിരോവസ്ത്രം ധരിച്ചെത്തുന്നയാളെക്കുറിച്ച് ഇതിനിടെ വിവരം ലഭിച്ചു. അയാള്‍ സന്ദര്‍ശിക്കാറുള്ള വീടിനെക്കുറിച്ചുള്ള വിവരം സിഐഎയ്ക്കു കൈമാറി. അഞ്ചു മാസമായി ഈ വീട് ഉപഗ്രഹ, ഡ്രോണ്‍ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച ബഗ്ദാദി കുടുംബാംഗങ്ങളുമൊത്തു പുറത്തുപോകുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെ അന്തിമ ഓപ്പറേഷനു സമയം കുറിച്ചു.
ഞായറാഴ്ച അര്‍ധരാത്രിയാണ് ഓപ്പറേഷന് തുടക്കമിട്ടത്. ഇറാഖില്‍ നിന്ന് 8 ഹെലികോപ്റ്ററുകളിലും വിമാനങ്ങളിലും മറ്റുമായാണ് യുഎസ് സേന സിറിയ ലക്ഷ്യമായി പറന്നത്. സ്‌പെഷല്‍ ഓപ്പറേഷന്‍സ് വിഭാഗമായ ഡെല്‍റ്റ ഫോഴ്‌സസിനായിരുന്നു നേതൃത്വം. ഒരു മണിക്കൂര്‍ 10 മിനിറ്റ് യാത്രയ്‌ക്കൊടുവില്‍ രാത്രി ഒന്നിന് ഇദ്‌ലിബിലെ ബാരിഷയിലിറങ്ങുമ്പോള്‍ ബഗ്ദാദിയുടെ ഒളിത്താവളത്തില്‍ നിന്നു വെടിയുതിര്‍ന്നു. തിരിച്ചുള്ള മിസൈല്‍ വര്‍ഷത്തില്‍ 2 വീടുകളിലൊന്നു തരിപ്പണമായി. യുഎസ് സേന കീഴടങ്ങാന്‍ നിര്‍ദേശിച്ചപ്പോള്‍ 2 മുതിര്‍ന്നവരും 11 കുട്ടികളും പുറത്തെത്തി. എന്നാല്‍ ബഗ്ദാദിയും 2 ഭാര്യമാരും 3 കുട്ടികളും ഉള്ളിലെ തുരങ്കത്തിലേക്കു കടന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ സ്വയം സ്‌ഫോടനം നടത്തുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ യുഎസ് ഹെലികോപ്റ്ററുകള്‍ തിരികെ പോയി. മുന്‍പു രണ്ടു തവണ അവസാന നിമിഷം ഉപേക്ഷിക്കേണ്ടി വന്ന ഓപ്പറേഷന്‍ ഇക്കുറി വിജയം കൈവരിച്ചു.
ബഗ്ദാദിയുടെ ശരീരാവശിഷ്ടങ്ങള്‍ ഏതെങ്കിലും സ്ഥലത്ത് സംസ്‌കരിച്ചാല്‍ ആ സ്ഥലത്തിന് പ്രാധാന്യം കൈവരുമെന്ന് കരുതി കടലിലാണ് മറവ് ചെയ്തത്. ഇസ്‌ലാം ആചാരപ്രകാരം കടലില്‍ മറവു ചെയ്തതായാണ് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha