ജോലി ചെയ്യാനും ജീവിക്കാനും അനുയോജ്യമായി നഗരങ്ങളിൽ മുന്നിൽ അബുദാബി; ആവേശത്തോടെ പ്രവാസികളും

ജോലി ചെയ്യാനും ജീവിക്കാനും അനുയോജ്യമായ ഏഷ്യൻ നഗരങ്ങളിൽ അബുദാബി മുന്നിൽ. ഇന്റർ നേഷൻസ് എക്സ്പാറ്റ് ഇൻസൈഡർ നടത്തിയ സർവേയിലാണ് പതിനഞ്ചാം സ്ഥാനം. തായ്വാനിലെ തായ്പെയാണ് തുടർച്ചയായ രണ്ടാം വർഷവും ഒന്നാമത്. മലേഷ്യയിലെ ക്വാലലംപൂർ, വിയറ്റ്നാമിലെ ഹൊ ചി മിൻ എന്നിവ രണ്ടും മൂന്നും സ്ഥാനത്ത്.
82 നഗരങ്ങൾ പഠന വിധേയമാക്കിയാണു വിദേശികൾക്ക് ജോലി ചെയ്യാനും താമസിക്കാനും ഏറ്റവും അനുയോജ്യമായ നഗരങ്ങൾ കണ്ടെത്തിയത്. ഗുണനിലവാരമുള്ള നാഗരിക ജീവിതം, സ്ഥിരതാമസം, ജീവിത ചെലവ്, അനുയോജ്യമായ ജോലി, താമസം, സുരക്ഷ, ഗതാഗതം, തൊഴിൽ സുരക്ഷ എന്നിവ അടിസ്ഥാനപ്പെടുത്തി 20,000 പേരിൽ നടത്തിയ അഭിപ്രായ സർവെയിലൂടെയാണ് മികച്ച നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.
ഇന്റർനെറ്റിന് ചെലവേറിയ നഗരം ദുബായും വസ്ത്രങ്ങൾക്ക് ചെലവേറിയത് റിയാദുമാണെന്നും റിപ്പോർട്ടിലുണ്ട്. സ്വദേശികളുമായുള്ള സൗഹാർദത്തിലും സഹവർത്തിത്വത്തിലും അബുദാബിയും ദുബായും മുന്നിലുണ്ട്. സുരക്ഷയിൽ 97 പോയിന്റ് അബുദാബിക്കും 95 പോയിന്റ് ദുബായിക്കും ലഭിച്ചു.
പ്രാദേശിക ഭാഷ സംസാരിക്കാതെ ജീവിക്കാൻ സാധിക്കുന്ന നഗരങ്ങളിൽ രണ്ടാം സ്ഥാനമുണ്ട് അബുദാബിക്കും ദുബായിക്കും. 10ൽ 9 പേരും ഈ അഭിപ്രായമാണ് പങ്കുവച്ചത്. മനാമ (21), മസ്കത്ത് (28), ദുബായ് (34) എന്നിങ്ങനെയാണ് മറ്റു ഗൾഫ് നഗരങ്ങളുടെ സ്ഥാനം. പട്ടികയിൽ അവസാന സ്ഥാനമായാണ് കുവൈത്ത് ഇടംപിടിച്ചത്. ബഹ്റൈൻ ജിസിസിയിലെ മികച്ച ലക്ഷ്യങ്ങളിലൊന്നാണെങ്കിലും ആഗോള തല പട്ടികയിൽ ഏറെ താഴെയാണ് സ്ഥാനം.
https://www.facebook.com/Malayalivartha