7-ാം തീയതി മുതല്‍ പ്രവാസികള്‍ക്ക് മടങ്ങാം ; ദുബായില്‍ നിന്ന് കേരളത്തിലേക്കാണ് ആദ്യ വിമാനം

വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ മറ്റന്നാള്‍ മുതല്‍ നാട്ടിലെത്തിക്കും. ദുബായില്‍നിന്നു കേരളത്തിലേക്കാണ് ആദ്യവിമാനം. വ്യാഴാഴ്ച തന്നെ രണ്ടു വിമാനങ്ങളുണ്ടാകും. ടിക്കറ്റിന് യാത്രക്കാരില്‍നിന്നു പണം ഈടാക്കും. ഏകദേശം 13,000 രൂപയായിരിക്കും നിരക്ക്. ഗള്‍ഫിലേക്ക് പുറപ്പെട്ട നാവികസേനയുടെ നാലു കപ്പലുകള്‍ നാളെ രാത്രിയോടെ ഗള്‍ഫിലെത്തും.
കൊച്ചി, മുംബൈ നാവികസേനാ കമാന്‍ഡുകളില്‍ നിന്ന് 2 വീതം കപ്പലുകളാണു പുറപ്പെട്ടത്. അകലം പാലിച്ച് 4 കപ്പലുകളിലായി രണ്ടായിരത്തിലധികം പേരെ ഉള്‍ക്കൊള്ളാനാകും. എത്ര പേരെ തിരികെയെത്തിക്കണമെന്നു നിശ്ചയിച്ച ശേഷം കൂടുതല്‍ കപ്പലുകള്‍ അയയ്ക്കും.
യാത്രക്കാരുടെ പട്ടിക ഇന്ത്യന്‍ എംബസികളും ഹൈക്കമ്മിഷനുകളും തയാറാക്കുകയാണ്. കോവിഡ് രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കു മാത്രമാകും യാത്രാനുമതി. എത്തുന്നവര്‍ക്കെല്ലാം ആശുപത്രികളിലോ മറ്റു സംവിധാനങ്ങളിലോ 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധം. അതിനുള്ള ചെലവും വ്യക്തികള്‍ വഹിക്കണം.
മുതിര്‍ന്ന പൗരന്മാര്‍ക്കും ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും മറ്റുമാകും മുന്‍ഗണന. പദ്ധതിക്കു വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങള്‍ ചേര്‍ന്ന് ഇന്ന് അന്തിമ രൂപം നല്‍കുമെന്നു വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ളവരെയാകും ആദ്യ ഘട്ടത്തില്‍ എത്തിക്കുക. ഇതിനൊപ്പം മാലദ്വീപില്‍നിന്നുള്ളവരെയും കൊണ്ടുവരും. അവിടേക്കുള്ള നാവികസേനാ കപ്പല്‍ ഇന്നു പുറപ്പെടും. അടുത്തഘട്ടത്തില്‍ മലേഷ്യ, യുഎസ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരെ തിരിച്ചെത്തിക്കും.
രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് വീടുകളില്‍ ക്വാറന്റീന്‍ അനുവദിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ മുന്‍പു സൂചിപ്പിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പണം ഈടാക്കി ക്വാറന്റീന്‍ നല്‍കണമെന്നാണ് കേന്ദ്ര നിലപാട്. സംസ്ഥാനങ്ങള്‍ക്കു വേണമെങ്കില്‍ ക്വാറന്റീന്‍ സൗകര്യം സൗജന്യമാക്കാം. സര്‍ക്കാരിന്റെ സംവിധാനത്തില്‍ താല്‍പര്യമില്ലാത്തവര്‍ക്കു ഡല്‍ഹിയിലും മറ്റും സ്വന്തം ചെലവില്‍ ഹോട്ടലുകളും മറ്റും ഏര്‍പ്പാടാക്കിയിരുന്നു. അതേ രീതി തുടരാമെന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























