ഞങ്ങള്‍ക്ക് നിന്നെ വേണം കുഞ്ഞൂട്ടി... നീ എവിടെയാ...ഇന്ന് നിന്റെ പിറന്നാളാണ് .. വഴിക്കണ്ണുമായി ഒരു കുടുംബം.... ആ കാത്തിരിപ്പിന് 42 വര്‍ഷം

ഇന്ന് കുഞ്ഞൂട്ടിയുടെ ആദ്യ പിറന്നാളാഘോഷമാണ്. എഴുപത്തിരണ്ടാം പിറന്നാള്‍. ഉപ്പന്‍മാക്കല്‍ കുടുംബം ആഘോഷങ്ങള്‍ക്കായി മനസ്സൊരുക്കിയിരിക്കുന്നു. പക്ഷെ ഇപ്പോഴും കുഞ്ഞൂട്ടി എവിടെയാണെന്ന് ആര്‍ക്കുമറിയില്ല.ഒരു സിനിമാകഥയുടെ ക്ലൈമാക്‌സ് പോലെ നിങ്ങളാഗ്രഹിക്കുമ്പോള്‍ ഞാന്‍ വരുമെന്ന് പറഞ്ഞു പോയ ആള്‍ ആണ് കുഞ്ഞൂട്ടി .പക്ഷെ കാലം ഇത്രകഴിഞ്ഞിട്ടും, ആമടങ്ങി വരവുണ്ടായില്ല
കുടുംബത്തിലെ നാലാം തലമുറക്കാരി കുഞ്ഞു കാതറിന്‍ കുഞ്ഞൂട്ടി അപ്പൂപ്പനെ കണ്ടിട്ടില്ല. 42 വര്‍ഷമായി ആരും കുഞ്ഞൂട്ടിയെ കണ്ടിട്ടില്ല. ഇന്ന് പിറന്നാള്‍ കേക്ക് മുറിക്കാന്‍ കുഞ്ഞൂട്ടി പടികയറി വരുമോ...പ്രാര്‍ഥനയും പ്രതീക്ഷയുമായി കാതറിന്‍ മോളും കുഞ്ഞൂട്ടിയുടെ സഹോദരങ്ങളും കുടുംബാംഗങ്ങള്‍ മുഴുവനും കാത്തിരിക്കുന്നു.
42 വര്‍ഷം മുമ്പ് മുപ്പതാം വയസ്സില്‍ ഉപ്പന്‍മാക്കലെ സ്നേഹക്കൂട് വിട്ടുപോയതാണ് കുഞ്ഞൂട്ടി എന്ന ജയിംസ് ജോസഫ്. വീട്ടുകാരുടെ 'കുഞ്ഞ്. കച്ചവടത്തിലെ ചില്ലറ നഷ്ടങ്ങളുടെ പേരില്‍ പഴികേട്ടപ്പോള്‍ മനസ്സുകൊണ്ട് ആരെയും പഴിക്കാതെ പോയപോക്ക്. ഇന്നു വരും നാളെ വരും എന്നു കരുതിയിരുന്ന പ്രിയപ്പെട്ടവര്‍ക്ക് ഇത് നാലു പതിറ്റാണ്ട് പിന്നിട്ട നോവ്. എപ്പോള്‍ എന്നെ വേണമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവോ അന്ന് ഞാന്‍ എത്തും എന്നു പറഞ്ഞു പോയതാണ് കുഞ്ഞൂട്ടി. ഇനി കാത്തിരിക്കാനാവില്ല. എങ്ങനെയും കുഞ്ഞൂട്ടിയെ തങ്ങളുടെ സ്നേഹക്കൂട്ടില്‍ തിരികെയെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അവര്‍. ഉള്ളനാട്ടെ കുടുംബ വീടിനടുത്ത് താമസിക്കുന്ന അനുജന്‍ ജോസ് പറയുന്നു. ഞങ്ങള്‍ക്കെല്ലാം കുഞ്ഞൂട്ടിച്ചേട്ടനെ വേണം. കുഞ്ഞൂട്ടീ... നീ കേള്‍ക്കുന്നുണ്ടോ...
കണക്കില്‍ കേമനായിരുന്നു കുഞ്ഞൂട്ടി, എന്നാല്‍ കച്ചവടത്തില്‍ കണക്കു പിഴച്ചതും അതിന്റെ പേരില്‍ പഴി കേട്ടതും കുഞ്ഞൂട്ടിക്കു താങ്ങാന്‍ പറ്റിയില്ല. ഒളിച്ചോട്ടമൊന്നുമായിരുന്നില്ല. എല്ലാം പറഞ്ഞുറപ്പിച്ച്, റബര്‍ഷീറ്റ് വിറ്റ് പലചരക്കു കടയിലെ പറ്റും തീര്‍ത്ത് ഒറ്റപ്പോക്ക്... മൂത്ത മൂന്നു സഹോദരങ്ങള്‍ക്കു താമസിക്കാനായി മലബാറില്‍ കാട് തെളിക്കാന്‍ പിതാവ് ജോസഫ് പോയപ്പോള്‍ നാട്ടിലെ കുടുംബഭാരം കുഞ്ഞൂട്ടി ചുമലിലേറ്റി. എട്ടു മക്കളില്‍ നാലാമനെങ്കിലും അങ്ങനെ താഴെയുള്ള നാലുപേര്‍ക്ക് കുഞ്ഞൂട്ടി വല്യേട്ടനായി. ആ കുഞ്ഞ് വല്യേട്ടന്റെ കരുതല്‍ ഇപ്പോഴും അവരുടെ ഓര്‍മച്ചെപ്പില്‍ ഭദ്രം.
കൊറോണ ലോക്ഡൗണ്‍ കാലത്തെ വാട്സാപ് കോണ്‍ഫറന്‍സ് കോളുകള്‍ക്കിടയിലാണ് സഹോദരങ്ങള്‍ക്ക് കുഞ്ഞൂട്ടിയുടെ ഓര്‍മകള്‍ തീവ്രമായത്. കുഞ്ഞുട്ടി കേള്‍ക്കുന്നുണ്ടെന്ന സ്നേഹ സങ്കല്‍പത്തിലാണ് എന്നും വൈകിട്ട് എട്ടര മുതല്‍ ഒരു മണിക്കൂര്‍ സഹോദരങ്ങള്‍ വാട്സാപ്പില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുക. എട്ടു സഹോദരങ്ങളില്‍ കുഞ്ഞൂട്ടിയടക്കം ആറു പേരാണ് ബാക്കിയുള്ളത്. ഒന്നാമന്‍ കുഞ്ഞേപ്പും മൂന്നാമന്‍ തോമാച്ചനും മരിച്ചു. എങ്ങനെയും കുഞ്ഞൂട്ടിയെ കണ്ടെത്തണമെന്ന് പിതാവ് മുമ്പ് തനിക്ക് എഴുതിയ കത്തുകളില്‍ ആഗ്രഹം പറഞ്ഞിരുന്നത് ന്യൂയോര്‍ക്കിലുള്ള സഹോദരന്‍ ജോജന്‍ മറന്നിട്ടില്ല. കുഞ്ഞുട്ടിക്കു നല്‍കാനായി കുടുംബ സ്വത്തടക്കം കരുതിവച്ചിട്ടുണ്ട് പിതാവ്.
സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ആന്റി ഡോ. എലിസബത്ത് ജോസഫ് പൊന്നുപോലെ സൂക്ഷിച്ച സ്‌കൂള്‍ ഫോട്ടോയിലൂടെ കുഞ്ഞൂട്ടിയുടെ ഓര്‍മകള്‍ തുടിക്കുന്നു. പോയപ്പോള്‍ പറഞ്ഞതുപോലെ കുഞ്ഞൂട്ടി തൊട്ടടുത്തുണ്ടെന്നുതന്നെയൊരു തോന്നല്‍. പിറന്നാള്‍ ആഘോഷിക്കാന്‍ കുഞ്ഞൂട്ടി വരും. ഞങ്ങള്‍ മനസ്സുകൊണ്ട് ആഗ്രഹിക്കുമ്പോള്‍ അവന് എങ്ങനെ വരാതിരിക്കാനാകും. ഉള്‍വിളിയെന്നപോലെ അവര്‍ പറയുന്നു.
എപ്പോള്‍ എന്നെ വേണമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവോ അന്ന് ഞാന്‍ എത്തും എന്നു പറഞ്ഞു പോയ തങ്ങളുടെ കുഞ്ഞൂട്ടിയേ കാത്തു വഴിക്കണ്ണുമായിരിക്കുകയാണ് ഒരു കുടുംബം. എത്ര ആഗ്രഹിച്ചിട്ടും എന്താണ് തങ്ങളുടെ പ്രിയപ്പെട്ടവന്‍ തിരിച്ചു വരാത്തത് എന്ന നൊമ്പരവുമായി
"
https://www.facebook.com/Malayalivartha