ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉള്‍പ്പെടുത്തി ബ്രിട്ടൺ; ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ബ്രിട്ടന്. ഇന്ത്യയെ ചുവപ്പു പട്ടികയില്‍ (റെഡ് ലിസ്റ്റ്) ഉള്ള രാജ്യങ്ങളില്‍ ഉള്‍പ്പെടുത്തിയതായി ബ്രിട്ടീഷ് ആരോഗ്യ മന്ത്രി മാറ്റ് ഹാന്‍കോക് അറിയിച്ചു. യുകെയില്‍ കണ്ടെത്തിയ 103 കേസുകള്‍ ഇന്ത്യന്‍ വകഭേദമാണെന്ന് കണ്ടെത്തിയതായും ഹാന്‍കോക്ക് പറഞ്ഞു.
പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി മണിക്കൂറുകള്‍ക്കു പിന്നാലെയാണ് ബ്രിട്ടന്റെ നടപടി. ഇന്ത്യയില്‍ നിന്നെത്തുന്ന ബ്രിട്ടന്, അയര്‍ലന്‍ഡ് സ്വദേശികളായ യാത്രക്കാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ടെന്നും മാറ്റ് ഹാന്‍കോക് അറിയിച്ചു. ഇവര്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ക്വാറന്റൈന് ഹോട്ടലില്‍ 10 ദിവസം കഴിയണം. ഇതിനു പണം നല്‍കുകയും വേണം.
അടുത്തയാഴ്ചയാണ് ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. പകരം ഓണ്‍ലൈനായി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























