ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനുനേരെ ആക്രമണം

പാകിസ്ഥാന് സൈന്യത്തിനെതിരെ ശക്തമായ ആക്രമണവുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് . 'ഓപ്പറേഷന് അല്‍മാസ്' എന്ന് പേരിട്ട് നടത്തിയ ആക്രമണത്തില്‍ പാകിസ്താന് സൈന്യത്തിന്റെ മിലിട്ടറി ഇന്റലിജന്‍സ് ക്യാപ്റ്റനെയും സ്പെഷ്യല്‍ സര്‍വീസസ് ഗ്രൂപ്പിലെ നിരവധി ഉദ്യോഗസ്ഥരെയും വധിച്ചതായി ബി.എല്‍.എഫ്. അവകാശപ്പെട്ടു. സംഘടനയുടെ വക്താവ് മേജര്‍ ഗ്വാഹ്റാം ബലൂച് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആക്രമണങ്ങളില്‍ പാകിസ്താന് സേനയ്ക്ക് കനത്ത ജീവഹാനിയും ആയുധങ്ങള്‍ നശിപ്പിക്കപ്പെട്ടതായും, പലയിടങ്ങളിലും സൈന്യത്തിന് പിന്‍വാങ്ങേണ്ടി വന്നതായും ബി.എല്‍.എഫ്. അവകാശപ്പെടുന്നു. പാക് സൈന്യവുമായുള്ള നിലവിലെ ഓപ്പറേഷന്റെ ഭാഗമായുള്ള ഏറ്റുമുട്ടലില്‍ ഓപ്പറേഷന് അല്‍മാസ് പൂര്‍ണ തീവ്രതയോടെയും വിജയത്തോടെയും തുടരുകയാണെന്നും ബി.എല്‍.എഫിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
പാക് സൈന്യത്തിന്റെ ഫ്രോണ്ടിയര്‍ വര്‍ക്സ് ഓര്‍ഗനൈസേഷന്റെ പ്രധാന ക്യാമ്പ് പിടിച്ചെടുത്ത ബി.എല്‍.എഫ്. പ്രവര്‍ത്തകര്‍ ഗ്വാദര്‍ സീറോ പോയിന്റില്‍ തങ്ങളുടെ സംഘടനയുടെ പതാക ഉയര്‍ത്തിയതായി അവകാശപ്പെട്ടു. മുഷാനി പോലീസ് സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുത്ത വിമതര്‍ അവിടെയുണ്ടായിരുന്ന ആയുധങ്ങളും സൈനിക സാമഗ്രികളും പിടിച്ചെടുത്തു. ഈ ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടതായും സംഘടന അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha
























