ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധം നേരിടാന്‍ ജലപീരങ്കി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വിന്യസിച്ചാണ് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന പ്രതിഷേധങ്ങള്‍ പലയിടങ്ങളിലും കലാപത്തിലും കൊള്ളയിലും നാശനഷ്ടങ്ങളിലും കലാശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ 70,000 പൊലീസുകാരെ വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 135 പേരെ നിലവില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. നിരവധി ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ 3000ഓളം കടകള്‍ കൊള്ളയടിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. പ്രതിഷേധങ്ങള്‍ കനക്കുന്ന സാഹചര്യത്തില്‍ പാരീസിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാരീസിലെ പ്രധാന മ്യൂസിയങ്ങളായ ലൂവ്ര്, ഓര്‍സെ എന്നിവ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ പാരിസില്‍ നടത്താനിരുന്ന പ്രതിഷേധങ്ങള്‍ക്ക് പൊലീസ് അവസാന നിമിഷം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രകടനങ്ങള്‍ നഗരത്തിന്റെ തെക്കുകിഴക്കന്‍ അതിര്‍ത്തിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശം ലംഘിച്ച് പ്രതിഷേധം നടത്തിയവര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു.ഉന്നതവിദ്യാഭ്യാസത്തിന് 2.5 ലക്ഷം അധിക സീറ്റുകള്‍, മാസംതോറും 200 യൂറോ വിദ്യാര്‍ത്ഥി ഗ്രാന്റ്, വേതനപെന്‍ഷന്‍ വര്‍ദ്ധന എന്നിവയാണ് പ്രതിഷേധം നടത്തുന്നവരുടെ ആവശ്യങ്ങള്‍. ഫ്രാന്‍സിന് പുറമെ ഇറ്റലി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളിലും സര്‍ക്കാരിനെതിരെ സമരങ്ങള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha

























