പെഡ്രോ കാസ്തിയോ പെറു പ്രസിഡന്‍റ്; 28ന് ചുമതലയേല്‍ക്കും!! ഒരു മാസത്തിലേറെ നീണ്ട വോട്ടെണ്ണലിന് ശേഷമാണ് തിങ്കളാഴ്ച വിജയിയെ പ്രഖ്യാപിച്ചത്; 40 വര്‍ഷത്തിനിടെ വോട്ടെണ്ണല്‍ ഇത്രയും നീളുന്നത് ഇതാദ്യം

ഇടതു ചിന്താഗതിക്കാരനും ഗ്രാമീണ സ്കൂള്‍ അധ്യാപകനുമായ പെഡ്രോ കാസ്തിയോ പെറുവിന്റെ ഭരണതലപ്പത്ത്. ജൂണ്‍ ആറിന് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പെഡ്രോ കാസ്തിയോ വിജയിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു മാസത്തിലേറെ നീണ്ട വോട്ടെണ്ണലിനു ശേഷമാണ് തിങ്കളാഴ്ച വിജയിയെ പ്രഖ്യാപിച്ചത്.
40 വര്‍ഷത്തിനിടെ വോട്ടെണ്ണല്‍ ഇത്രയും നീളുന്നത് ആദ്യമാണ്. കാസ്തിയോക്ക് വലതുപക്ഷ സ്ഥാനാര്‍ഥിയും എതിരാളിയുമായ കീകോ ഫുജിമോരിയെക്കാള്‍ 44,000ത്തിലേറെ വോട്ടുകള്‍ ലഭിച്ചു. ജയിലില്‍ കഴിയുന്ന മുന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫുജിമോരിയുടെ മകളാണ് കീകോ.
പെറുവിലെ പാവപ്പെട്ടവരും ഗ്രാമീണരുമാണ് കാസ്തിയോക്ക് വോട്ട് ചെയ്തത്. സോഷ്യലിസവും മാര്‍ക്സിസവും ലെനിനിസവും പിന്തുടരുന്ന പെറു ലീബ്രേ പാര്‍ട്ടിയുടെ നേതാവാണിദ്ദേഹം. ലോകത്ത് ഏറ്റവും കൂടുതല്‍ ചെമ്പ് ഖനനം ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് പെറു.
എന്നാല്‍, കോവിഡ് രാജ്യത്തെ ദരിദ്രമാക്കി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ സമ്പത്ത് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുകയാണ് പ്രസിഡന്‍റിന് മുന്നിലെ പ്രധാന വെല്ലുവിളി. ചികിത്സാസൗകര്യങ്ങളുടെ അഭാവമാണ് കോവിഡ് കാലത്ത് പെറുവിന് വെല്ലുവിളിയായത്. കാസ്തിയോ 28ന് ചുമതലയേല്‍ക്കും.
https://www.facebook.com/Malayalivartha
























