ഹാസ്യ താരത്തെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാന്‍; നസറിനെ കൊന്ന രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു

അഫ്ഗാന്‍ ഹാസ്യ താരത്തെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാന്‍. ഭീകര സംഘടനാ വക്താവ് സബിഹുള്ള മുജാഹിദ് ആണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിലെ ജനപ്രിയ ഹാസ്യ താരം നസര്‍ മുഹമ്മദാണ് കൊല്ലപ്പെട്ടത്.
മുഹമ്മദിനെ രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാന്‍ രംഗത്ത് വന്നത്. നസറിനെ മര്‍ദ്ദിക്കുന്ന രണ്ട് പേര്‍ താലിബാനിലെ അംഗങ്ങളാണെന്ന് മുജാഹിദ് പറഞ്ഞു.
അഫ്ഗാന്‍ പോലീസ് സേനയിലെ അംഗമാണ് നസര്‍. അതിനാലാണ് ഹാസ്യനടനെ പിടികൂടിയത്. കൊല്ലുന്നതിന് പകരം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി താലിബാന്‍ കോടതിയില്‍ ഹാജരാക്കേണ്ടിയിരിക്കുന്നുവെന്നും മുജാഹിദ് പ്രതികരിച്ചു. നസറിനെ കൊന്ന രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
ഇവര്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും മുജാഹിദ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ചയാണ് നസറിനെ താലിബാന്‍ ഭീകരര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയായിരുന്നു കൊലപാതക വിവരം പുറത്തറിഞ്ഞത്.
https://www.facebook.com/Malayalivartha