നാല് അല്ല അന്ന് ഗാൽവാനിൽ കൊല്ലപ്പെട്ടത് 38 ചൈനീസ് സൈനികർ; ജീവൻ നഷ്ടപ്പെട്ടത് ഒഴുക്കുള്ള നദി മുറിച്ചു കടക്കാൻ നീക്കം നടത്തവേ!!! കൂടുതൽ വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ മാധ്യമം

2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 38 ചൈനീസ് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. സമൂഹമാധ്യമ ഗവേഷകർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഓസ്‌ട്രേലിയൻ മാധ്യമമായ ദ ക്ലാക്‌സോൺ ആണ് പ്രസിദ്ധീകരിച്ചത്. സൈനികരുടെ മരണം സംബന്ധിച്ച് ചൈനയുടെ അവകാശവാദത്തിന്റെ ഒന്‍പത് ഇരട്ടിയാണ് യഥാര്‍ഥ സംഖ്യയെന്നാണ് ഇവർ പുറത്തുവിട്ടിരിക്കുന്നത്. സംഭവത്തിൽ തങ്ങളുടെ നാല് സൈനികർ കൊല്ലപ്പെട്ട കാര്യം മാത്രമേ ചൈന ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളൂ. ഗാല്‍വാന്‍ ഡീകോഡഡ് എന്ന പേരിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2020 ജൂൺ 15നും 16നുമാണ് ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഗാൽവാനിൽ വൻ ഏറ്റുമുട്ടലുണ്ടായത്. ചൈനീസ് സൈനികർ ഗാൽവാൻ നദി മുറിച്ചുകടക്കാൻ നീക്കം നടത്തുന്നതിനിടെയാണ് കൂടുതൽ സൈനികർക്കും ജീവൻ നഷ്ടപ്പെട്ടത്. രാത്രി കൊടും തണുപ്പിലായിരുന്നു ശക്തമായ ഒഴുക്കുള്ള നദി മുറിച്ചുകടന്ന് ഇക്കരെയെത്താൻ നീക്കമുണ്ടായതെന്ന് ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. 38 പീപ്പിൾസ് ലിബറേഷൻ ആർമി(പിഎൽഎ) അംഗങ്ങൾ ശക്തമായ ഒഴുക്കിൽ മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ എല്ലാ ഉപചാരങ്ങളോടെയുമാണ് ഷീക്വൻഹിയിലെ രക്തസാക്ഷികളുടെ സെമിത്തേരിയിൽ അടക്കം ചെയ്തിരിക്കുന്നത്. ചൈനീസ് സമൂഹമാധ്യമമായ വെയ്‌ബോയിലെ യൂസർമാരിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്നാണ് ഗവേഷണസംഘം പുതിയ കണ്ടെത്തലുകളിലേക്കെത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ഉടമ്പടികളെല്ലാം ലംഘിച്ച് ഗാൽവാനിലെ ബഫർ സോണിൽ ചൈന ആരംഭിച്ച നിർമാണപ്രവർത്തികളാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് വിവരം. 2020 ഏപ്രിൽ മുതൽ തന്നെ നിഷ്പക്ഷമേഖലയിൽ ചൈന പട്രോളിങ് സജ്ജീകരണങ്ങൾ വിപുലീകരിക്കാൻ നീക്കം ആരംഭിച്ചിരുന്നു. ഇതോടൊപ്പം നദിക്കു കുറുകെ ഇന്ത്യൻ സൈന്യം നിർമിച്ച പാലവും പിഎൽഎ തകർത്തിരുന്നു. 1962ലെ യുദ്ധത്തിനു ശേഷം ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ ഏറ്റവും വലിയ സൈനിക നടപടിയായിരുന്നു 2020 ജൂണിൽ നടന്നത്. ഗാല്‍വന്‍ ഏറ്റുമുട്ടലില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചതായി ഇന്ത്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ തുടക്കത്തിൽ തങ്ങളുടെ ഒരു സൈനികരും കൊല്ലപ്പെട്ടില്ലെന്നായിരുന്നു ചൈനയുടെ പ്രതികരണം. പിന്നീട് ഒരു വർഷത്തോളം കഴിഞ്ഞാണ് നാല് സൈനികർ കൊല്ലപ്പെട്ട വിവരം ചൈന സമ്മതിച്ചത്. ചൈനയുടെ 35ല്‍ അധികം സൈനികര്‍ കൊല്ലപ്പെട്ടതായും സംഭവത്തിനു ശേഷം ഇന്ത്യ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















