യുക്രെയ്ന്‍- റഷ്യ സംഘര്‍ഷത്തിനിടെ റഷ്യന്‍ ചരക്കു കപ്പല്‍ പിടിച്ചെടുത്ത് ഫ്രാന്‍സ്; ഫ്രാന്‍സിന്റെ നിര്‍ണായക നീക്കം യൂറോപ്യന്‍ യൂണിയന്‍ യോഗത്തില്‍ റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നാലെ; കപ്പലിനെക്കുറിച്ച് ഫ്രഞ്ച് നാവിക സേന അന്വേഷണം ആരംഭിച്ചു

യുക്രെയ്ന്‍- റഷ്യ സംഘര്‍ഷത്തിനിടെ റഷ്യന്‍ ചരക്കു കപ്പല്‍ പിടിച്ചെടുത്ത് ഫ്രാന്‍സ്. സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗിലെ ബാള്‍ടിക് പോര്‍ട്ട് സിറ്റിയിലേക്ക് ചരക്കുമായി പോകാനൊരുങ്ങിയ ബാള്‍ട്ടിക് ലീഡര്‍ എന്ന കപ്പലാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ യോഗത്തില്‍ റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രാന്‍സിന്റെ നിര്‍ണായക നീക്കം.
ഫ്രാന്‍സിലെ പ്രമുഖ നഗരമായ റൂണില്‍ നിന്നും കപ്പല്‍ പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴായിരുന്നു നടപടി. തീരത്തേക്ക് എത്തിയ ഫ്രഞ്ച് നാവിക സേന കപ്പല്‍ പിടിച്ചുവയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് കപ്പല്‍ മറ്റൊരു തുറമുഖമായ ബൊലോണ്‍-സര്‍-മെറിലേക്ക് മാറ്റി. കപ്പല്‍ നിലവില്‍ പോലീസ് കാവലില്‍ ആണ്. സുരക്ഷ ശക്തമാക്കാന്‍ ഫ്രഞ്ച് നാവിക സേനയുടെ പട്രോളിംഗ് ബോട്ടുകളും വിന്യസിച്ചിട്ടുണ്ട്. 127 മീറ്റര്‍ നീളമുള്ള കപ്പലില്‍ കാര്‍ ആയിരുന്നു ചരക്കായി ഉണ്ടായിരുന്നത്.
കപ്പലിനെക്കുറിച്ച് ഫ്രഞ്ച് നാവിക സേന അന്വേഷണം ആരംഭിച്ചു. ബാള്‍ടിക് ലീഡറിലെ ജീവനക്കാര്‍ ഫ്രാഞ്ച് നാവിക സേനയുമായി സഹകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം അനധികൃതമായി കപ്പല്‍ പിടിച്ചുവെച്ചതില്‍ റഷ്യ ഫ്രഞ്ച് അധികൃതരില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















