അഞ്ജുവിന്റേയും മക്കളുടെയും കൊലപാതകം നിരാശ കൊണ്ട് ; മക്കളെ വീട്ടിൽ തനിച്ചാക്കി ജോലിക്കു പോകാൻ കഴിയില്ല എന്ന നിയമം വില്ലൻ; മലയാളി സുഹൃത്തുക്കളെ കിട്ടാത്തതും നിരാശ കൂട്ടി

മലയാളി നഴ്‌സ് അഞ്ജുവും രണ്ട് മക്കളും ബ്രിട്ടനിൽ കൊല്ലപ്പെട്ടതിനു കാരണം ഭർത്താവ് കണ്ണൂർ ഇരിട്ടി പടിയൂർ ചേലപാലിൽ സാജുവിന്റെ നിരാശ എന്ന് സൂചന. ഇതേ തുടർന്ന് ഉണ്ടായ പ്രകോപനമാണ് ഭാര്യയുടെയും മക്കളുടെയും കൊലപാതകത്തിലേക്കു നയിച്ചത്. ആശ്രിത വീസയിലാണു സാജുവും മക്കളും ബ്രിട്ടനിലേക്കു പോയത്. അഞ്ജു അവിടെ കെറ്ററിങ്ങിലെ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു.
ബ്രിട്ടനിലെ നിയമം അനുസരിച്ചു കുഞ്ഞുകുട്ടികളെ വീട്ടിൽ തനിച്ചാക്കി ജോലിക്കു പോകാൻ പാടില്ല. രക്ഷിതാക്കളിലൊരാൾ കുട്ടികളെ പരിചരിച്ചു വീട്ടിൽത്തന്നെ കഴിയണം.ഇതോടെ തനിക്ക് ഉടനെ ജോലി നേടാൻ കഴിയില്ലെന്ന കാര്യം സാജുവിനു മനസ്സിലായി. സാജുവിന് അവിടെ മലയാളി സുഹൃത്തുക്കളെയും ലഭിച്ചില്ല എന്നതും നിരാശയ്ക്ക് ആക്കം കൂട്ടി.
ഇതോടെ മദ്യപാനം പതിവാക്കിയ സാജു മദ്യലഹരിയിലാണ് കൊല നടത്തിയതെന്നാണ് അവിടെ നിന്നുള്ള മലയാളികളിൽ നിന്നു ലഭിക്കുന്ന വിവരം. 15നു രാത്രിയാണ് അഞ്ജുവിനെയും മക്കളായ ജീവ, ജാൻവി എന്നിവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകളാണ് കൊല്ലപ്പെട്ട അഞ്ജു. കൊല നടത്തിയെന്നു തെളിഞ്ഞാൽ ബ്രിട്ടനിലെ നിയമം അനുസരിച്ചു സാജുവിനു കുറഞ്ഞത് 25 വർഷം വരെ തടവുശിക്ഷ ലഭിക്കാം.
അതേസമയം മൃതദേഹങ്ങൾ എത്തിക്കുന്നതിനു ഭീമമായ പണം വേണ്ടിവരുമെങ്കിലും സർക്കാർ സഹായവും ബ്രിട്ടനിലെ മലയാളി സംഘടനകളുടെ സഹായവും ലഭിക്കുമെന്നാണു പ്രതീക്ഷയിലാണ് അഞ്ജുവിന്റെ പിതാവ് അശോകൻ. 30 ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് ഇവർക്കു ലഭിച്ച വിവരം. ഇത്രയും തുക ഒറ്റയ്ക്കു സ്വരൂപിക്കാൻ അശോകന് കഴിയില്ല.
മൃതദേഹം നാട്ടിലെത്തിക്കാനായി നോർക്ക വഴി ശ്രമങ്ങൾ നടത്തിയതിന്റെ ഭാഗമായി ഇന്ത്യൻ ഹൈക്കമ്മിഷന്റെ മറുപടി ലഭിക്കാനുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരൻ, തോമസ് ചാഴികാടൻ എംപി, സുരേഷ് ഗോപി തുടങ്ങിയവർ ഇന്ത്യൻ ഹൈക്കമ്മിഷനുമായി ബന്ധപ്പെട്ടിരുന്നു. മലയാളി സമാജം വഴി സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























