ഡിസംബര്‍ അവസാനവും ജനുവരി ആദ്യവുമായി യൂറോപ്പ് അഭിമുഖീകരിച്ച ഉഷ്ണക്കാറ്റ് സാധാരണഗതിയില്‍ ഇക്കാലത്ത് അതിശൈത്യത്തിലമരുന്ന ഫ്രാന്‍സ് മുതല്‍ ഹംഗറി വരെയുള്ള മേഖലയിലെ താപനിലയില്‍ മാറ്റം വരുത്തി

രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ രണ്ടാമത്തെ ശൈത്യകാലത്തിലൂടെയാണ് ഇക്കുറി യൂറോപ്പ് കടന്നു പോയതെന്ന് യൂറോപ്യന്‍ യൂണിയനിലെ ശാസ്ത്രജ്ഞര്‍. കാലാവസ്ഥാ മാറ്റം തന്നെയാണ് യൂറോപ്പിലെ ശൈത്യകാലത്തെ ചൂടു പിടിപ്പിച്ചതെന്നാണ് അനുമാനം. കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സര്‍വീസ്(സി3എസ്) പ്രസിദ്ധീകരിച്ച ഡാറ്റയനുസരിച്ച് 1991 മുതല്‍ 2020 വരെ രേഖപ്പെടുത്തിയ ശരാശരി താപനിലയേക്കാള്‍ 1.4 ഡിഗ്രി സെല്‍ഷ്യസ് വരെ ഇക്കുറി ചൂട് ഉയര്‍ന്നു.
ഡിസംബര്‍ അവസാനവും ജനുവരി ആദ്യവുമായി യൂറോപ്പ് അഭിമുഖീകരിച്ച ഉഷ്ണക്കാറ്റ് സാധാരണഗതിയില്‍ ഇക്കാലത്ത് അതിശൈത്യത്തിലമരുന്ന ഫ്രാന്‍സ് മുതല്‍ ഹംഗറി വരെയുള്ള മേഖലയിലെ താപനിലയില്‍ മാറ്റം വരുത്തി. മഞ്ഞിന്റെ കുറവു മൂലം മിക്കയിടത്തും സ്‌കീയിങ് കേന്ദ്രങ്ങള്‍ അടച്ചിടേണ്ടി വന്നു. യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ഇത്തവണത്തെ ശൈത്യകാലം പുതിയ പല റെക്കാര്‍ഡുകള്‍ക്കും സാക്ഷ്യം വഹിച്ചപ്പോള്‍ സ്വിസ് പട്ടണമായ അള്‍ട്ട്ഡോര്‍ഫില്‍ 1864-നു ശേഷം ശൈത്യകാലത്തെ താപനില 19.2 ഡിഗ്രി സെല്‍ഷ്യസ് ആയി.
കിഴക്കന്‍ യൂറോപ്പിലാണ് ശൈത്യകാലത്തെ താപനില കൂടിയ പ്രദേശങ്ങള്‍ കൂടുതലും. അതേസമയം, റഷ്യയിലെ ചില മേഖലകളിലും ഗ്രീന്‍ലാന്‍ഡിലും പതിവിലും കവിഞ്ഞ തണുപ്പ് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, റഷ്യ-യുക്രെയ്ന്‍ യുദ്ധം മൂലം ഇന്ധനത്തിന് വില കൂടിയതു കാരണം പ്രതിസന്ധിയിലായ പല രാജ്യങ്ങളേയും തണുപ്പു കുറഞ്ഞത് സാമ്പത്തികമായി ഗുണകരമായിട്ടുണ്ട്. ശൈത്യകാലത്ത് വീടുകളിലും ഓഫിസുകളിലും ചൂടിനായി ഇന്ധനം ഉപയോഗിക്കേണ്ടി വരുന്നതില്‍ ഗണ്യമായി കുറവു വന്നു.
ചൂടേറിയ ശൈത്യകാലം വംശനാശം പോലെയുള്ള അത്യാപത്തുകളിലേക്കും വഴി വെയ്ക്കുമെന്നാണ് വിദ്ഗധരുടെ അഭിപ്രായം. ചെറിയ അംഗസംഖ്യയുള്ളതോ ഒരു മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതോ ആയ ജീവികളാകും ഇത് മൂലം ഭീഷണി നേരിടേണ്ടി വരിക. മഞ്ഞ് മൂടിയ മലനിരകളാല്‍ സമ്പന്നമായ അന്റാര്‍ട്ടിക്കയിലും സ്ഥിതി സമാനമാണ്. അന്റാര്‍ട്ടിക്കയില്‍ കടല്‍ മഞ്ഞിന്റെ തോത് 45 വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. ഇത്തരത്തില്‍ കടല്‍ മഞ്ഞുപാളികള്‍ ഉരുകുന്നത് ആഗോള സമുദ്ര നിരപ്പ് വര്‍ധിക്കുന്നതിനും കാരണമാവും.
https://www.facebook.com/Malayalivartha























