ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ ഇസ്‌ലാമാബാദില്‍നിന്ന് പൊലീസ് എത്തി... ഖാന്‍ തന്റെ വസതിയില്‍നിന്ന് വന്‍ ജനസഞ്ചയത്തിന്റെ അകമ്പടിയോടെ ജാഥ ആരംഭിച്ചു

പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ (പിടിഐ) അധ്യക്ഷനായ ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ ഇസ്‌ലാമാബാദില്‍നിന്ന് പൊലീസ് എത്തിയപ്പോള്‍ വന്‍ ജനപിന്തുണയുള്ള മാര്‍ച്ച് നടത്തിയിരിക്കുകയാണ് പാക്ക് മുന്‍ പ്രധാനമന്ത്രി കൂടിയായ ഇമ്രാന്‍ ഖാന്‍. സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനുപേരാണ് ഇമ്രാന്റെ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്. ഇമ്രാനെതിരെ രണ്ട് ജാമ്യമില്ലാ വാറന്റാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക ഹെലിക്കോപ്റ്ററിലാണ് ഇസ്‌ലാമാബാദ് പൊലീസ് സംഘം ലഹോറില്‍ എത്തിയത്. അവര്‍ ലഹോറില്‍ ഇറങ്ങിയതിനു പിന്നാലെ ഖാന്‍ തന്റെ സമാന്‍ പാര്‍ക്കിലെ വസതിയില്‍നിന്ന് വന്‍ ജനസഞ്ചയത്തിന്റെ അകമ്പടിയോടെ ജാഥ ആരംഭിക്കുകയായിരുന്നു. ഇമ്രാന്റെ വാഹന ജാഥയെ അനുയായികള്‍ റോസാദളങ്ങള്‍ എറിഞ്ഞാണ് സ്വീകരിച്ചത്.
വൈകുന്നേരം 5.30ന് ഡേറ്റ ദര്‍ബാറില്‍ മാര്‍ച്ച് അവസാനിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ രാത്രി 7.45 ആയിട്ടും സ്ഥലത്ത് എത്താന്‍ കഴിഞ്ഞില്ല. ബുള്ളറ്റ് – പ്രൂഫ് കാറിലിരുന്ന് ഇമ്രാന്‍ തന്നെയാണ് മാര്‍ച്ച് നയിക്കുന്നത്. റാലിയെ തടഞ്ഞാല്‍ ജനരോഷം നേരിടേണ്ടിവരുമെന്ന് പിടിഐ മുതിര്‍ന്ന നേതാവ് ഫവാദ് ചൗധരി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പൊതുയോഗത്തില്‍വച്ച് വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും തോഷാഖാന കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്നതിലുമാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, ഇമ്രാന്റെ മാര്‍ച്ചിനെ സംബന്ധിച്ച് ലഹോര്‍ ജില്ലാ ഭരണകൂടത്തിന് മുന്‍കൂട്ടി അറിയിപ്പുണ്ടായിരുന്നു. ജുഡീഷ്യറി, ഭരണഘടനാസ്ഥാപനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് പിടിഐയുടെ ഒരുനേതാവുപോലും മോശം അഭിപ്രായം പറയരുതെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നിബന്ധന.
https://www.facebook.com/Malayalivartha























