കോസ്റ്റ്യാന്റിനിവ്കയില്‍ ജനങ്ങള്‍ക്കായി ഒരുക്കിയ അഭയകേന്ദ്രത്തിലാണു മിസൈലാക്രമണം നടന്നത്. കിഴക്കന്‍ യുക്രെയ്‌നിലെ ബഹ്‌മുതില്‍ ഇനി അവശേഷിക്കുന്ന പതിനായിരത്തോളം നാട്ടുകാര്‍ റഷ്യന്‍ ആക്രമണത്തിനു നടുവില്‍ ദുരിതജീവിതം നയിക്കുകയാണെന്ന് റെഡ്‌ക്രോസ് ചൂണ്ടിക്കാട്ടി

റഷ്യന്‍ മുന്നേറ്റം മന്ദഗതിയിലായെന്ന് യുക്രെയ്ന്‍ അവകാശപ്പെട്ട മേഖലകളില്ലെല്ലാം കനത്ത ആക്രമണവും നാശവും. കിഴക്കന്‍ നഗരമായ ബഹ്‌മുതിലും സുമി, ഡൊണെട്‌സ്‌ക് പ്രവിശ്യകളിലും മിസൈല്‍ ആക്രമണങ്ങളില്‍ 10 മരണം. ഡൊണെട്‌സ്‌കിലെ കോസ്റ്റ്യാന്റിനിവ്കയില്‍ 5 പേരും സുമിയിലെ ബിലോപിലിയയില്‍ 2 പേരും ഹേഴ്‌സനില്‍ 2 പേരുമാണു മരിച്ചത്.
കോസ്റ്റ്യാന്റിനിവ്കയില്‍ ജനങ്ങള്‍ക്കായി ഒരുക്കിയ അഭയകേന്ദ്രത്തിലാണു മിസൈലാക്രമണം നടന്നത്. കിഴക്കന്‍ യുക്രെയ്‌നിലെ ബഹ്‌മുതില്‍ ഇനി അവശേഷിക്കുന്ന പതിനായിരത്തോളം നാട്ടുകാര്‍ റഷ്യന്‍ ആക്രമണത്തിനു നടുവില്‍ ദുരിതജീവിതം നയിക്കുകയാണെന്ന് റെഡ്‌ക്രോസ് ചൂണ്ടിക്കാട്ടി. ബഹ്‌മുതില്‍ താമസിച്ചിരുന്ന 90% പേരും സ്ഥലംവിട്ടു കഴിഞ്ഞു. റഷ്യന്‍ ആക്രമണത്തിലെ ഏറ്റവും നീണ്ടുനിന്നതും നാശനഷ്ടമേറിയതുമായ യുദ്ധമേഖലയായി ബഹ്‌മുത് മാറി.
9 ബെലാറൂസ് പൗരന്മാര്‍ക്കും 3 കമ്പനികള്‍ക്കുമെതിരെ യുഎസ് ധനവകുപ്പ് പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. ഇതിനിടെ, 2014ല്‍ റഷ്യയോടു കൂട്ടിച്ചേര്‍ത്ത ക്രൈമിയ തിരിച്ചുപിടിക്കാന്‍ യുക്രെയ്ന്‍ ശ്രമം നടത്തിയാല്‍ ഏത് ആയുധം പ്രയോഗിക്കാനും മടിക്കില്ലെന്നു റഷ്യന്‍ സുരക്ഷാ സമിതി ഉപാധ്യക്ഷനും രാജ്യത്തിന്റെ മുന്‍ പ്രസിഡന്റുമായ ദിമിത്രി മെദ്‌മെദേവ് മുന്നറിയിപ്പു നല്‍കി. പിടിച്ചെടുത്ത മേഖലകളെ സൈനികമുക്തമാക്കി ബഫര്‍ സോണാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാറ്റോയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചര്‍ച്ചയിലൂടെ പരിഹാരം കാണാനാണു താല്‍പര്യമെന്നും വ്യക്തമാക്കി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയും യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല വോണ്‍ ദെര്‍ ലെയനും ഏപ്രിലില്‍ ചൈന സന്ദര്‍ശിക്കുമെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് റഷ്യയിലെത്തി പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച കഴിഞ്ഞു മടങ്ങിയതിനു പിന്നാലെയാണ് യൂറോപ്യന്‍ നേതാക്കള്‍ ചൈനയില്‍ ചര്‍ച്ചയ്‌ക്കെത്തുന്നത്. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വഴി കണ്ടെത്തണമെങ്കില്‍ ചൈന പറയുന്നതു കേള്‍ക്കണമെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ബ്രസല്‍സില്‍ യൂറോപ്യന്‍ കൗണ്‍സിലുമായി കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ചൈനയ്ക്കുള്ള ആഗോളപ്രസക്തിയെപ്പറ്റി സാഞ്ചസ് അഭിപ്രായപ്പെട്ടത്.
https://www.facebook.com/Malayalivartha