റഷ്യന്‍ പ്രദേശങ്ങളെ ആക്രമിക്കാന്‍ യുക്രെയ്‌ന് പദ്ധതിയില്ലെന്ന് പ്രസിഡന്റ് സെലന്‍സ്‌കി

റഷ്യന്‍ പ്രദേശങ്ങളെ ആക്രമിക്കാന്‍ യുക്രെയ്‌ന് പദ്ധതിയില്ലെന്ന് പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി. ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, നിയമവിരുദ്ധമായി കൈയടക്കിയ പ്രദേശങ്ങളെ മോചിപ്പിക്കാനായി പ്രത്യാക്രമണത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവശ്യമായ കാലത്തോളം യുക്രെയ്‌നെ സഹായിക്കുമെന്ന് ഷോള്‍സ് പ്രഖ്യാപിച്ചു.
യുക്രെയ്‌ന് 2.7 ബില്യണ്‍ യൂറോയുടെ ആയുധങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അനുദിനമെന്നോണം നടക്കുന്ന റഷ്യന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനായി അത്യാധുനിക ജര്‍മന്‍ ലെപ്പാര്‍ഡ് ടാങ്കുകള്‍, കൂടുതല്‍ വിമാനവേധ സംവിധാനങ്ങള്‍ തുടങ്ങിയവയാണ് നല്‍കുന്നത്.
2022 ഫെബ്രുവരിയില്‍ റഷ്യ ആക്രമണം തുടങ്ങിയശേഷം യുക്രെയ്‌ന് ലഭിക്കുന്ന ഏറ്റവും വലിയ ആയുധ സഹായമാണ് ഇതെന്ന് സെലന്‍സ്‌കി പറഞ്ഞു. യുക്രെയ്ന്‍ നിരന്തരം റഷ്യന്‍ പ്രദേശങ്ങളില്‍ ആക്രമണം നടത്തുകയാണെന്നാണ് റഷ്യ ആരോപിക്കുന്നത്.
ഞായറാഴ്ച വൈകുന്നേരം പടിഞ്ഞാറന്‍ നഗരമായ ആഖെനിലെത്തിയ സെലന്‍സ്‌കി പ്രശസ്തമായ കാള്‍മെയ്ന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. യൂറോപ്യന്‍ ഐക്യം ഊട്ടിയുറപ്പിക്കാനായി നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് സമ്മാനിക്കുന്നതാണ് ഈ പുരസ്‌കാരം. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ, ബില്‍ ക്ലിന്റണ്‍ തുടങ്ങിയവര്‍ നേരത്തേ ഈ പുരസ്‌കാരം നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha




















