എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ട് ആടിയുലഞ്ഞു, യാത്രക്കാർക്ക് പരിക്ക്, ഓസ്‌ട്രേലിയയിലേക്കുള്ള യാത്രക്കിടെ സംഭവിച്ചത്

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. യാത്രാമധ്യേ ആടിയുലഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റവര്‍ക്ക് വിമാനത്തില്‍ വച്ച് തന്നെ ക്യാബിന്‍ ക്രൂ അടിയന്തര വൈദ്യസഹായം നല്‍കി. ചൊവ്വാഴ്ചയാണ് സംഭവം. ഡല്‍ഹി- സിഡ്‌നി എയര്‍ ഇന്ത്യ വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. ഇന്നലെ രാത്രി ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബി787-800 വിമാനം യാത്രാമധ്യേ ആകാശച്ചുഴിയിൽ പെടുകയായിരുന്നു.
ഏഴുപേര്‍ക്ക് പരിക്കേറ്റെന്നാണ് ഡിജിസിഎയുടെ വിശദീകരണം. പരിക്കേറ്റവർക്ക് സിഡ്‌നി വിമാനത്താവളത്തിൽ എത്തിയും ചികിത്സ നൽകി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ വീട്ടിലേയ്ക്ക് അയച്ചതായാണ് റിപ്പോർട്ട്. എന്നാല്‍ ആരുടെയും പരിക്ക് സാരമില്ലാത്തത് കൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്ന് ഡിജിസിഎ പറഞ്ഞു. ‘വിമാനത്തിനിടെ ഏഴ് യാത്രക്കാർക്ക് ചെറിയ ഉളുക്ക് സംഭവിച്ചിട്ടുണ്ട്.
യാത്രക്കാര്‍ക്കിടയിലുണ്ടായിരുന്ന ഒരു ഡോക്ടറുടെയും നഴ്‌സിന്റെയും സഹായത്തോടെ ക്യാബിൻ ക്രൂ ഓൺബോർഡ് ഫസ്റ്റ് എയ്‌ഡ് കിറ്റ് ഉപയോഗിച്ച് പ്രഥമശുശ്രൂഷ നൽകി,” -ഉദ്യോഗസ്ഥർ പറഞ്ഞു. വായുവിൽ ഉണ്ടാകുന്ന വ്യതിയാനം കാരണം വിമാനങ്ങൾ യാത്രയ്ക്കിടെ ഉലയുന്നത് സാധാരണമാണെങ്കിലും അത് യാത്രക്കാർക്ക് പരിക്കുണ്ടാകും വിധം ശക്തമാകുന്നത് അപൂർവമാണ്. സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യയും വ്യോമയാന മന്ത്രാലയവും അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha




















