ഐഡിഎഫ് ആക്രമണത്തിൽ പരിക്കേറ്റ, അല്‍ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദയുടെ കണ്ണുകളെക്കുറിച്ച് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം...

ഐഡിഎഫ് ആക്രമണത്തിൽ പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അല്‍ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദയുടെ കണ്ണുകളെക്കുറിച്ച് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം. അവസാനം പോസ്റ്റ് ചെയ്ത വീഡിയോയില്‍ അബൂ ഉബൈദയുടെ കണ്ണുകള്‍ തമ്മില്‍ വലിപ്പ വ്യത്യാസമുണ്ടെന്നാണ് ഇസ്രായേല്‍ പ്രതിരോധസേന പറയുന്നത്. വ്യോമാക്രമണത്തില്‍ ഏറ്റ പരിക്ക് ആയിരിക്കാം, അതുമല്ലെങ്കില്‍ കാഴ്ചക്കാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടി ചെയ്തതാണോ എന്നും സംശയം പ്രകടിപ്പിക്കുന്നുണ്ട്.
അടുത്തിടെ ഇസ്രായേലിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ഒരു വീഡിയോ അബൂ ഉബൈദ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയിലും അദ്ദേഹം കഫിയ്യ കൊണ്ട് മുഖം മറച്ചിട്ടുണ്ടെങ്കിലും കണ്ണുകളുടെ വലിപ്പ വ്യത്യാസം തങ്ങള്‍ കണ്ടെത്തിയെന്നാണ് ഇസ്രായേല്‍ അവകാശവാദം. അബൂ ഉബൈദയെ സൂക്ഷമമായി നിരീക്ഷിക്കുന്ന ഒരാള്‍ക്ക് ഈ മാറ്റം കണ്ടെത്താനാവും. ഒരു കണ്ണ് രണ്ടാമത്തേതിനെക്കാള്‍ വലുതാണ്. അത് അസാധാരണമാണെന്നും ഇസ്രായേല്‍ പ്രതിരോധസേനയെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേലിന്റെ നിഷ്ഠൂരമായ ആക്രമണത്തെ കുറിച്ചും ഹമാസിന്റെ പ്രതിരോധത്തെ കുറിച്ചും അറിയാന്‍ ഫലസ്തീന്‍ ജനത കാതോര്‍ക്കുന്നത് അബൂ ഉബൈദയുടെ വാക്കുകള്‍ക്കാണ്. ഒക്ടോബര്‍ ഏഴിലെ ആക്രമണങ്ങള്‍ക്ക് ശേഷം അദ്ദേഹം നിരന്തരം മാധ്യമങ്ങള്‍ക്ക് മുന്നിലെത്താറുണ്ട്.
പട്ടാള യൂണിഫോമില്‍ കണ്ണ് മാത്രം പുറത്തേക്ക് കാണുന്ന വിധത്തില്‍ ചുവന്ന കഫിയ്യ കൊണ്ട് മുഖം മറച്ചാണ് അബൂ ഉബൈദ മാധ്യമങ്ങളെ കാണാറുള്ളത്. യുദ്ധഭൂമിയില്‍നിന്ന് ഇസ്രായേല്‍ അനുകൂല വാര്‍ത്തകള്‍ മാത്രം പുറംലോകത്തെത്തുന്ന വേളയിലാണ് അബൂ ഉബൈദയുടെ വാര്‍ത്താസമ്മേളനങ്ങളും റെക്കോര്‍ഡിങ് സംഭാഷണങ്ങളും ശ്രദ്ധ നേടിയത്.
https://www.facebook.com/Malayalivartha
























