യമനില്‍ ആയുധധാരികള്‍ 4 ഇന്ത്യന്‍ കന്യാസ്ത്രീകളടക്കം 16 പേരെ വെടിവച്ചുകൊന്നു

ആഭ്യന്തരയുദ്ധം അതിരൂക്ഷമായ യമനില്‍ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ മലയാളികള്‍ ഉണ്ടോയെന്ന് വ്യക്തമല്ല. തെക്കന്‍ തുറമുഖനഗരമായ ഏദനിലെ ഷേഖ് ഉസ്മാന്‍ ജില്ലയിലുള്ള വൃദ്ധസദനമാണ് വെള്ളിയാഴ്ച ആക്രമിക്കപ്പെട്ടത്. ഭീകരസംഘടനയായ ഇസ്‌ളാമിക് സ്‌റ്റേറ്റിന് ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് സൂചന.
കെട്ടിടത്തിലേക്ക് അതിക്രമിച്ചുകയറിയ നാല് തോക്കുധാരികള്‍ ആദ്യം ഗാര്‍ഡിനെയും ജീവനക്കാരനെയും വധിച്ചു. കെട്ടിടത്തില്‍ കടന്ന് മുറികളില്‍നിന്ന് ജീവനക്കാരെയും അന്തേവാസികളെയും പിടികൂടി കൈവിലങ്ങ് അണിയിച്ചശേഷം വെടിവയ്ക്കുകയായിരുന്നു. ഇന്ത്യന്‍ കന്യാസ്ത്രീകളെ മാറ്റിനിര്‍ത്തിയാണ് വെടിവച്ചുകൊന്നത്. പിന്നീട് വൃദ്ധസദനത്തിലെ അന്തേവാസികളെ തലയ്‌ക്ക്വെടിവച്ചുകൊല്ലുകയായിരുന്നു.
രണ്ട് യമന്‍ സ്ത്രീകള്‍, ആറ് എത്യോപ്യന്‍ വൃദ്ധകള്‍, ഒരു യമന്‍ പാചകക്കാരന്‍ എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടും. മൃതദേഹങ്ങള്‍ ഏദനില്‍ ഡോക്ടേഴ്‌സ് വിത്തൌട്ട് ബോര്‍ഡേഴ്‌സ് നടത്തുന്ന ആശുപത്രി മോര്‍ച്ചറിയിലേക്കുമാറ്റി. ഒരു കന്യാസ്ത്രീ അക്രമികളില്‍നിന്ന് രക്ഷപ്പെട്ടു. വെടിവയ്പുശബ്ദം കേട്ട് സ്‌റ്റോര്‍റൂമില്‍ കയറി ഒളിക്കുകയായിരുന്നു. ഇവര്‍ സൈന്യത്തിന്റെ സംരക്ഷണയിലാണ്. ആക്രമണം നടക്കുമ്പോള്‍ വൃദ്ധസദനത്തില്‍ എണ്‍പതോളം അന്തേവാസികളുണ്ടായിരുന്നു. ആറുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ കെട്ടിടത്തിന് കാവല്‍നിന്നു. വെടിവയ്പിനുശേഷം ആക്രമികള്‍ രക്ഷപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha