വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും നേരിട്ടുള്ള വ്യോമയാന ബന്ധം പുനരാരംഭിച്ചു

14 വര്‍ഷത്തെ വിലക്കിന് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും നേരിട്ടുള്ള വ്യോമയാന ബന്ധം പുനരാരംഭിച്ചു. ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സാണ് ധാക്കകറാച്ചി വിമാന സര്‍വീസ് ആരംഭിച്ചത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെട്ടു. വ്യാഴാഴ്ച രാത്രി 8.15 ന് ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം രാത്രി 11.03ന് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. വിമാനത്തെ ജല സല്യൂട്ട് നല്‍കി സ്വീകരിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വ്യോമയാന മേഖലയ്ക്ക് അപ്പുറം മറ്റ് മേഖലകളിലേക്കും വ്യാപിക്കുമെന്ന് സിന്ധ് ഗവര്‍ണര്‍ കമ്രാന്‍ ടെസ്സോറി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉദ്ഘാടന വിമാനത്തിന് ബംഗ്ലാദേശിന്റെ സിവില്‍ ഏവിയേഷന്‍, ടൂറിസം ഉപദേഷ്ടാവ് ഷെയ്ഖ് ബഷീറുദ്ദീന്‍, ബംഗ്ലാദേശിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ ഇമ്രാന്‍ ഹൈദര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യാത്രയയപ്പ് നല്‍കിയതായി ധാക്കയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.
ബംഗ്ലാദേശ് എയര്‍ലൈന്‍സ് ക്രമേണ വിമാനങ്ങളുടെ ആവൃത്തി വര്‍ദ്ധിപ്പിക്കുകയും വിമാന നിരക്കുകള്‍ കുറയ്ക്കുകയും ചെയ്യുമെന്നും അറിയിച്ചു. ബംഗ്ലാദേശിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും തമ്മില്‍ വ്യോമബന്ധം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ പരാമര്‍ശിച്ചു.
2012 മുതല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. പിന്നീട് ദുബായ്, ദോഹ തുടങ്ങിയ ഗള്‍ഫ് കേന്ദ്രങ്ങള്‍ വഴിയുള്ള കണക്ഷന്‍ റൂട്ടുകളിലൂടെയായിരുന്നു യാത്ര. ആഴ്ചയില്‍ രണ്ടുതവണ സര്‍വീസ് നടത്താനാണ് നിലവിലെ തീരുമാനം. വ്യാപാരവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിലും വിദ്യാഭ്യാസ വിനിമയം വികസിപ്പിക്കുന്നതിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം വളര്‍ത്തിയെടുക്കുന്നതിലും വിമാന സര്‍വീസ് നിര്‍ണായക പങ്ക് വഹിക്കുമെന്ന് ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ് പറഞ്ഞു. ആദ്യ വിമാനത്തില്‍ 150 യാത്രക്കാര്‍ ഉണ്ടായിരുന്നു. കറാച്ചിക്കും ചിറ്റഗോങ്ങിനും ഇടയിലുള്ള ചരക്ക് കപ്പല്‍ ഗതാഗതം 2024 നവംബറില്‍ പുനരാരംഭിച്ചിരുന്നു.
https://www.facebook.com/Malayalivartha


























