ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവര്‍ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 58 പേര്‍ മരിച്ചതായി സ്ഥിരീകരണം

ബ്രിട്ടനില്‍, പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവര്‍ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 58 പേര്‍ മരിച്ചതായി സ്ഥിരീകരണം. കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നില്ലെന്നാണ് കരുതുന്നതെന്നും, മരണസംഖ്യ ചിലപ്പോള്‍ കൂടിയേക്കാമെന്നും മെട്രൊപ്പൊലിറ്റന്‍ പൊലീസ് മേധാവി സ്റ്റുവര്‍ട്ട് കന്‍ഡി അറിയിച്ചു. 58 പേരുടെ മരണം സ്ഥിരീകരിച്ചു. 16 മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി. കാണാതായവരും മരിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഇനി ആരെങ്കിലും ജീവനോടെ അവശേഷിക്കാന്‍ സാധ്യതയില്ലെന്നും പൊലീസ് മേധാവി പറഞ്ഞു.
എന്നാല്‍ എഴുപതോളം പേര്‍ മരിച്ചതായാണ് ബി.ബി.സി അടക്കമുള്ള മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഗ്‌നിബാധയ്ക്ക് ശേഷം 74 പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമായിരുന്നു കെട്ടിടം അഗ്‌നിക്കിരയായത്. 24 നിലകളിലായി 120 അപ്പാര്‍ട്ടുമെന്റുകളില്‍ 600ല്‍ അധികം പേരാണ് അഗ്‌നിബാധയുടെ സമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍, ഇനിയും ഏറെ സമയം വേണ്ടിവരും എന്നാണ് ലണ്ടന്‍ പൊലീസ് സൂചിപ്പിച്ചത്.
നേരത്തെ, ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ അപകടത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha























