കാരുണ്യത്തിന്റെ പര്യായം; ഷാജിയച്ചന്റെ സേവനം ഇനി ഗാസിയാബാദില്‍

കാരുണ്യ പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായ ഷാജിയച്ചന്‍ നാട്ടിലേക്ക് നാട്ടിലേക്ക്. കാരുണ്യ പ്രവര്‍ത്തനം ഒരിക്കലും പ്രശസ്തിക്കുവേണ്ടിയാകരുതെന്ന സന്ദേശം തന്റെ പ്രവൃത്തിയിലൂടെ പകര്‍ന്നു നല്‍കിയ ഷാജിയച്ചന്റെ സേവനം ഇനി ഗാസിയാബാദില്‍. ഡല്‍ഹി ഭദ്രാസനത്തിലെ ഗാസിയാബാദ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയിലാണു പുതിയ ദൗത്യം.
വിശന്നുവരുന്ന ആര്‍ക്കും ദുബായിലെ പള്ളിയങ്കണത്തിലെ വലിയ ഫ്രിജില്‍നിന്നു സ്വാതന്ത്ര്യത്തോടെ വയര്‍നിറയെ ഭക്ഷണം കഴിച്ചുമടങ്ങാന്‍ സൗകര്യമൊരുക്കിയ ഇദ്ദേഹം നൂറുകണക്കിനാളുകളുടെ വിശപ്പകറ്റി. ഇദ്ദേഹത്തിന്റെ ദൗത്യത്തില്‍ വിശ്വാസികള്‍ കൂട്ടത്തോടെ പങ്കാളികളായതോടെ ഒഴിയാത്ത കലവറയായി പള്ളിയങ്കണം മാറി. വെള്ളം, ജൂസ്, മോര്, പഴങ്ങള്‍ തുടങ്ങിയവയാണ് ഫ്രിജില്‍ ഉള്ളത്. വിസിറ്റ് വീസയിലെത്തി ജോലിതേടി അലയുന്നവരുള്‍പ്പെടെ ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നതു തിരിച്ചറിഞ്ഞാണ് ഇത്തരമൊരു സംരംഭത്തിനു തുടക്കമായത്.
സ്വന്തം പ്രയാസം മറ്റുള്ളവരോടു പങ്കുവയ്ക്കാന്‍പോലും കഴിയാത്തവരെ ഉദ്ദേശിച്ചായിരുന്നു പ്രധാനമായും ഈ ദൗത്യം. ബാച്‌ലേഴ്‌സിനു മാത്രമല്ല, കുടുംബമായി താമസിക്കുന്നവര്‍ക്കും ഇത് അനുഗ്രഹമായി മാറിയിരുന്നു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ തിരുവനന്തപുരത്തുനിന്നെത്തിയ എമിറേറ്റ്‌സ് വിമാനം ദുബായ് വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പെട്ടപ്പോള്‍ യാത്രക്കാരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അരികില്‍ സാന്ത്വനവുമായി ആദ്യം ഓടിയെത്തിയവരില്‍ ഒരാളായിരുന്നു ഫാ.ഷാജി മാത്യൂസ്. ഇടവകക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയതിനും മുന്‍കൈയെടുത്തു. പത്തനംതിട്ട കിഴവള്ളൂര്‍ വലിയപറമ്പില്‍ പരേതനായ ഫാ.വിജെ.മാത്യൂസിന്റെയും റിട്ട.അധ്യാപിക ശോശാമ്മയുടെയും മകനാണ് ഷാജിയച്ചന്‍.
https://www.facebook.com/Malayalivartha



























