പരിക്കേറ്റു കിടന്ന കംഗാരുവിനെ കഴുത്തറുത്ത് കൊന്നയാള്‍ മെല്‍ബണില്‍ പിടിയില്‍

കാലിന് പരിക്കേറ്റു കിടന്ന കംഗാരുവിനെ കഴുത്തറുത്ത് കൊന്നയാള്‍ മെല്‍ബണില്‍ അറസ്റ്റില്‍. വീചാറ്റില്‍ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് അധികൃതര്‍ ഇയാളെ പിടികൂടിയത്.കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ വിക്ടോറിയന്‍ നിയമപ്രകാരം രണ്ടു വര്‍ഷം തടവും 30,000 ഡോളര്‍ പിഴയും (ഏകദേശം 20 ലക്ഷം രൂപ) ലഭിക്കും. ഇയാളുടെ വീട്ടില്‍ നിന്ന് കത്തിയും തോക്കുകളും വിക്ടോറിയ സ്‌റ്റേറ്റ് അധികൃതര്‍ കണ്ടെടുത്തിരുന്നു.
കുന്നിന്‍ ചെരിവില്‍ പരിക്കേറ്റു കിടക്കുന്ന കംഗാരുവിനെയാണ് ഇയാള്‍ കൊന്നത്. മൃഗത്തെ ഉപദ്രവിച്ച ശേഷം വാലില്‍ പിടിച്ച് വലിച്ചിഴച്ചു. ഇതിനുശേഷം മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കംഗാരു ഉച്ചത്തില്‍ കരയുന്നതിനിടെ ആളുകള്‍ ചിരിക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.
മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത ഗൗരവകരമായ കാര്യമാണെന്ന് വിക്ടോറിയ ഡിഇഎല്‍ഡബ്ല്യുപി വക്താവ് ഗ്ലെന്‍ ഷാര്‍പ്പ് പറഞ്ഞു. ഇത്തരം കാര്യങ്ങളെ കുറിച്ച് വിവരം നല്‍കിയ പൊതുജനങ്ങള്‍ക്ക് ഷാര്‍പ്പ് നന്ദി പറഞ്ഞു.
https://www.facebook.com/Malayalivartha

























