വർഷങ്ങളോളം മക്കളെ ചങ്ങലയ്ക്കിട്ട് മാതാപിതാക്കളുടെ ക്രൂരത...

സ്വന്തം മക്കളെ മാതാപിതാക്കൾ ചങ്ങലയ്ക്കിട്ടത് പതിമൂന്ന് വർഷം. രണ്ട് മുതല്‍ 29 വയസ്സുവരെ പ്രായമുള്ള മക്കളാണ് മാതാപിതാക്കളുടെ ക്രൂരതയ്ക്കിരയായത്. ലോസ് ആഞ്ജലിസിലാണ് സംഭവം. വീട്ടുതടവിലായിരുന്ന മക്കളിൽ 17 വയസ്സുള്ള പെണ്‍കുട്ടി തടവിൽ നിന്നും രക്ഷപെടുകയും വിവരം പോലീസിനെ അറിയിക്കുകയും ചെയ്തതോടെയാണ് ഈ വിവരം പുറംലോകം അറിയുന്നത്.
വീടെത്തിയപ്പോൾ കണ്ട കാഴ്ച പോലീസ് ഉദ്യോഗസ്ഥരെപ്പോലും വേദനിപ്പിക്കുന്നതായിരുന്നു. മക്കളിൽ പലരും പട്ടിണി കോലങ്ങളായിരുന്നു. സംഭവത്തിൽ പോലീസ് മറ്റ് 12പേരെയും രക്ഷപ്പെടുത്തുകയും മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകായും ചെയ്തു. 57 വയസ്സുകാരനായ ഡേവിഡ് അലന്‍ ടര്‍പിന്‍, 49കാരിയായ ലൂയിസ് അന്ന ടര്‍പിന്‍ എന്നിവരാണ് പിടിയിലായത്. രക്ഷപ്പെടുത്തിയ 13 പേരും സഹോദരങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. സഹായം തേടിയെത്തിയ 17വയസ്സുകാരിയെ കണ്ടാല്‍ 10 വയസ്സുമാത്രമേ തോന്നിക്കൂവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
പൂട്ടിയിട്ട ഏഴ് കുട്ടികള്‍ 18നും 29നും പ്രായമുള്ളവരായിരുന്നു. 2 വയസ്സുള്ള കുട്ടിയും കൂട്ടത്തിലുണ്ടായിരുന്നു. സഹോദരി നല്‍കിയ വിവരമനുസരിച്ച് കുട്ടികളെ രക്ഷിക്കാന്‍ പോലീസെത്തുമ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു വീടിന് ഉള്‍ഭാഗം. പലരെയും കട്ടിലിനോട് ചേര്‍ത്ത് ചങ്ങലയിട്ട് പൂട്ടി ഇരുട്ട് മുറിയിലിട്ടിരിക്കുകയായിരുന്നു.
വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കുന്ന ഇവരെല്ലാവരും തന്നെ പോഷകാഹാരക്കുറവ് മൂലം പട്ടിണിക്കോലങ്ങളായിരുന്നു. എല്ലാവരെയും പ്രാഥമിക ശുശ്രൂഷകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിച്ചു. കുട്ടികളില്‍ നിന്ന് വിശദവിവരങ്ങള്‍ അന്വേഷിക്കാന്‍ എത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ആദ്യം പതിമൂന്ന് പേര്‍ക്കും ആവശ്യത്തിന് ഉഭക്ഷണവും വെള്ളവും നല്‍കുകയാണ് ചെയ്തത്. കുട്ടികള്‍ ആരോഗ്യം വീണ്ടെടുത്ത ശേഷം വിവരങ്ങള്‍ ചോദിച്ചറിയുമെന്ന് പൊലീസ് വ്യക്തമാക്കി. വാര്‍ത്തയറിഞ്ഞ് ഞെട്ടലിലാണ് ടര്‍പിന്‍ ദമ്പതികളുടെ അയല്‍ക്കാര്‍. ഇത്രയധികം കുട്ടികള്‍ ഈ വീട്ടില്‍ താമസിച്ചിരുന്നതായി തങ്ങള്‍ക്കറിയില്ലായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. എപ്പോഴോ ഒരിക്കല്‍ വീടിനു മുന്‍വശത്ത് കുറച്ച് കുട്ടികളെ കണ്ടിരുന്നുവെന്നും പൂന്തോട്ടം ഒരുക്കുന്നത് കണ്ട് അഭിനന്ദിച്ചെങ്കിലും അവര്‍ മറുപടിയൊന്നും പറഞ്ഞില്ലെന്നും അയല്‍വാസികളിലൊരാള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























