ആണവ നിരായുധീകരണത്തിനു പകരം പണം: അസംബന്ധമെന്ന് ഉത്തരകൊറിയ

ആണവ നിരായുധീകരണത്തിനു പകരം യുഎസില്‍നിന്നു സാമ്പത്തിക സഹായം ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഉത്തരകൊറിയ. ഇത്തരത്തില്‍ യുഎസ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്ന് ഉത്തരകൊറിയയിലെ വര്‍ക്കേഴ്‌സ് പാര്‍ട്ടി മുഖപത്രമായ റോഡോങ് സിന്‍മന്‍ പ്രതികരിച്ചു.
യുഎസാണ് സമാധാന ചര്‍ച്ചകള്‍ക്കായി ഉത്തരകൊറിയയെ ഇങ്ങോട്ടു ബന്ധപ്പെട്ടത്. സാമ്പത്തിക സഹകരണമുണ്ടെങ്കില്‍ അതും അങ്ങനെ തന്നെ. അല്ലാതെ അങ്ങോട്ട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ഉത്തരകൊറിയ അറിയിച്ചു. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ സിംഗപ്പൂരില്‍ തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച ട്രംപ് വേണ്ടെന്നു വച്ചതോടെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 'സഹായവിവാദം' പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ പിന്നീട് കൂടിക്കാഴ്ചയില്‍നിന്നു പിന്നോട്ടു പോയിട്ടില്ലെന്നു ട്രംപ് തന്നെ അറിയിക്കുകയും ചെയ്തു.
കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി ശനിയാഴ്ച കിം ചര്‍ച്ച നടത്തിയിരുന്നു. മാത്രമല്ല, കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി പങ്‌ഗ്യേറി ആണവ പരീക്ഷണ കേന്ദ്രം സ്‌ഫോടനത്തിലൂടെ ഉത്തരകൊറിയ നശിപ്പിക്കുകയും ചെയ്തു. സിംഗപ്പൂരില്‍ ഉച്ചകോടി ഒരുക്കങ്ങള്‍ക്കായി എത്തിയ യുഎസ് സംഘത്തെ കാത്തിരുത്തി മുഷിപ്പിച്ചത് അടക്കം ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുള്ള തുടര്‍ച്ചയായ വാഗ്ദാന ലംഘനങ്ങളാണ് ഉച്ചകോടി റദ്ദാക്കാന്‍ കാരണമെന്നാണു വൈറ്റ് ഹൗസ് അറിയിച്ചിരുന്നത്.
https://www.facebook.com/Malayalivartha

























