ഈജിപ്തിന്റെ പ്രസിഡന്റായി അബ്ദല്‍ ഫത്താ അല്‍ സിസി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ഈജിപ്തിന്റെ പ്രസിഡന്റായി അബ്ദല്‍ ഫത്താ അല്‍ സിസി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം പ്രസിഡന്റ് പദവി അലങ്കരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത് ഈജിപ്ഷ്യന്‍ പാര്‍ലമെന്റിലാണ് . കഴിഞ്ഞ 13 വര്‍ഷത്തിനിടെ ഈജിപ്ഷ്യന്‍ പാര്‍ലമെന്റില്‍ നടക്കുന്ന ആദ്യ സത്യപ്രതിജ്ഞാ ചടങ്ങാണിത്. 2005ല്‍ ഹോസ്‌നി മുബാറക്കാണ് അവസാനമായി സത്യപ്രതിജ്ഞ ചെയ്തത്. നാലു വര്‍ഷമാണു പ്രസിഡന്റിന്റെ കാലാവധി.
മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെ വോട്ടിന്റെ 97% സ്വന്തമാക്കിയാണു അല്‍ സിസി അധികാരം ഉറപ്പിച്ചത്. ഗാഡ് പാര്‍ട്ടിയുടെ മേധാവി മൂസ മുസ്തഫ മൂസയായിരുന്നു അല്‍ സിസിയുടെ മുഖ്യഎതിരാളി. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന മറ്റു സ്ഥാനാര്‍ഥികളില്‍ പലരും പത്രിക പിന്‍വലിക്കുകയും മറ്റുള്ളവരുടേതു തള്ളിപ്പോകുകയും ചെയ്തിരുന്നു. 2013ല്‍ ഈജിപ്തില്‍ ആദ്യമായി ജനാധിപത്യമാര്‍ഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയുടെ മുസ്‌ലിം ബ്രദര്‍ഹുഡ് സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളത്തില്‍ ഫീല്‍ഡ് മാര്‍ഷല്‍ കൂടിയായ സിസി ഭരണം പിടിച്ചടക്കി. തൊട്ടടുത്ത വര്‍ഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച് സിസി ആദ്യമായി അധികാരത്തിലെത്തി.
https://www.facebook.com/Malayalivartha

























