കുട്ടികളെ തല്ലിയാല്‍ മാതാപിതാക്കള്‍ക്കു ശിക്ഷ

കുട്ടികളെ ഇനി തല്ലി നേരെയാക്കാമെന്ന് കരുതേണ്ട. സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടു വരുന്നു. മാതാപിതാക്കളോ അധ്യാപകരോ, ബന്ധുക്കളോ ഒന്നും കുട്ടിയെ തല്ലാനനുവദിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. സ്വന്തം കുട്ടിയാണെങ്കിലും, തെറ്റു ചെയ്തിട്ടുണ്ടെങ്കിലും അടിക്കുകയോ ശാരീരിക പീഡനം ഏല്‍പിക്കുകയോ ചെയ്താല്‍ തടവു ശിക്ഷയായിരിക്കും നിങ്ങളെ കാത്തിരിക്കുക.
പാശ്ചാത്യ രാജ്യങ്ങളിലെ പോലെ ഇവിടെയും കുട്ടികള്‍ക്ക് മാതാപിതാക്കളെ കോടതി കയറ്റാനും ജയിലിലടയ്ക്കാനും സാധിക്കും. കുട്ടികളെ പേടിച്ച് മാതാപിതാക്കളൊതുങ്ങി കൂടുകയാണ് ബുദ്ധി. കുട്ടികളെ ശിക്ഷിക്കുന്ന മാതാപിതാക്കള്‍ക്ക് ആദ്യ തവണ 5000 രൂപ പിഴയോ ഒരു വര്‍ഷം തടവോ ആണ് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.
നീളന്‍ പുളിമാറലും, ചൂരലും, പേരക്കമ്പുമൊക്കെ പേടിച്ച് അനുസരണ പഠിച്ചിരുന്ന ഒരു തലമുറയുണ്ടായിരുന്നു. അപ്പോഴൊക്കെ ആ ശിക്ഷ കുട്ടികളെ അനുസരിക്കാനും ജീവിക്കാനും പഠിപ്പിച്ചു. എന്നാല്‍ സ്ഫടികം സിനിമയിലെ ചാക്കോമാഷിനെ പോലുള്ള ചില അച്ഛനമ്മമാരുണ്ടായിരുന്നു. അവര്‍ നിശ്ചയിക്കുന്നിടത്ത് കുട്ടികളുടെ സ്വപ്നങ്ങളും പ്രവര്‍ത്തികളുമെത്തണമെന്ന് വാശിപിടിച്ചു. എന്നാല്‍ ഇങ്ങനെ വാശിപിടിച്ച മാതാപിതക്കളുടെ മക്കള്‍ വഴി തെറ്റിപോവുകയും, ചിലര്‍ നാടുവിടുകയുമൊക്കെ ചെയ്തിരുന്നു.
എന്നാല്‍ വലിയ തെറ്റുകളിലേയ്ക്ക് വഴുതി വീഴാതിരിക്കാനുള്ള ചെറിയ ശിക്ഷകള്‍, നൊമ്പരങ്ങള്‍ അച്ഛന്റെയും അമ്മയുടെയും സ്‌നേഹത്തോട് ചേര്‍ത്ത് വച്ചവരാണേറെയും. കുസൃതിത്തരങ്ങള്‍ക്ക്, ചെറിയ മോഷണങ്ങള്‍ക്ക്, കുറുമ്പത്തരങ്ങള്‍ക്ക് എത്രയെത്ര ശിക്ഷകളാണ് പഴയ തലമുറകള്‍ക്ക് പറയാനുണ്ടാവുക. കുട്ടിക്കാലത്തെ ആ നൊമ്പരങ്ങള്‍ പിന്നീട് ജീവിതഫലിതങ്ങളാകും.
സ്വന്തം മക്കളെ എങ്ങനെ ശിക്ഷിക്കണം, അനുസരിപ്പിക്കണം, കേരളത്തിലെ മാതാപിതാക്കള്‍ ചിന്തിച്ചു തുടങ്ങി. കുട്ടികളെ ശിക്ഷിക്കാന്‍ തങ്ങള്‍ക്കവകാശമില്ലേ എന്നു ചോദിക്കുന്നവരും ഏറെ.
കുട്ടികളെ അനുസരണ പഠിപ്പിക്കാന്‍ അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും നാട്ടിലേയ്ക്കു പുറപ്പെടാന്‍ കാത്തു നില്ക്കുന്ന മാതാപിതാക്കളും ഇനിയൊന്നാലോചിക്കും. അടുത്തിടെ നോര്‍വേയില്‍ 7 വയസ്സുകാരനായ മകനെ ശിക്ഷിച്ചതിന്റെ പേരില്‍ 18 മാസക്കാലം ജയില്‍ ശിക്ഷയനുഭവിക്കേണ്ടി വന്ന ആന്ധ്ര സ്വദേശികളായ ചന്ദ്രശേഖര്‍ അനുപമ ദമ്പതികളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
കുട്ടികളെ സ്‌നേഹത്തിലൂടെയും ഉപദേശത്തിലൂടെയും നന്നാക്കാനുപദേശിക്കുന്ന ആധുനിക ശിശു മനശാസ്ത്രജ്ഞരുടെ നിലപാടുകള്‍ ഇന്ത്യയിലും വലിയ മാറ്റങ്ങള്‍ക്കു കാരണമാകും. ചെയ്തതു തെറ്റാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്ന മനശാസ്ത്ര സമീപനമാണ് ക്രൂരമായ ശിക്ഷയേക്കാള്‍ അഭികാമ്യം. ശിക്ഷയില്‍ ക്രൂരത കടന്നു വരുമ്പോള്‍ ലക്ഷ്യം മാറും. മാതാപിതാക്കള്‍ക്ക് തങ്ങളോട് ഇഷ്ടമില്ലാത്തതുകൊണ്ടാണ് അവര്‍ ഉപദ്രവിക്കുന്നതെന്ന തോന്നലുകള്‍ അവരില്‍ അക്രമ വാസന വളര്‍ത്തും. റിബലുകളാവും. ക്രിമിനല്‍ സ്വഭാവത്തിലേക്കും അനാവശ്യ കൂട്ടുകെട്ടിലേയ്ക്കും ചിലര്‍ തിരിയും. മറ്റു ചിലരില്‍ വിഷാദ രോഗവും, ആത്മഹത്യാ സ്വഭാവവും വളരും.
നിയമത്തിന്റെ കണ്ണിലൂടെ നോക്കി കാണേണ്ട ബന്ധമാണോ ഇന്ത്യയില്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമിടയിലുളളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















