മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവം സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ മാതാപിതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. കേസ് സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായോ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനുമായോ ബന്ധമില്ല. ശുഹൈബിനെ വധിക്കാന്‍ കണ്ണൂരിലെ പാര്‍ട്ടി നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന വാദവും അടിസ്ഥാനരഹിതമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ളതാണ്. കേസില്‍ പിടികൂടിയ പ്രതികളെല്ലാം ജയിലിലാണ്. കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങളും പ്രതികള്‍ സഞ്ചരിച്ച വാഹനവും കണ്ടെത്തി. ഇവ കണ്ടെത്തിയിട്ടില്ലെന്ന വാദം തെറ്റാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
നേരത്തെ ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സി.ബി.ഐ അന്വേഷണം അനുവദിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അന്വേഷണം സ്‌റ്റേ ചെയ്യുകയായിരുന്നു. കേസിന്റെ വിചാരണ മധ്യവേനല്‍ അവധിക്ക് ശേഷം തുടങ്ങുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ വിചാരണ തുടങ്ങാനുള്ള കാലതാമസം തെളിവ് നശിപ്പിക്കുന്നതിന് കാരണമാകുമെന്ന് ആരോപിച്ചാണ് ശുഹൈബിന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചത്. സി.ബി.ഐ അന്വേഷണം വേണ്ടന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഫെബ്രുവരി 12നാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ശുഹൈബ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha


























