വനിതാ കമ്മീഷൻ അധ്യക്ഷക്ക് മനുഷ്യവിസർജ്യം അയച്ചു: പി സി ജോർജിനെതിരെ പ്രത്യേക അന്വേഷണ സംഘം

ടോൾ പ്ലാസ അതിക്രമത്തിനും എം എൽ എ ഹോസ്റ്റൽ കാന്റീനിലെ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിനും പിന്നാലെ പി സി ജോർജ് എംഎൽഎക്കെതിരെ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചതാണ് ഇക്കാര്യം.
സംസ്ഥാന വനിതാ കമ്മീഷൻ കാര്യാലയത്തിലേക്ക് അധ്യക്ഷ എം സി ജോസഫൈനെതിരെ ഭീഷണി കത്തും മനുഷ്യവിസർജ്യവും തപാൽ വഴി അയച്ച സംഭവത്തിലാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തി വരുന്നതായി തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസിന്റെതാണ് ഉത്തരവ്. യുവനടിയെ ആക്രമിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ രജിസ്റ്റർ ചെയ്ത ഒരു കേസിനെ തുടർന്നാണ് കമ്മീഷൻ അധ്യക്ഷക്കെതിരെ ദീഷണി കത്തും മനുഷ്യവിസർജ്യവും തപാലിൽ ലഭിച്ചത്. ഇത് ചെയതത് പി സി ജോർജിന്റെ അനുയായികളാണെന്ന് അക്കാലത്ത് ആക്ഷേപമുണ്ടായിരുന്നു. യുവനടിക്കെതിരെ പി സി ജോർജ് സംസാരിച്ചപ്പോൾ ജോസഫൈൻ അതിനെ ചോദ്യം ചെയ്തിരുന്നു. ജോസഫൈനതിരെ ജോർജ് കലി തുള്ളിയതിന്റെ പിന്നാലെയാണ് മനുഷ്യവിസർജ്യം പാർസലായി ലഭിച്ചത്. ജോസഫൈന് നിരന്തരം ഭീഷണി കത്തുകളും വന്നിരുന്നു. ഇതേ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മ്യൂസിയം പോലീസിനായിരുന്നു അന്വേഷണ ചുമതല.
അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പോലീസ് തന്നെ സ്പഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം വേണമെന്ന് ആവശ്യപ്പെട്ടത്. അതിനെ തുടർന്നാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
കമ്മീഷൻ ജില്ലാ പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. മ്യൂസിയം പോലീസ് ക്രൈം 1485/17 നമ്പറായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഐ.പി സിയിലെ വകുപ്പുകളും കേരള പോലീസ് ആക്റ്റിലെ വകുപ്പുകളും ചേർത്ത് അന്വേഷണം നടന്നു വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം പൂർത്തിയാക്കാൻ കാലതാമസം ഉണ്ടാകരുതെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
യുവനടിയെ ആക്രമിച്ച കേസിൽ പി സി ജോർജ് ദിലീപിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha
























