ഗള്‍ഫ് മോഹവുമായി ഒമാനിലേക്കുള്ള യാത്രയുടെ തുടക്കം അഞ്ചു സുഹൃത്തുക്കളുടെ മരണത്തില്‍ അവസാനിച്ചപ്പോള്‍ വേദന കടിച്ചമര്‍ത്തി ജെബിന്‍; മകനെ കണ്ടു കൊതി തീര്‍ന്നില്ല; പുതിയ വീട്ടില്‍ താമസിച്ചു കൊതിതീര്‍ന്നില്ല; ബാക്കിയായത് ജെബിനും സുജിത്തും മാത്രം

ജെബിന്റെ കണ്ണില്‍നിന്ന് നടുക്കം ഇനിയും മാഞ്ഞിട്ടില്ല. ഗള്‍ഫ് മോഹവുമായി ഒമാനിലേക്കുള്ള യാത്രയുടെ തുടക്കമാണ് അഞ്ചുസുഹൃത്തുക്കളുടെ ജീവനൊടുക്കിയതെന്ന തിരിച്ചറിവില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ജെബിന്‍. ജെബിന്റെ സഹോദരനടക്കം അഞ്ചുപേര്‍ പെരുമ്പാവൂരില്‍ നടന്ന അപകടത്തില്‍ മരിച്ചെങ്കിലും സാരമല്ലാത്ത പരുക്കുകളോടെ ജെബിനും സാരമായ പരുക്കോടെ സുഹൃത്ത് സുജിത്തും മാത്രമാണു ബാക്കിയായത്. തലയ്ക്കു പരുക്കേറ്റ സുജിത് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിലാണ്. സുഹൃത്തുക്കളുടെ വിയോഗം ഏറെ വൈകിയാണ് ജെബിനെ അറിയിച്ചത്. വിവരം അറിഞ്ഞതോടെ ജെബിന്‍ അലമുറയിട്ടു കരഞ്ഞു.
കുഞ്ഞുന്നാളിലെ തുടങ്ങിയ സൗഹൃദം വലിയൊരു ദുരന്തത്തില്‍ അവസാനിച്ചപ്പോള്‍ ഇനി ബാക്കി ജെബിനും സുജിത്തും മാത്രം. തന്റെ ഗള്‍ഫ് യാത്ര ദുരന്തമായതറിഞ്ഞ് ജെബിന്‍ പകച്ചുനില്‍ക്കുമ്പോള്‍ പരുക്കുകളോടു മല്ലിട്ട് സുജിത്ത് ആശുപത്രിയില്‍. ജെബിനൊപ്പം വിദേശത്തേക്കു പോകുന്ന വിഷ്ണു, തോമസ് എന്നിവരുമായി ഒരു സംഘം മുന്നില്‍ പോയ കാറിലുണ്ടായിരുന്നു. ഇവര്‍ക്കൊപ്പമെത്താനും വിമാനത്താവളത്തില്‍ വൈകാതിരിക്കാനുമാണ് മഴ ആയിട്ടും അമിതവേഗത്തില്‍ കാര്‍ കുതിച്ചത്. പക്ഷേ ആ വേഗം എല്ലാം അവസാനിപ്പിച്ച നിമിഷത്തിലേക്കുള്ള ഓട്ടപ്പാച്ചിലായിരുന്നു.
കാറിനു പിന്നിലെ സീറ്റില്‍ അഞ്ചുപേരാണുണ്ടായിരുന്നത്. അവര്‍ക്കു നടുവിലാണ് ജെബിന്‍ ഇരുന്നത്. രണ്ടു വര്‍ഷമായി എറണാകുളത്തെ ബേക്കറിയിലെ ജീവനക്കാരനായിരുന്നു ജെബിന്‍. അപകടത്തില്‍ മരിച്ച വിജയ് ആണു കാര്‍ ഓടിച്ചിരുന്നത്. ആറുമാസം മാത്രം പ്രായമായ മകനെ കണ്ടു കൊതി തീരും മുമ്പേ വിജയ്‌യെ വിധി തട്ടിയെടുത്തു. ഏലപ്പാറയിലെ ഡ്രൈവറായ വിജയ് രണ്ടുവര്‍ഷം മുമ്പാണ് അശ്വതിയെ വിവാഹം കഴിച്ചത്. വിജയിയുടെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.
കൂട്ടുകാര്‍ക്കൊപ്പമുള്ള സന്തോഷയാത്ര അന്ത്യയാത്രയായപ്പോള്‍ അവസാനിച്ചുപോയത് ഒരു കുടുംബം മൊത്തമാണ്. തിരുവല്ല ഐ.ടി.ഐയില്‍ നിന്നു മെക്കാനിക്കല്‍ പൂര്‍ത്തിയാക്കിയ കിരണ്‍ ഒരു ജോലിക്കായുള്ള അന്വേഷണത്തിലായിരുന്നു. അമ്മ സുധയും സഹോദരന്‍ സുജിത്തും ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. സഹോദരി ഹരിത എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും. വീട്ടിലുള്ള മുത്തച്ഛന്‍ അച്ചന്‍കുഞ്ഞിനും മുത്തശി അമ്മിണിക്കും ഏക ആശ്രയമായിരുന്നു കിരണ്‍. ജോലി കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിടെയാണ് വിധി വില്ലനാകുന്നത്.
പുതിയ വീട്ടില്‍ താമസിച്ചു കൊതിതീരും മുമ്പേയാണ് ജനീഷ് മടങ്ങിയത്. ജനീഷിന്റെയും അച്ഛന്‍ സ്റ്റീഫന്റെയും ഏറെക്കാലത്തെ സ്വപ്‌നമായിരുന്നു വാസയോഗ്യമായ വീട്. െ്രെഡവര്‍മാരായ ഇരുവരും ഏറെ അധ്വാനിച്ചാണ് സ്വപ്‌നം സാക്ഷാത്കരിച്ചത്. പുതിയ വീട്ടില്‍ താമസിച്ച് കൊതി തീരും മുമ്പേ വിധി ജനീഷിനെ തട്ടിയെടുത്തു. അമ്മ ജിന്‍സ്‌മേരി നേരത്തെ മരിച്ചുപോയതോടെ ഏക സഹോദരി ജനീഷയുടെ താങ്ങും തണലുമായിരുന്നു ജനീഷ്. സ്റ്റീഫന്‍ ഏലപ്പാറയിലെ ആദ്യകാല െ്രെഡവര്‍മാരില്‍ ഒരാളാണ്. പിതാവിന്റെ വഴി ജനീഷും തെരഞ്ഞെടുത്തതോടെ കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ ഒന്നൊന്നായി പൂവണിയുന്നതിനിടെയാണ് വിധി മരണത്തിന്റെ രൂപത്തില്‍ പ്രഹരമേല്‍പ്പിച്ചത്.
തോട്ടം തൊഴിലാളികള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു ഉണ്ണി ഇനി വിളിപ്പുറത്തില്ല. അവരുടെ ഏതാവശ്യത്തിനും ഉണ്ണി വിളിപ്പുറത്തായിരുന്നു. ലയമുറിക്കുള്ളില്‍ അമ്മയ്ക്കും ജ്യേഷ്ഠനുമൊപ്പം ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിനിടയിലാണ് ഇരുവരെയും തനിച്ചാക്കി ഉണ്ണിയുടെ വേര്‍പാട്. ചെമ്മണ്ണ് സെമിനിവാലി എസ്‌റ്റേറ്റിലെ മൊട്ടലയത്തിലാണ് അമ്മ പ്രമീളയും സഹോദരന്‍ അനിയനുമൊപ്പം ഉണ്ണി താമസിച്ചിരുന്നത്. പിതാവ് റോയി രണ്ടു വര്‍ഷം മുമ്പ് ഏലക്കാട്ടില്‍ ജോലിക്കിടെ മരിച്ചിരുന്നു. പിതാവിന്റെ മരണശേഷം സഹോദരനൊപ്പം കൂലിപ്പണി ചെയ്തുവരികയായിരുന്നു. സ്വന്തമായി വീടെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് ഉണ്ണി യാത്രയായത്.
https://www.facebook.com/Malayalivartha
























