തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ തുറക്കാതിരുന്നത് സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയെന്ന് ഉമ്മന്‍ ചാണ്ടി

തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ഒരാഴ്ച മുമ്പെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ കുട്ടനാട്ടിലെ പ്രളയക്കെടുതിക്ക് വലിയ ശമനം ഉണ്ടാകുമായിരുന്നെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ചാണ്ടി പറഞ്ഞു. മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതു വരെ ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വന്നില്ലെന്നത് അത്ഭുതകരമാണ്. ഇത് സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണ്. ഷട്ടറുകള്‍ തുറക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണം.
മുന്‍മന്ത്രി കെ.സി.ജോസഫിനൊപ്പം കുട്ടനാട്ടിലെ പ്രളയബാധിത മേഖലകളും ക്യാമ്ബുകളും സന്ദര്‍ശിച്ച ഉമ്മന്‍ ചാണ്ടി, ജനപ്രതിനിധികളും ജനങ്ങളും മുന്നോട്ടുവച്ചതുള്‍പ്പെടെ 15 നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഓരോ കുടുംബത്തിനും സര്‍ക്കാര്‍ പ്രഖ്യാപിച്ച 3800 രൂപയുടെ സാമ്ബത്തിക സഹായം വീട്ടില്‍ വെള്ളം കയറിയ എല്ലാ കുടുംബങ്ങളുടെയും അക്കൗണ്ടിലേയ്ക്ക് ഉടനെത്തിക്കണം. പല പ്രദേശങ്ങളും രണ്ടാഴ്ചയിലേറെയായി വെള്ളത്തിലായതിനാല്‍ ജനങ്ങളുടെ ആരോഗ്യവും പകര്‍ച്ചവ്യാധി ഉണ്ടാകാനുള്ള സാദ്ധ്യതകളും കണക്കിലെടുത്ത് വാര്‍ഡ്തല സാനിറ്റേഷന്‍ സമിതി മുഖേന ബ്ലീച്ചിംഗ് പൗഡര്‍, ഡെറ്റോള്‍, ലോഷന്‍, വളം കടിക്കുള്ള ഓയില്‍മെന്റ് എന്നിവ ഉടനെ വിതരണം ചെയ്യണം. പ്രാഥമികാരോഗ്യ- കുടുംബക്ഷേമ കേന്ദ്രങ്ങളില്‍ ജീവനക്കാരുടെ ഒഴിവുകള്‍ ഉടനെ നികത്തണം. ആവശ്യമായ മരുന്നുകള്‍ നല്‍കാനും മെഡിക്കല്‍ ക്യാമ്ബുകള്‍ നടത്താനും നടപടി വേണം.
കുടിവെള്ളക്ഷാമവും ശുദ്ധജലം ലഭിക്കാനുള്ള സാദ്ധ്യതയില്ലായ്മയും പരിഗണിച്ച് വരള്‍ച്ചാകാലത്തേത് പോലെ ലോറിയിലും ബോട്ടിലും വള്ളത്തിലും സിന്റക്‌സ് ടാങ്കുകളില്‍ വെള്ളം എത്തിക്കണം. വീടുകളില്‍ വെള്ളം കയറി ടോയ്ലറ്റുകള്‍ പോലും നിറഞ്ഞ് കവിഞ്ഞും തകര്‍ന്നും പ്രാഥമിക സൗകര്യങ്ങള്‍ക്ക് അവസരമില്ലാത്തതിനാല്‍ ടോയ്ലറ്റുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഓരോ വീടിനും 5000 രൂപയെങ്കിലും നല്‍കണം. പ്രളയബാധിത ജില്ലകളായി പ്രഖ്യാപിച്ച കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കൃഷിനാശം സംഭവിച്ചവരില്‍ ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാത്തവര്‍ക്കും നഷ്ടപരിഹാരം നല്‍കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവാക്കാന്‍ പെര്‍മിസീവ് സാങ്ഷനും കൂടുതല്‍ ഫണ്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























