കമ്പക്കാനം കൂട്ടക്കൊലയിൽ രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് കൃഷ്ണനുമായി അടുത്ത ബന്ധമുള്ള രണ്ടുപേർ; ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന പോലീസ് സംഘം ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു... മൊബൈൽ ഫോൺ കേന്ദ്രികരിച്ച് അന്വേഷണം പുരോഗമിക്കുന്നു

കമ്പക്കാനം കൂട്ടക്കൊലയിൽ രണ്ടുപേർ അറസ്റ്റിൽ. കസ്റ്റഡിയിലുള്ളവരിൽ ഒരാൾ നെടുക്കണ്ടം സ്വദേശിയാണ്. കാളിയാർ സ്റ്റേഷനിൽ ചോദ്യം ചെയ്യൽ തുടരുന്നു. ഇതോടെ രണ്ടുപേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പിടിയിലായത് കൃഷ്ണനുമായി അടുത്ത ബന്ധമുള്ള ആളാണ്. മൊബൈൽ ഫോൺ കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംശയമുള്ള 22 പേരുടെ പട്ടിക തയ്യാറാക്കി.
ഇവരെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ നാലുപേരും കൊല്ലപ്പെട്ടത് തിങ്കളാഴ്ച രാവിലെ ആകാമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മൃതദേഹങ്ങൾക്ക് ഒന്നര ദിവസത്തെ പഴക്കമുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അതേസമയം കൃഷ്ണനെയും കുടുംബാംഗങ്ങളെയും തിങ്കളാഴ്ച രാവിലെ മുതൽ കാണാനില്ലെന്ന നാട്ടുകാരുടെ മൊഴിയും പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളുമായി പൊരുത്തപ്പെടുന്നുമില്ല.
കൊലപാതകം നടന്നത് തിങ്കളാഴ്ച പകലും ശരീരങ്ങൾ മറവ് ചെയ്തത് അന്ന് രാത്രിയിലുമായിരിക്കണെന്നാണ് നിഗമനം. പകൽ സമയത്തും പെട്ടന്ന് ആരുടെയും ശ്രദ്ധപതിയാത്ത സ്ഥലത്താണ് കൃഷ്ണന്റെ വീട് സ്ഥിതിചെയ്യുന്നത് എന്നതിനാൽ ഇത്തരമൊരു സാദ്ധ്യതയും തള്ളിക്കളയാനാവില്ല. എളുപ്പത്തിൽ മുറ്റത്തേക്കും അവിടെനിന്ന് പടിക്കെട്ടുകൾ ഇറങ്ങി കുഴിയുടെ ഭാഗത്തേക്കും മൃതദേഹം എത്തിക്കാനുള്ള സൗകര്യത്തിനായി അടുക്കളയിൽ സൂക്ഷിച്ചതാകമെന്നാണ് പൊലീസിന്റെ നിഗമനം. മരിച്ച നാലുപേരുടേയും ശരീരത്ത് അണിഞ്ഞിരുന്നതും വീട്ടിനുള്ളിലെ അലമാരയിലും സൂക്ഷിച്ചിരുന്നതുമായ നാൽപ്പത് പവനിലേറെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ വിലപിടിപ്പുള്ള സാധനങ്ങളോ പണമെോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ആഭരണങ്ങൾ കണ്ടെത്താൻ സാധിക്കാത്തതിനാൽ കൊലപാതകത്തിന് പിന്നിൽ കവർച്ചാ ലക്ഷ്യം അനുമാനിക്കുന്നുണ്ടെങ്കിലും അതുമാത്രമാകില്ലെന്നാണ് പൊലീസ് പറയുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ കൃത്യം നടത്തിയതാകാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല. അതേസമയം വാക്കുതർക്കമോ അപ്രതീക്ഷിതമായ കൈയ്യേറ്റമോ നടക്കുന്നതിനിടെ ആരെങ്കിലും ഒരാൾ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ പരിഭ്രാന്തിയിൽ പ്രതികളെ തിരിച്ചറിയാതിരിക്കാൻ എല്ലാവരെയും വകവരുത്തിയതാകാമെന്ന സംശയവും പൊലീസിനുണ്ട്.
ശാസ്ത്രിയമായ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്ന് ഡിവൈ.എസ്.പി കെ.പി ജോസ് പറഞ്ഞു. മൃതദേഹങ്ങൾ മറവ് ചെയ്ത സ്ഥലത്തിന് സമീപത്തുനിന്ന് കഠാരയും ഭാരമുള്ള ചുറ്റികയും കണ്ടെത്തിയിരുന്നു. ഇവ കൊലപാതകത്തിന് ഉപയോഗിച്ചതല്ല എന്നാണ് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയത്.
മനപൂർവം അന്വേഷണം വഴിതിരിച്ചുവിടാനുള്ള തന്ത്രമായാണ് പൊലീസ് ഇതിനെക്കാണുന്നത്. അതേസമയം സംഭവസ്ഥലത്ത് നിന്ന് നാലു മൊബൈൽ ഫോണുകൾ കണ്ടെടുത്തിട്ടുണ്ട്. ഇടുക്കി ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ മേൽനോട്ടത്തിൽ തൊടുപുഴ ഡിവൈ.എസ്.പി കെ.പി ജോസ്, തൊടുപുഴ, കാളിയാർ, കാഞ്ഞാർ, കഞ്ഞിക്കുഴി, ഇടുക്കി പൊലീസ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha



























