കൊമ്പുകോര്‍ക്കല്‍...ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം: ടി കെ എ നായര്‍....മതിലുചാടി ശബരിമലയില്‍ കയറിയതിനെ ന്യായീകരിക്കരുത്: അജയ് തറയില്‍

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി ഉപദേശക സമിതി അധ്യക്ഷന്‍ ടി കെ എ നായരും. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള കേസില്‍ സുപ്രീംകോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുന്ന വേളയിലാണ് ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി ടി കെ എ നായരും രംഗത്തുവന്നത്.
41 ദിവസം വ്രതം പൂര്‍ത്തിയാക്കാന്‍ കഴിയില്ലയെന്ന കാരണത്താല്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതെ വിവേചനം കാണിക്കുമ്പോള്‍ ശബരിമലയില്‍ ഇപ്പോള്‍ പ്രവേശിക്കുന്ന ഭക്തരില്‍ 90 ശതമാനവും 41 ദിവസത്തെ വ്രതം പൂര്‍ത്തിയാക്കാത്തവരാണ് ടി കെ എ നായര്‍ പറഞ്ഞു. തലേ ദിവസം വരെ വ്രതം നോക്കാതെ ശബരിമലയ്ക്ക് പോവുകയും തിരികെ വന്ന് സ്്റ്റാര്‍ ഹോട്ടലുകളില്‍ പോകുന്നവരുമാണ് ഇപ്പോഴുള്ള ഭക്തര്‍. ഇത്തരത്തില്‍ നടക്കുമ്പോഴാണ് ശബരിമലയില്‍ 41 ദിവസം വ്രതം പൂര്‍ത്തിയാക്കുന്നില്ലയെന്ന കാരണത്താല്‍ സ്ത്രീകളുടെ പ്രവേശനം വിലക്കുന്നത്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചപ്പോലെ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നും അദേഹം പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്നത് പഴക്കമുള്ള ആചാരമല്ലെന്നും 1940കളില്‍ സ്ത്രീകള്‍ ശബരിമലയില്‍ എത്തിയിട്ടുണ്ടെന്ന് അറിയാമെന്നും ടികെഎ നായര്‍ വ്യക്തമാക്കി
ശബരിമലയില്‍ തന്റെ അമ്മ പ്രവേശിച്ചെന്ന ടികെഎ നായരുടെ പ്രസ്താവനയ്‌ക്കെതിരെ അജയ് തറയില്‍
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ഇന്ത്യയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമോയെന്ന് കോണ്‍ഗ്രസ് നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ അജയ് തറയില്‍. ചിലര്‍ മതിലുചാടി ശബരിമലയില്‍ കടന്നിട്ടുണ്ട്. അങ്ങനെ മതിലുചാടി കയറിയതിനെയാണ് ടി.കെ.എ നായര്‍ ന്യായീകരിക്കുന്നതെന്നും അജയ് തറയില്‍ പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് വിവേചനമാണെന്ന പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ശബരിമല ഉപദേശകസമിതി ചെയര്‍മാനുമായ ടികെഎ നായരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അജയ് തറയില്‍. ശബരിമലയില്‍ വച്ചാണ് തന്റെ ചോറൂണ് ചടങ്ങ് നടത്തിയതെന്നും അമ്മയുടെ മടിയിലിരുന്നാണ് താന്‍ ചോറുണ്ടതെന്നും ടികെഎ നായര്‍ പറഞ്ഞിരുന്നു. മതിലുചാടി അകത്തുകടന്ന് ഞാന്‍ അപ്പം കട്ടില്ലേ എന്നു പറയുമ്പോള്‍ അപ്പം തിന്നത് ന്യായം എന്നതിന് അര്‍ത്ഥമില്ലെന്നാണ് ടികെഎ നായര്‍ക്കെതിരെ അജയ് തറയിലിന്റെ വിമര്‍ശനം.
ഭരണഘടനാപരമായ സമത്വവും ലിംഗപരമായ സമത്വവുമല്ല ശബരിമലയിലെ പ്രശ്‌നമെന്ന് അജയ് തറയില്‍ വിശദീകരിക്കുന്നു. 825 വര്‍ഷം മുമ്പ് പന്തളം രാജാവും മധുര രാജാവും കൂടി ശബരിമല ക്ഷേത്രം സ്ഥാപിച്ചപ്പോള്‍ മുതല്‍ അവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. അയ്യപ്പന്‍ നൈഷ്ടിക ബ്രഹ്മചാരിയായി സന്യാസിരൂപത്തില്‍ ഭസ്മത്തില്‍ പൊതിഞ്ഞ് ജപദണ്ഡുമായി ഇരിക്കുന്ന പ്രതിഷ്ഠയാണ് ശബരിമലയിലേത്
ഇന്ത്യയും ഇന്ത്യന്‍ ഭരണഘടനയും ഉണ്ടാകുന്നതിന് മുമ്പുള്ള ആചാരമാണ് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ല എന്നുള്ളത്. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. പന്തളം രാജകൊട്ടാരത്തിലെ സ്ത്രീകള്‍ ഒരിക്കലും ശബരിമലയില്‍ പ്രവേശിച്ചിട്ടില്ലെന്ന് ഓര്‍ക്കണമെന്നും അജയ് തറയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























