സ്വപ്നം കൊണ്ട് പടുത്തുയർത്തിയ വീട്ടിൽ താമസിച്ച് കൊതി തീരും മുൻപാണ് അവള്‍ മരിച്ചത്... സ്വന്തമായി ഒരു വീട് നിര്‍മിച്ചതോടെ സുശീല വളരെ സന്തോഷവതിയായിരുന്നു; കൃഷ്ണനും കുടുംബത്തിനും കൊലയാളികള്‍ കൊന്നു കുഴിച്ചുമൂടിയ കുഴിക്കു സമീപം വലിയ കുഴിയൊരുക്കി ഒരേകുഴിയില്‍ അന്ത്യവിശ്രമം; ദോഷങ്ങള്‍ മാറ്റുന്ന ക്രിയകള്‍ ചെയ്ത് മകളുടെ വിവാഹത്തിനായി 40 പവനോളം സ്വര്‍ണം വാങ്ങിയിരുന്നു... കൊലപാതക ശേഷം വീട്ടിൽ നിന്നും കണ്ടെടുത്തത് ആർഷയുടെ മൂക്കുത്തി മാത്രം

വർഷങ്ങളായുള്ള അവരുടെ സ്വപ്നമായിരുന്നു ഒരു വീട്. അഞ്ചു സഹോദരിമാരില്‍ ഏറ്റവും കൂടുതല്‍ വീട്ടുകാരുടെ കരുതലും സ്‌നേഹവുമേറ്റാണ് സുശീല വളര്‍ന്നത്. 25 വര്‍ഷങ്ങള്‍ക്കുമുമ്പ് വലിയൊരുതുക സ്ത്രീധനമായി നല്‍കിയാണ് സുശീലയെ കൃഷ്ണന് വിവാഹം ചെയ്തു നല്‍കിയത്.
കൃഷ്ണന് എടുത്തുപറയത്തക്ക പണികള്‍ ഇല്ലാത്തതിനാല്‍ സ്വര്‍ണവും മറ്റും വിറ്റാണ് കമ്പകക്കാനത്ത് ഒരേക്കര്‍ സ്ഥലം വാങ്ങുന്നത്. പിന്നീട് 17 വര്‍ഷക്കാലത്തോളം ഈ സ്ഥലത്ത് ഷെഡ് കെട്ടിയാണ് കൃഷ്ണനും സുശീലയും രണ്ടു കുട്ടികളും താമസിച്ചത്. 2015 ഏപ്രില്‍ മാസമാണ് ഷെഡ് പൊളിച്ച് ഇവരുടെ ചിരകാല സ്വപ്‌നമായ വീട് നിര്‍മിച്ചത്. സ്വന്തമായി ഒരു വീട് നിര്‍മിച്ചതോടെ സുശീല വളരെ സന്തോഷവതിയായിരുന്നതായി ഓമന പറഞ്ഞു.
ദോഷങ്ങള്‍ മാറ്റുന്ന ക്രിയകള്‍ കൃഷ്ണന്‍ ചെയ്തിരുന്നതായി സുശീല തങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇതില്‍ നിന്നും കിട്ടുന്ന വരുമാനം സ്വരുക്കൂട്ടി മകളുടെ വിവാഹത്തിനായി 40 പവനോളം സ്വര്‍ണം വാങ്ങിയത് കഴിഞ്ഞ ഏപ്രില്‍ മാസം നടന്ന അടുത്ത ബന്ധുവിന്റെ വിവാഹവേളയില്‍ സുശീല കാണിച്ചതായി ഓമന പറഞ്ഞു. സ്വന്തമായി കയറിക്കിടക്കാന്‍ വീട് പണിതതോടെയാണ് തങ്ങള്‍ക്ക് സര്‍വ ഐശ്വര്യങ്ങും വന്നെത്തിയതെന്ന് എപ്പോഴുംസുശീല പറഞ്ഞിരുന്നതായി ഓമന ഓര്‍ത്തെടുത്തു.
എന്നാല്‍ ആ വീട്ടില്‍വെച്ചു തന്നെ ഇങ്ങനെ സംഭവിച്ചല്ലോയെന്ന് പറഞ്ഞപ്പോള്‍ ഓമനയുടെ വാക്കുകള്‍ മുറിഞ്ഞു. അവള്‍ മരിച്ചത് ഇവിടെ കൊതി തീരെ ജീവിക്കാതെയാണെന്ന് പലതവണ പിറുപിറുത്താണ് ഓമന സംസ്‌കാരത്തിനെത്തിയത്. റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, റോയി കെ.പൗലോസ്, ആര്‍ഷയുടെയും അര്‍ജുന്റെയും സുഹൃത്തുക്കള്‍ സഹപാഠികള്‍ തുടങ്ങിയവര്‍ അന്ത്യമോപചാരമര്‍പ്പിച്ചു. പ്രദേശവാസികള്‍ മുഴുവനും അവിടേക്ക് ഒഴുകിയെത്തി.
തിങ്കളാഴ്ച പുലര്‍ച്ചെ അരുംകൊല ചെയ്യപ്പെട്ട കാനാട്ട് കൃഷ്ണന്‍ (52), സുശീല (50), ആര്‍ഷ (21), അര്‍ജുന്‍ (18) എന്നിവര്‍ക്കാണ് നാട് വേദനയോടെ ഇന്നലെ വിടചൊല്ലിയത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാലു മൃതദേഹങ്ങളും വഹിച്ചുകൊണ്ട് ആംബുലന്‍സ് കൊല്ലപ്പെട്ട കൃഷ്ണന്റെ സഹോദരനായ യജ്‌ഞേശ്വരന്റെ വീട്ടിലെത്തിയത്. മൃതദേഹങ്ങള്‍ വാഹനത്തില്‍നിന്ന് ഓരോന്നായി പുറത്തെടുക്കാന്‍ തുടങ്ങിയതോടെ ബന്ധുമിത്രാദികള്‍ വിങ്ങിപ്പൊട്ടി.
പ്രിയപ്പെട്ടവരുടെ മൃതദേഹം കാണാന്‍ അനുവദിക്കണമെന്ന് സുശീലയുടെ സഹോദരിമാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ശവപ്പെട്ടി തുറന്നെങ്കിലും ദുര്‍ഗന്ധം വമിച്ചതിനാല്‍ അപ്പോള്‍ തന്നെ മറച്ചു. തുടര്‍ന്ന് അന്തിമ ഉപചാരങ്ങള്‍ അര്‍പ്പിച്ചതിനുശേഷം സഹോദരന്റെ വീട്ടില്‍ നിന്നും മുന്നൂറു മീറ്റര്‍ അകലെയുള്ള കൃഷ്ണന്റെ വീട്ടിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയി. വീട്ടിലേക്ക് വാഹനങ്ങള്‍ കയറിച്ചെല്ലാന്‍ കഴിയാത്തതിനാല്‍ ഇടുങ്ങിയ വഴിയിലൂടെ ചുമന്നാണു നാലു മൃതദേഹങ്ങളും വീട്ടുവളപ്പില്‍ എത്തിച്ചത്.
https://www.facebook.com/Malayalivartha



























