മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ മാറ്റിവയ്ക്കണമെന്ന് കേരളമൊന്നാകെ പറയുമ്പോഴും,ഓണാഘോഷത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തവർക്ക് വൻ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് കണക്കുകൂട്ടൽ; ഓണാഘോഷം മാറ്റിവച്ചാൽ അത് ടൂറിസം മേഖലയെ കാര്യമായി ബാധിക്കുമെന്ന ആശങ്കയിലും ഓണാഘോഷചർച്ചകൾ സജീവമാകുന്നു...

പ്രളയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ ഓണാഘോഷം മാറ്റി വയ്ക്കാൻ തയ്യാറാവില്ല. സി പി എമ്മിന്റെ തിരുവനന്തപുരത്തെ പ്രാദേശിക നേതാക്കൾ ഇതിനകം ഓണാഘോഷത്തിന്റെ ക്വട്ടേഷൻ ഏറ്റെടുത്തു കഴിഞ്ഞു. ഇടുക്കിയിലും വയനാട്ടിലും മഴ കുറഞ്ഞ പശ്ചാത്തലത്തിൽ ഓണാഘോഷം മാറ്റിവയ്ക്കേണ്ടതില്ലെന്ന തീരുമാനമെടുക്കാൻ സർക്കാരിൽ സി പി എം നേതാക്കൾ സമ്മർദ്ദം തുടങ്ങിക്കഴിഞ്ഞു.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഓണാഘോഷം മാറ്റി വയ്ക്കുന്നതിൽ താത്പര്യമില്ല. ടൂറിസം മന്ത്രി തിരുവനന്തപുരത്തുകാരനായതിനാൽ അദ്ദേഹത്തിനും ഓണാഘോഷം സംഘടിപ്പിക്കുന്നതിനോടാണ് താത്പര്യം. 30 കോടിയാണ് ഓണം ഘോഷിക്കാൻ സർക്കാർ നീക്കിവച്ചിരിക്കുന്നത്. അതിനിടെ സി പി ഐ ക്കും ഓണം ആഘോഷിക്കുന്നതിനോട് താത്പര്യക്കുറവുണ്ടെന്ന വാർത്തകൾ പുറത്തു വന്നു കഴിഞ്ഞു.
അങ്ങനെയാണെങ്കിൽ ഓണാഘോഷം റദ്ദാക്കാൻ സാധ്യതയുണ്ടോ എന്ന് കണ്ടറിയണം. ഓണാഘോഷം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യത്വം വറ്റിപ്പോകാത്താവർ അവശേഷിക്കുന്നുണ്ടെങ്കിൽ ഓണാഘോഷത്തെ എതിർക്കുകയേയുള്ളു.
30 കോടിയുടെ സംവിധാനങ്ങളും നടപ്പിലാക്കുന്നത് സി പി എമ്മിന്റെ പ്രാദേശിക നേതാക്കളാണ്. തിരുവനന്തുരത്തെ പ്രമുഖ നേതാക്കൾ ഇതിനാവശ്യമായ ചേരുവകളുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്നവരെ ക്ഷണിച്ചും കഴിഞ്ഞു. അതിനിടെയാണ് അപ്രതീക്ഷിതമായി പ്രളയ ദുരന്തം എത്തിയത്. ഇനി പരിപാടികൾ റദ്ദാക്കിയാൽ ലക്ഷങ്ങൾ പോകും എന്നാണ് നേതാക്കൾ പറയുന്നത്.എന്തു വില കൊടുത്തും പരിപാടികൾ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉണ്ടാകാത്തതിനാൽ അദ്ദേഹത്തിന് പരിപാടിയോട് അമിതമായ താത്പര്യമില്ല. പ്രധാനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ താത്പര്യം തന്നെയാണ്. ടൂറിസം വാരാഘോഷമാണ് ഒരു ടൂറിസം മന്ത്രിയുടെ ബ്രാന്റ് പരിപാടി.വിദേശികളെ ആകർഷിക്കുന്നതാണ് ഉദ്ദേശമെങ്കിലും പ്രളയ ദുരന്തങ്ങളുടെ പേരിൽ വിദേശികൾ എത്താനുള്ള സാധ്യത കുറവാണ്. ടൂറിസം വാരാഘോഷം വരുമ്പോഴാണ് പ്രാദേശിക നേതാക്കൾ സാമ്പത്തികമായി ശക്തി നേടുന്നത്. സ്വന്തം പാർട്ടിക്കാരെ സഹായിക്കാനുള്ള ഒരു അവസരം എന്ന നിലയിൽ നേതാക്കൾ ആരും അത്തരം പരിപാടികൾക്ക് പാര പണിയാറില്ല.
https://www.facebook.com/Malayalivartha
























