പ്രളയദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ഓഗസ്റ്റ് 29ന് തിരുവനന്തപുരത്ത് ആദരിക്കുമെന്ന് മുഖ്യമന്ത്രി; നാട്ടിലേക്കുവന്ന അതിഥി തൊഴിലാളികള്‍ക്കു ഭക്ഷണം നല്‍കാനും നടപടികള്‍

പ്രളയദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികളെആദരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ഓഗസ്റ്റ് 29ന് തിരുവനന്തപുരത്ത് ആദരം നല്‍കും. രക്ഷാപ്രവര്‍ത്തനത്തില്‍ യുവജനങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ യുവത്വം മനുഷ്യത്വത്തിന്റെ പാതയിലാണെന്നാണ് ഇതു കാണിക്കുന്നത്. മോട്ടോര്‍ വാഹന തൊഴിലാളികളും രക്ഷാപ്രവര്‍ത്തനങ്ങളുമായി സഹകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാട്ടിലേക്കുവന്ന അതിഥി തൊഴിലാളികള്‍ക്കു ഭക്ഷണം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കും. വീടുകളില്‍ താമസിക്കാന്‍ സാധിക്കാത്തതിനാല്‍ വെള്ളമിറങ്ങിയിട്ടും പല കുടുംബങ്ങളും ക്യാംപുകളിലാണ്. പുനരധിവാസം കാര്യക്ഷമമാക്കണം. ഇത് മുന്‍കൂട്ടി കണ്ടാണു പ്രവര്‍ത്തനങ്ങള്‍ നേരത്തേ തുടങ്ങാന്‍ നടപടികളെടുത്തത്. വീടുകളിലേക്കു മടങ്ങിയെത്താനുള്ള സാഹചര്യമാണു പലയിടത്തും. വീടുകളിലേക്കു പോകുമ്പോള്‍ എല്ലാ കാര്യങ്ങളും പരിശോധിക്കണം. അല്ലെങ്കില്‍ അപകടങ്ങള്‍ക്ക് ഇടയുണ്ടാകും. തിരികെ പോകുന്നവര്‍ക്ക് അവശ്യ സാധനങ്ങളുടെ കിറ്റ് നല്‍കും.
ദുരന്തത്തിന്റെ സാഹചര്യത്തില്‍ ഓണാഘോഷം സര്‍ക്കാര്‍ വേണ്ടെന്നുവച്ചു. ആര്‍ഭാടകരമായ ചടങ്ങുകള്‍ പൊതുവെ ഒഴിവാക്കണം. സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം ആ രീതിയിലാണു പ്രകടിപ്പിക്കേണ്ടത്. അതിന്റെ തുക ദുരിതാശ്വാസ നിധിയിലേക്കു നല്‍കണം. വീടുപേക്ഷിച്ച് ആളുകള്‍ പോയപ്പോള്‍ അവിടെ ചിലര്‍ കയറുന്ന അവസ്ഥ അപൂര്‍വമായി ഉണ്ട്. ഇതു പാടില്ല. ദുരിതാശ്വാസത്തിന് എന്നു പറഞ്ഞ് ഫണ്ട് ശേഖരിക്കാന്‍ ചില തെറ്റായ രീതികള്‍ സ്വീകരിക്കുന്നുണ്ട്. ഇത്തരം രീതികള്‍ അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























