ദുരിതാശ്വാസ ക്യാംപുകളില്‍ സംഘടനകളുടെ അടയാളങ്ങളുമായി കയറുന്നതിനെതിരെ മഖ്യമന്ത്രി; ക്യാംപുകള്‍ വീടുപോലെയാണ്; അവിടേക്കു പുറത്തുനിന്നുള്ള ആളുകളെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

ദുരിതാശ്വാസ ക്യാംപുകളില്‍ ചില സംഘടനകള്‍ അവരുടെ അടയാളങ്ങളുമായി കയറുന്നത് അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ക്യാംപിലെ അന്തേവാസികളെ സഹായിക്കാന്‍ കൊണ്ടുവരുന്ന വസ്തുക്കള്‍ ചുമതലയുള്ള ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയാണു വേണ്ടത്. അവ നേരിട്ടു വിതരണം ചെയ്യാന്‍ ശ്രമിക്കരുത് മുഖ്യമന്ത്രി പറഞ്ഞു.
ക്യാംപിലുള്ളവരെ പുറത്തേക്കു വിളിച്ചിറക്കി സംസാരിക്കുന്നതിനു വിലക്കില്ല. ക്യാംപിനുള്ളിലേക്കു കയറുന്നതു ശരിയല്ല. ക്യാംപുകള്‍ വീടുപോലെയാണ്. അവിടേക്കു പുറത്തുനിന്നുള്ള ആളുകളെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണം വേണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ ക്യാംപിലും പൊലീസ് കാവലുണ്ടാകും. സഹായ സന്നദ്ധരായി ചെല്ലുന്നവര്‍ അവരുടെ തിരിച്ചറിയല്‍ കാണിക്കുന്നതിനുള്ള പ്രത്യേക വേഷങ്ങള്‍ ഉപയോഗിക്കേണ്ടതില്ല.
ദുരിതാശ്വാസത്തിനായി പണം ശേഖരിക്കുന്നുവെന്ന പേരില്‍ ചില തെറ്റായ രീതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേകമായി ദുരിതാശ്വാസനിധി പിരിക്കുന്നത് ഒഴിവാക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നേരിട്ട് തുക നല്‍കുക എന്ന രീതി സ്വീകരിക്കുന്നതായിരിക്കും ഉചിതമെന്നും മുഖ്യമന്ത്രി പറഞ്ഞു
https://www.facebook.com/Malayalivartha


























