മഴക്കെടുതിയില്‍ കെഎസ്ഇബിയുടെ നഷ്ടം 470 കോടി; അഞ്ചു ചെറുകിട വൈദ്യുതി നിലയങ്ങള്‍ വെള്ളം കയറി തകര്‍ന്നു; മുടങ്ങിയ പ്രദേശങ്ങളില്‍ വിതരണം യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിക്കുമെന്ന് കെഎസ്ഇബി

പ്രളയക്കെടുതിയില്‍ വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളില്‍ വിതരണം യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിക്കുമെന്ന് കെഎസ്ഇബി. തകര്‍ന്ന വൈദ്യുതി വിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകീകരിച്ച് നടപ്പിലാക്കാന്‍ 'മിഷന്‍ റീകണക്റ്റ്' എന്ന പേരില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ താമസം നേരിടുന്ന വീടുകളില്‍ എര്‍ത്ത് ലീക്കേജ് സര്‍ക്ക്യൂട്ട് ബ്രേക്കര്‍ ഉള്‍പ്പടുത്തി ഒരു ലൈറ്റ് പോയിന്റും പ്ലഗ് പോയിന്റും മാത്രമുള്ള താല്‍കാലിക സംവിധാനത്തിലൂടെ വൈദ്യുതി നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. തെരുവുവിളക്കുകള്‍ കേടായ ഇടങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സാധനങ്ങള്‍ നല്‍കുന്ന മുറയ്ക്കു സൗജന്യമായി അവ സ്ഥാപിക്കു. കൂടാതെ സെക്ഷന്‍ ഓഫീസുകള്‍, റിലീഫ് ക്യാംപുകള്‍, മറ്റു പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്കു സൗജന്യമായി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്തും. വൈദ്യുതി വിതരണം പൂര്‍വസ്ഥിതിയിലാക്കാന്‍ വൈദ്യുതി ബോര്‍ഡും ജീവനക്കാരും അവധി ദിവസങ്ങള്‍ പൂര്‍ണമായി ഒഴിവാക്കും.
വിതരണവിഭാഗം ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം വൈദ്യുതി ഭവനില്‍ 24 മണിക്കൂറും പ്രത്യേക വിഭാഗം ഇതിനായി പ്രവര്‍ത്തിക്കും. കല്‍പറ്റ, തൃശൂര്‍, ഇരിഞ്ഞാലക്കുട, പെരുമ്പാവൂര്‍, എറണാകുളം, തൊടുപുഴ, ഹരിപ്പാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ഇലക്ട്രിക്കല്‍ സര്‍ക്കിളുകളില്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലും, പ്രശ്‌നബാധിത പ്രദേശങ്ങളിലെ സെക്ഷനുകളില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലും പ്രത്യേക സമിതികള്‍ മേല്‍നോട്ടം നല്‍കും. എല്ലാ ജില്ലയിലും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചീഫ് എന്‍ജിനീയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
മഴക്കെടുതിയില്‍ 470 കോടി രൂപയുടെ നഷ്ടം ഉണ്ടായി. വൈദ്യുതി ഉപകരണങ്ങള്‍ തകര്‍ന്നതിലൂടെയുള്ള നഷ്ടം 350 കോടിരൂപ. 28 സബ് സ്‌റ്റേഷനുകളും അഞ്ച് ഉല്‍പാദന നിലയങ്ങളും പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. അഞ്ചു ചെറുകിട വൈദ്യുതി നിലയങ്ങള്‍ വെള്ളം കയറി തകര്‍ന്നു.
വൈദ്യുതി വിതരണ മേഖലയില്‍ പതിനായിരം ട്രാന്‍സ്‌ഫോമറുകള്‍ വെള്ളപ്പൊക്കവും പേമാരിയും മൂലം അപകടം ഒഴിവാക്കാനായി ഓഫ് ചെയ്തു. വെള്ളപ്പൊക്കം ഒഴിഞ്ഞ പ്രദേശങ്ങളില്‍ ഇതുവരെയായി 4,500 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചു. 1,200 ട്രാന്‍സ്‌ഫോര്‍മറുകള്‍ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. വയറിങ് സംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷം എത്രയും പെട്ടെന്നു കണക്ഷനുകള്‍ പുനഃസ്ഥാപിക്കും.
ഇതിനായി സര്‍വീസില്‍ നിന്നും വിരമിച്ച ജീവനക്കാരുടെയും മറ്റ് ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നുള്ള ജീവനക്കാരുടെയും കരാറുകാരുടെയും സേവനം ലഭ്യമാക്കും. തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും ജീവനക്കാരെയും ട്രാന്‍സ്‌ഫോര്‍മറുകള്‍ അടക്കമുള്ളവയുംനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. പവര്‍ഗ്രിഡ്, എന്‍ടിപിസി, റ്റാറ്റാ പവര്‍, എല്‍ ആന്റ് ടി, സീമന്‍സ് തുടങ്ങിയ സ്ഥാപനങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കണക്ഷന്‍ പുനഃസ്ഥാപിക്കുന്നതിനു മുന്‍പായി വയറിങ് സംവിധാനവും, വൈദ്യുതി ഉപകരണങ്ങളും പരിശോധിച്ച് അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഇലക്ട്രീഷ്യന്‍മാരുടെ സേവനവും സന്നദ്ധ സംഘടനകളുടെ സേവനവും ലഭ്യമാക്കാന്‍ പ്രാദേശികമായ സഹായം കെഎസ്ഇബി അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha


























