കേരളത്തിന് ഇനിയൊരു ദുരന്തം താങ്ങാനാവില്ല; തിരുവോണപൂജയ്ക്ക് ശബരിമല നട തുറക്കുമ്പോള്‍ ഭക്തരെ അനുവദിക്കേണ്ടെന്ന് ഹൈക്കോടതി

ശബരിമലയിലേക്ക് തിരുവോണപൂജ തൊഴാനായി ഭക്തരെ അനുവദിക്കേണ്ടെന്ന് ഹൈക്കോടതി. പമ്പയിലും മറ്റുപലസ്ഥലത്തും റോഡ് അപകടാവസ്ഥയിലായതിനാല്‍, ഓഗസ്റ്റ് 23 മുതല്‍ 27 വരെ തിരുവോണപ്പൂജയ്ക്ക് ശബരിമല നട തുറക്കുമ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കോടതിയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഭക്തര്‍ ശബരിമലയിലേക്ക് എത്തരുതെന്നും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അറിയിച്ചു.അപകടസാധ്യത ചൂണ്ടിക്കാട്ടി ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതി സ്വമേധയാ ഹര്‍ജിയാക്കുകയായിരുന്നു.
കേരളത്തിന് ഇനിയൊരുദുരന്തം താങ്ങാനാവില്ലെന്ന് കോടതി വിലയിരുത്തി. അപകടസാധ്യത അറിയാതെ ഭക്തരെത്തിയാല്‍ നിലയ്ക്കല്‍വെച്ച് തിരിച്ചയക്കാനാണ് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമുള്ള നിര്‍ദേശം.
ഓഗസ്റ്റ് 14 മുതല്‍ പെയ്ത കനത്തമഴയില്‍ പമ്പയിലും പരിസരത്തും പാലങ്ങള്‍ക്കും റോഡുകള്‍ക്കും കനത്ത നാശമുണ്ട്. വൈദ്യുതി, ആശയവിനിമയ സംവിധാനം മുടങ്ങി. പമ്പാനദി വഴിമാറി പമ്പ നടപ്പന്തലിലൂടെയും സര്‍വീസ് റോഡിലൂടെയും ഒഴുകി. ത്രിവേണി പാലത്തിനടുത്ത് പമ്പ മുന്‍പ് ഒഴുകിയ ഇടത്ത് ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞുകൂടി. പമ്പവഴി ശബരിമലയില്‍ എത്താനാവില്ല. രാമമൂര്‍ത്തി മണ്ഡപം, ശൗചാലയസമുച്ചയം എന്നിവ തകര്‍ന്നു.

ളാഹമുതല്‍ പമ്പവരെയുള്ള റോഡ് പലേടത്തും മണ്ണിടിഞ്ഞ് നാശമായി. പ്ലാത്തോട്, അട്ടത്തോട് എന്നിവിടങ്ങളില്‍ റോഡില്‍ വിള്ളലുണ്ട്. ഇതുവഴി വാഹനഗതാഗതം അപകടകരമാണ്. ഇപ്പോഴത്തെ അവസ്ഥയും അടിസ്ഥാനസൗകര്യത്തിനുപറ്റിയ നാശവും വിലയിരുത്തിയാല്‍ ശബരിമലയിലെത്തുന്ന ഭക്തര്‍ അപകടത്തില്‍പ്പെടും. അതിനാല്‍ ഭക്തരെത്തുന്നത് തടയാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നായിരുന്നു സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് .
https://www.facebook.com/Malayalivartha
























